കാസര്‍കോട്: സംസ്ഥാനത്ത് നിരോധിച്ചിട്ടുളള കീടനാശിനികള്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയിലേക്ക് എത്തുന്നത് തടയുവാന്‍ സംസ്ഥാന തലത്തില്‍ രൂപം കൊടുത്തിട്ടുളള പ്രത്യേക സ്ക്വാഡ് ജില്ലയില്‍ പരിശോധന നടത്തും. വ്യാജ ഏജന്‍സികളുടെ പേരില്‍ ചെക്ക്പോസ്റ്റ് വഴി ഫ്യൂറഡാന്‍, ഫോറേറ്റ്, പാരക്വാറ്റ് തുടങ്ങിയ നിരോധിത കീടനാശിനികള്‍ എത്തിയതായി ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്താന്‍ കൃഷി വകുപ്പ് തീരുമാനിച്ചത്. നിരോധിതമോ വില്പനയ്ക്ക് ലൈസന്‍സ് നല്‍കിയിട്ടില്ലാത്തതോ ആയ കീടനാശിനികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍, കേന്ദ്ര സര്‍ക്കാരിന്റെ ഇന്‍സെക്ടിസൈഡ് ആക്ട് പ്രകാരമുളള കര്‍ശനമായ ശിക്ഷണ നടപടികള്‍ കൈക്കൊളളും.
നിയന്ത്രിത ഉപയോഗത്തിനു മാത്രമായി നിഷ്കര്‍ഷിച്ചിട്ടുളള കീടനാശിനികള്‍, കൃഷി ഓഫീസര്‍മാര്‍ നല്കുന്ന ശുപാര്‍ശക്കുറിപ്പിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ഡിപ്പോകളില്‍ നിന്നും വില്‍പ്പന നടത്തുവാന്‍ പാടുളളു. ഇത്തരത്തില്‍ വിതരണം ചെയ്യുന്ന കീടനാശിനികളുടെയും അവ വാങ്ങുന്ന കര്‍ഷകരുടേയും പേരു വിവരങ്ങള്‍ പ്രത്യേക രജിസ്റ്ററില്‍ രേഖപ്പെടുത്തി ഡിപ്പോകളില്‍ സൂക്ഷിക്കണം. കീടനാശിനികള്‍ വില്ക്കുമ്പോള് കര്‍ഷകര്‍ക്ക് നിര്‍ബന്ധമായും ബില്ല് നല്‍കണം. ബില്ല് ചോദിച്ചു വാങ്ങുവാന്‍ കര്‍ഷകരും തയ്യാറാകണം. അംഗീകൃത ഡിപ്പോകളിലൂടെയല്ലാതെ, കര്‍ഷകര്‍ക്കും കര്‍ഷകസമിതികള്‍ക്കും കീടനാശിനികള്‍ നേരിട്ട് എത്തിച്ചു നല്കുന്ന കമ്പനികള്‍ക്കും വിതരണക്കാര്‍ക്കും ഇടനിലക്കാര്‍ക്കുമെതിരെ ശക്തമായ നിയമ നടപടികള്‍ കൈക്കൊള്ളും. ഏതെങ്കിലും കര്‍ഷകര്‍, സംസ്ഥാനത്ത് നിരോധിച്ചിട്ടുളള കീടനാശിനികള്‍ കൃഷിയിടങ്ങളില്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍, അത്തരം കര്‍ഷകരെ കൃഷിവകുപ്പിന്റെ എല്ലാ തുടര്‍ പദ്ധതികളില്‍ നിന്നും പൂര്‍ണ്ണമായി ഒഴിവാക്കുമെന്ന് കൃഷി ഡയറക്ടര്‍ ബിജൂ പ്രഭാകര്‍ അറിയിച്ചു. ഇത്തരക്കാര്‍ക്ക് കൃഷിവകുപ്പ് രണ്ട് തവണ നോട്ടീസ് നല്‍കുകയും തുടര്‍ന്നും അതാവര്‍ത്തിക്കുന്ന പക്ഷം സൗജന്യ വൈദ്യുതി ഉള്‍പ്പെടെ കൃഷി വകുപ്പില്‍ നിന്നുളള എല്ലാ ആനുകൂല്യങ്ങളും നഷ്ടമാവുകയും ചെയ്യും.
കീടനാശിനികള്‍ക്കെതിരെ പൊതു അഭിപ്രായം വളര്‍ന്നു വരുന്ന സാഹചര്യത്തില്‍, ജൈവ കീടനാശിനികളെന്ന പേരില്‍ നിരവധി ഉല്പന്നങ്ങള് വിപണിയിലെത്തുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം സസ്യജന്യ ജൈവ കീടനാശിനികളില്‍ ഏതെങ്കിലും വിധത്തിലുളള രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനും കൃഷി വകുപ്പ് നടപടി സ്വീകരിക്കുമെന്ന് കൃഷി ഡയറക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: