പാലക്കാട്: കൈക്കൂലി കേസില്‍ ഒറ്റപ്പാലം താലൂക്ക് സര്‍വ്വയറെ വിജിലന്‍സ് അറസ്റ്റു ചെയ്തു. പാലക്കാട് റോബിന്സന് റോഡിലെ മിഷന് കോളനി നിവാസി പി എസ് രാമദാസിനെയാണ് വിജിലന്‍സ് പിടികൂടിയത്. കരിമ്പുഴ കുന്നക്കാട് എടപ്പലത്ത് വീട്ടില്‍ രാജന്റെ കൈവശമുളള ഭൂമി റീസര്‍വ്വെ പ്രകാരം അളന്ന് തിട്ടപ്പെടുത്തി സബ് ഡിവിഷന് തിരിച്ചു നല്‍കുന്നതിന് വേണ്ടിയാണ് 5000 രൂപ കൈക്കൂലി വാങ്ങിയത്. ഇതിനു മുമ്പും രാജന്റെ കയ്യില്‍ നിന്നും ഇയാള്‍ ആയിരം രൂപ കൈക്കൂലി വാങ്ങിയിരുന്നത്രെ. ഇതേ തുടര്‍ന്ന് രാജന് പാലക്കാട് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഒരാഴ്ചയായി വിജിലന്‍സ് ഉദ്യോഗസ്ഥര്‍ രാമദാസിനെ നിരീക്ഷിച്ചു വരികയായിരുന്നു. വ്യാഴാഴ്ച രാവിലെ കരിമ്പുഴ ഒന്ന് വില്ലേജ് ഓഫീസിനു പരിസരത്തു വെച്ച് പണം നല്‍കണമെന്ന് രാജനെ രാമദാസ് അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് നല്കിയ ഫിനോഫ്ത്തലിന്‍ പൊടി പുരട്ടിയ പണമാണ് രാജന് നല്‍കിയത്. അടുത്ത നിമിഷം തന്നെ വേഷം മാറിയെത്തിയ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ രാമദാസിനെ പിടികൂടുകയായിരുന്നു. ആയിരം രൂപയുടെ രണ്ടു നോട്ടുകളും 500 രൂപയുടെ ആറ് നോട്ടുകളുമാണ് നല്‍കിയത്. വിജിലന്‍സ് ഡി വൈ എസ് പി എം സുകുമാരന്റെ നേതൃത്വത്തിലുളള സംഘമാണ് രാമദാസിനെ പിടികൂടിയത്. ഇയാള്‍ക്കെതിരെ നിരവധി പരാതികള്‍ ഇതിനു മുമ്പും ലഭിച്ചിരുന്നതായി ഡി വൈ എസ് പി പറഞ്ഞു. എല്ലാ തെളിവുകളോടു കൂടിയാണ് രാമദാസിനെ പിടിയതെന്നും അദ്ദേഹം പറഞ്ഞു. വരും ദിവസങ്ങളില്‍ ശ്രീകൃഷ്ണപുരം മേഖലയില്‍ വിജിലന്‍സ് നീരീക്ഷണം ശക്തമാക്കുമെന്നും ഡി വൈ എസ് പി പറഞ്ഞു. തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയതിനു ശേഷം രാമദാസിനെ റിമാന്റ് ചെയ്തു. ഡി വൈ എസ് പിയെ കൂടാതെ എം ശശീധരന്, പി വേണുഗോപാല്‍, ഡി ലാലു, ബി സുരേന്ദ്രന്, എന്‍ രാജീവ് കുമാര്‍, പി വി നാരായണന്, ഷംസീര്‍ അലി, എ ബി സന്തോഷ്, അനില്‍കുമാര്‍, രാജേഷ്, ശങ്കര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. കരിമ്പുഴ ഒന്ന് വില്ലേജിലെ റീ സര്‍വ്വെ പരാതികള്‍ പരിഹരിക്കണമെന്നും സര്‍വ്വെ ഉദ്യോഗസ്ഥരില്‍ നടത്തുന്ന അനധികൃത പണപ്പിരിവ് തടയണമെന്നും ആവശ്യപ്പെട്ട് സി പി ഐയുടെ നേതൃത്വത്തില്‍ കരിമ്പുഴ ഒന്ന് വില്ലേജ് ഓഫീസില്‍ ഉപരോധം സംഘടിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: