കോങ്ങാട്: ജില്ലാ ആശുപത്രിയിലെ ഡോക്ടറുടെ അനാസ്ഥമൂലം പ്രസവത്തിനിടെ ഇരട്ടകുട്ടികള്‍ മരിച്ച കേസില്‍ തീരുമാനമെടുക്കുവാനുള്ള അവകാശം കോഴിക്കോട് പിഎല്‍എക്ക് വിട്ട് മനുഷ്യാവകാശ കമ്മീഷന് മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം കയ്യൊഴിഞ്ഞു. 2013ല്‍ കോങ്ങാട് സ്വദേശികളായ ഷീജ-സേതുമാധവന് ദമ്പതികളുടെ ഇരട്ടകുട്ടികളാണ് പ്രസവത്തിനിടെ മരിച്ചത്. ഗര്‍ഭിണിയായിരുന്ന ഷീജ ആദ്യം കോങ്ങാട് പ്രാഥമികാരോഗ്യകേന്ദ്രത്തിലും പിന്നീട് പാലക്കാട് ജില്ലാ ആശുപത്രിയിലുമാണ് ചികിത്സനടത്തിയത്. ഇതിനിടയില്‍ നിരവധിതവണ പരിശോധനകളും സ്കാനിങ്ങുകളും നടത്തി. എന്നാല്‍ റിസള്‍ട്ട് പരിശോധിച്ച ഡോക്ടറോ ബന്ധപ്പെട്ടാളുകളോ ഇരട്ടകുട്ടികളാണെന്ന് ദമ്പതികളോടെ പറഞ്ഞിരുന്നില്ല.
ശാരീരിക ബുദ്ധിമുട്ടിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെ പറ്റില്ലെന്ന് പറഞ്ഞ് കയ്യൊഴിയുകയായിരുന്നു. മറ്റൊരു ആശുപത്രിയിലേക്ക് പോകുന്നതിനുള്ള റഫര്‍ ലെറ്റര്‍ നല്‍കുകയോ ആംബുലന്‍സ് അനുവദിക്കുകയോ ചെയ്തില്ലെന്ന് സേതുമാധവന് പറഞ്ഞു.ടാക്സി വിളിച്ച് തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോവുകയായിരുന്നു. അവിടെ വച്ചാണ് ഇരട്ടകുട്ടികളാണെന്നും മരിച്ചതായും അറിയാന്‍ കഴിഞ്ഞത്. ഭാഗ്യംകൊണ്ടുമാത്രമാണ് ഭാര്യയെ രക്ഷിക്കാന്‍ കഴിഞ്ഞതെന്നു നിറകണ്ണുകളോടെ സേതുമാധവന് പറഞ്ഞു.
സംഭവത്തെ തുടര്‍ന്ന് ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ ഡിഎംഒ,ജില്ലാ കളക്ടര്‍,ആരോഗ്യവകുപ്പ് മന്ത്രി,എംഎല്‍എ,എം.ബി.രാജേഷ് എംപി,മുഖ്യമന്ത്രി, മനുഷ്യാവകാശ കമ്മീഷന് എന്നിവര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ഇതിനെതിരെ നിരവധിതവണ സമരം നടത്തുകയുണ്ടായി. സംഭവം നടന്ന് മാസങ്ങള്‍ക്ക് ശേഷം ആരോഗ്യവകുപ്പ് ജില്ലാ ആശുപത്രിയില്‍ നടത്തിയ റെയ്ഡില്‍ ആശുപത്രിയില്‍ ശരിയായ രീതിയില്‍ രേഖകള്‍ സൂക്ഷിക്കുന്നില്ലെന്നും പ്രസവങ്ങള്‍ നടക്കുന്നതിന്റെ യാതൊരു കണക്കും ഇല്ലെന്ന് കണ്ടെത്തുകയും ചെയ്തു.
ഇതിനിടെ മനുഷ്യാവകാശ കമ്മീഷന്റെ സിറ്റിംഗുകള്‍ക്ക് നിരവധി തവണ ദമ്പതികള്‍ പോവുകയുണ്ടായി. എന്നാല്‍ കുറ്റകാര്‍ക്കെതിരെ നടപടിയെടുക്കുന്നതിനു പകരം മൂന്നുവര്‍ഷത്തിനുശേഷം മനുഷ്യാവകാശ കമ്മീഷണും കയ്യൊഴിഞ്ഞു. രാഷ്ട്രീയ ഇടപെടലുകള്‍ മൂലമാണ് സൂപ്രണ്ടിനെതിരെയോ ഡോക്ടര്‍ക്കെതിരെയോ നടപടിയുണ്ടാവാത്തതെന്ന് സേതുമാധവന് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: