തൃശൂര്‍: മരത്തിന് മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയ യുവാവിനെ ഫയര്‍ഫോഴ്സും പോലീസും ചേര്‍ന്ന് താഴെയിറക്കി. ചാലക്കുടി സ്വദേശി മാത്യു വടാശ്ശേരിയാണ് ഇന്നലെ പന്ത്രണ്ടുമണിയോടെ കളക്ട്രേറ്റിന് മുന്നിലെ പാര്‍ക്കിലുള്ള മരത്തില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയത്. കയ്യില്‍ ഒരുകുപ്പി പെട്രോളുമായാണ് മരത്തില്‍ കയറിയത്. സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ത്ത മുഖ്യമന്ത്രിയും ജില്ലയില്‍ നിന്നുള്ള മന്ത്രി എ.സി.മൊയ്തീനും രാജിവെക്കണമെന്നായിരുന്നു ഇയാളുടെ ആവശ്യം. വിവിധ ആവശ്യങ്ങളുന്നയിച്ച ഫഌക്സും ഇയാള്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
യുവാക്കളെ വഴിതെറ്റിക്കുന്ന ന്യൂജനറേഷന് ബാങ്കുകളുടെ ജില്ലയിലെ ബ്രാഞ്ചുകള്‍ അടച്ചുപൂട്ടണമെന്നായിരുന്നു ഇയാളുടെ മറ്റൊരാവശ്യം. മാധ്യമങ്ങള്‍ സമൂഹത്തോട് നീതിപുലര്‍ത്തണമെന്നും വാര്‍ത്തകള്‍ വളച്ചൊടിക്കരുതെന്നുമായിരുന്ന മറ്റൊരഭ്യര്‍ത്ഥന. സംഭവമറിഞ്ഞ് പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി താഴെയിറങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല. ഇതിനിടെ ഫയര്ഫോഴ്സുകാര് മരത്തില്‍ കയറി ഇറക്കാന്‍ ശ്രമിക്കുന്നതിനിടെ പെട്രോള്‍ സ്വന്തം ശരീരത്തിലേക്കും മരത്തില്‍ കയറിയവരുടേയും ശരീരത്തിലേക്കും ഒഴിച്ചു. ഇതേത്തുടര്‍ന്ന് മരത്തിന് താഴെ വല വിരിച്ച് വെള്ളമടിച്ച് ഇയാളെ താഴെയിറക്കാന്‍ തീരുമാനിച്ചത്. ശക്തിയായി വെള്ളം ചീറ്റിച്ചാണ് പിന്നീട് ഇറക്കിയത്. ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗില്‍ ഒരു വെട്ടുകത്തിയും ഉണ്ടായിരുന്നു. വെസ്റ്റ് സിഐ രാജു, എസ്ഐ സിന്ധു, എന്നിവരുടെ നേതൃത്വത്തില്‍ എത്തിയ പോലീസ് പിന്നീട് ഇയാളെ കസ്റ്റഡിയിലെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: