കാസര്‍കോട്: അണങ്കൂര്‍ ഓള്‍ഡ് റോഡില്‍ ജനവാസ കേന്ദ്രത്തിന് സമീപം ബിവറേജ് ഔട്ട് ലെറ്റ് തുറക്കാനുള്ള ശ്രമം വന്‍ പ്രതിഷേധത്തിന് കാരണമായി. മദ്യവുമായെത്തിയ ലോറി വീട്ടമ്മാര്‍ തടഞ്ഞതിനെ തുടര്‍ന്ന് മദ്യമിരക്കാതെ തിരികെ പോയി. പുതുതായി ആരംഭിക്കുന്ന ബീവറേജ് ഔട്ട്ലെറ്റിലേക്ക് മദ്യമിറക്കാനുള്ള ശ്രമമാണ് മദ്യവിരുദ്ധ ജനകീയ സമിതി പ്രവര്‍ത്തകര്‍ തടഞ്ഞത്. വിവരമറിഞ്ഞ് പോലീസെത്തിയെങ്കിലും പ്രദേശത്ത് ഒരു കാരണവശാലും ബീവറേജ് ഔട്ട്ലെറ്റ് സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന് മദ്യവിരുദ്ധ സമിതി പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്കി. കാസര്‍കോട് നഗരത്തില്‍ വെയര്‍ ഹൗസ് ഗോഡൗണിന് സമീപത്ത് നിലവില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന മദ്യഷോപ്പാണ് അണങ്കൂര്‍, ഓള്‍ഡ് റോഡിലെ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് മാറ്റുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി നാട്ടുകാരും ബിജെപി ഉള്‍പ്പെടെയുള്ള സംഘടനകലും രംഗത്തു വന്നിരുന്നു.
റോഡരികിലെ ഈ ബിവറേജ് മദ്യശാല സ്കൂള്‍ വിദ്യാര്‍ത്ഥികളും സ്ത്രീകളും ഉള്പ്പെടെയമുള്ളവര്ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും വാഹന ഗതാഗതത്തിന് പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുമെന്നാണ് നാട്ടുകാര്‍ പരാതിപ്പെടുന്നത്. പഴയ ബസ് സ്റ്റാന്‍ഡില്‍ ബീവറേജ് ഔട്ട്ലെറ്റ് പ്രവര്‍ത്തിച്ചു വന്നിരുന്ന കെട്ടിടത്തിന്റെ ഉടമ മുറി ഒഴിയണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് അനുകൂല വിധിയുണ്ടായതിനെതുടര്ന്നാണ് ഈ മദ്യശാല അണങ്കൂരിലേക്ക് മാറ്റാന്‍ നീക്കം നടന്നത്.
ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പി.രമേശ്, മദ്യവിരുദ്ധ സമിതി ജനറല്‍ കണ്‍വീനര്‍ എ സതീശന്, ജോ. കണ്‍വീനര്‍ ജയന്ത്കുമാര്‍, സുനില്‍ഷെട്ടി, ശരത്കുമാര് എന്നിവരുടെ നേതൃത്വത്തിലാണ് ബിവറേജ് തുറക്കാനുള്ള ശ്രമം തടഞ്ഞത്. വിവരമറിഞ്ഞ് കാസര്‍കോട് ടൗണ്‍ പോലീസും സ്ഥലത്തെത്തി. സമരക്കാരെ പ്രതിഷേധത്തില്‍ നിന്നും പിന്തിരിപ്പിക്കാന് പോലീസ് നടത്തിയ ശ്രമം പരാജയപ്പെട്ടു. വീട്ടമ്മമാര്‍ ഉള്‍പ്പെടെ പ്രതിഷേധക്കാര്‍ വില്‍പ്പന ശാലയ്ക്ക് മുന്നില്‍ കുത്തിയിരുന്നതോടെ തുറക്കാനാകാതെ അധികൃതര്‍ മടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: