പന്തളം: പന്തളത്തും തെരുവുനായശല്യം രൂക്ഷമായി. ഒരു മാസത്തിനുള്ളില്‍ പതിനഞ്ചോളം പേരാണ് നായകളുടെ അക്രമത്തിനിരയായത്. എന്നിട്ടും ഇതു നിയന്ത്രിക്കുന്നതിന് നഗരസഭ നടപടികളെടുക്കാത്തത് ജനങ്ങളെ ആശങ്കയിലാക്കിയിരിക്കുകയാണ്.
പന്തളം നഗരഹൃദയമായ കുറുന്തോട്ടയം, കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് മങ്ങാരം, കടയ്ക്കാട് ഉള്‍പ്പെടെ മിക്ക പ്രദേശങ്ങളും തെരുവുനായ്ക്കളുടെ വിഹാരരംഗമാണ്. പന്തളം ചന്തയിലെ മത്സ്യ-മാംസ അവശിഷ്ടങ്ങളാണ് ഇവയുടെ സംഖ്യ പെരുകാന്‍ കാരണം.
ചന്തയില്‍ നിന്നും ഇത്തരം അവശിഷ്ടങ്ങള്‍ കഴിച്ചിട്ട് ചന്തയോടു തൊട്ടുചേര്‍ന്നുള്ള കെഎസ്ആര്‍ടിസി ബസ് സ്റ്റേറ്റഷനിലാണ് നായകള്‍ ആദ്യമെത്തുന്നത്. അവിടെ നിര്‍ത്തിയിടുന്ന ബസ്സുകള്‍ക്കു കീഴെയാണ് ഇവയുടെ വിശ്രമം. ഇതു കാരണം ഡിപ്പോയിലെ ജീവനക്കാര്‍ ഭീതിയോടെയാണ് ഇവിടെ ജോലി ചെയ്യുന്നത്. ഇവിടെയെത്തുന്ന യാത്രക്കാരുടെ സ്ഥിതിയും വിഭിന്നമല്ല.
രണ്ടു കോളേജുകള്‍ ഹയര്‍ സെക്കന്‍ഡറി, ഹൈസ്ക്കൂളുകള്‍, യുപി, എല്‍പി, സ്കൂളുകളിലായി പഠിക്കുന്ന ആയിരക്കണക്കിനു കുട്ടികളും ഏറെ ഭയന്നാണ് ഇവിടെയെത്തുന്നത്. അടുത്ത മാസം 16ന് മണ്ഡല-മകരവിളക്ക് ഉത്സവം ആരംഭിക്കുകയാണ്. അന്നുമുതലുള്ള രണ്ടര മാസക്കാലം അന്യസംസ്ഥാനങ്ങളില്നിന്നുള്പ്പെടെയുള്ള പതിനായിരക്കണക്ക് ശബരിമല തീര്‍ത്ഥാടകരാവും ദിവസേന പന്തളത്തെത്തുക. ഇവര്‍ക്കും ഈ നായകളുയര്ത്തുന്ന ഭീഷണി ഏറെ വലുതാണ്.
നായകളുടെ കടിയേറ്റാല്‍ അതിനെതിരേയള്ള പ്രതിരോധ മരുന്നുകളും ഇവിടെ ലഭ്യമല്ല. ചികിത്സാര്‍ത്ഥം അടൂര്‍, പത്തനംതിട്ട, കോഴഞ്ചേരി, കോട്ടയം എന്നിവിടങ്ങിലെവിടെയെങ്കിലും പോകേണ്ട അവസ്ഥയാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: