പന്തളം: അച്ചന്‍കോവിലാറിനു കുറുകെ പന്തളം വലിയകോയിക്കല്ക്ഷേത്രത്തെയും കൈപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തെയും ബന്ധിപ്പിച്ച് മൂന്നു വര്‍ഷം മുമ്പ് പണിത തൂക്കുപാലം അധികൃതരുടെ അനാസ്ഥ കാരണം ഭക്തര്‍ക്കും നാട്ടുകാര്‍ക്കും ഭീഷണിയാകുന്നു.
ശബരിമലയുടെ മൂലസ്ഥാനമായ പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തെയും അനുബന്ധ ക്ഷേത്രമായ കൈപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്നതിനായി റവന്യൂ ഡിസാസ്റ്റര്‍ മാനേജ്മെന്റ് 1,72,96,200 രൂപ മുടക്കിയാണ് ഇവിടെ തൂക്കുപാലം പണിതത്. നിര്‍മ്മാണ ചുമതല സര്‍ക്കാര്‍ സ്ഥാപനമായ കേരള ഇലക്ട്രിക്കല്‍ & അലൈഡ് എന്‍ജിനീയറിംഗ് ലിമിറ്റഡാണ് നിര്‍വ്വഹിച്ചത്. 2012 സെപ്റ്റംബര്‍ 15 നിര്‍മ്മാണമാരംഭിച്ച് 2013 ജനുവരി 1ന് നിര്‍മ്മാണം പൂര്‍ത്തിയാക്കി. റവന്യൂ മന്ത്രി അടൂര്‍ പ്രകാശ്, ദേവസ്വം മന്ത്രി വി.എസ്. ശിവകുമാര്‍, എംപി, എംഎല്‍എമാര്‍ എന്നിവരുള്‍പ്പെടെയുള്ള സംഘത്തിന്റെ നേതൃത്വത്തില്‍ വലിയ ആഘോഷത്തോടെയാണ് 2013 ഡിസംബര്‍ 31ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പാലം ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനം ചെയ്തതല്ലാതെ പിന്നീട് ഇതിന്റെ പരിപാലനത്തിന് ഇതുവരെയും ആരും ഇവിടേയ്ക്കു തിരിഞ്ഞു നോക്കിയിട്ടില്ല. അതോടെ പാലത്തിന് ഇരുവശവും സ്ഥാപിച്ചിട്ടുള്ള സംരക്ഷണ വലകള്‍ തുരുമ്പെടുത്തു നശിക്കാന്‍ തുടങ്ങി. പാലത്തിലെ രണ്ടുമൂന്നു സ്ലാബുകള്‍ ഇളകി മാറിയിട്ടുമുണ്ട്. ഇതാണ് ഇതുവഴിയുള്ള യാത്ര അപകടകരമാക്കിയിരിക്കുന്നത്.
നവംബര്‍ 16ന് മണ്ഡല-മകരവിളക്ക് ഉത്സവം ആരംഭിക്കുകയാണ്. അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ ആയിരക്കണക്കിനു തീര്‍ത്ഥാടകരാണ് ഈ കാലയളവില്‍ ഇവിടെയെത്തുന്നത്. ഇവര്‍ കൈപ്പുഴ ക്ഷേത്രത്തില്‍ പോകുന്നതിനും മറ്റും ഈ പാലമാണ് ഉപയോഗിക്കുന്നത്. സാഹചര്യം ഇതായിരിക്കെ പാലത്തിന്റെ പരിപാലനത്തില്‍ അധികൃതര്‍ കാട്ടുന്ന അവഗണന വന്‍ ദുരന്തമാകും വരുത്തി വയ്ക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: