തൃശൂര്‍: ബന്ധുനിയമന വിവാദത്തില്‍ ഭരണ-പ്രതിപക്ഷാംഗങ്ങളുടെ ആരോപണ പ്രത്യാരോപണവും വഴിവിളക്ക് കത്തുന്നില്ലെന്ന പരാതിയുമായി ബിജെപിയുടെ കുത്തിയിരിപ്പുമായി കൗണ്‍സില്‍ യോഗം ബഹളത്തിലായി.
കോര്പറേഷന് വൈദ്യുതി വിഭാഗത്തില്‍ 28 ലൈന്മാന്മാരെ കരാറടിസ്ഥാനത്തില്‍ നിയമിച്ചതിനെ ചൊല്ലിയുണ്ടായ വാദ പ്രതിവാദമാണ് തര്‍ക്കത്തിലും ബഹളത്തിലുമെത്തിയത്. ഒടുവില്‍ ബന്ധുനിയമന വിവാദം ഉന്നയിച്ച പ്രതിപക്ഷത്തിനെതിരെ തന്നെ നിയമനവിവാദം തിരിഞ്ഞപ്പോള്‍ നിയമനം വിജിലന്‍സിനെക്കൊണ്ട് അന്വേഷിക്കാന്‍ തയ്യാറുണ്ടോയെന്ന് ചോദിച്ച് ചര്‍ച്ചയവസാനിപ്പിച്ചു.
ബന്ധു നിയമനം നടത്തിയത് ആരാണെന്ന് എല്ലാവര്ക്കും അറിയാമെന്ന് ഭരണകക്ഷിയിലെ കൃഷ്ണന്‍കുട്ടി മാസ്റ്റര്‍ പറഞ്ഞതോടെ ഭരണകക്ഷിക്കാര്‍ ഒന്നടങ്കം എഴുന്നേറ്റു. കോണ്‍ഗ്രസിലെ തര്‍ക്കം മൂലം ഇതു പുറത്തു കൊണ്ടുവരുന്നതിനാണ് കൗണ്‍സില്‍ യോഗത്തില്‍ ഈ വിഷയം ഉന്നയിച്ചതെന്നും അദ്ദേഹം പറഞ്ഞതോടെ പ്രതിപക്ഷം ബഹളം വച്ചു. കഴിഞ്ഞ കാലത്ത് നടത്തിയ ബന്ധുനിയമനങ്ങളെ സംബന്ധിച്ച് തനിക്ക് ശരിക്കും അറിയാമെന്നും പ്രതിപക്ഷം നല്ലപിള്ള ചമയേണ്ടെന്നും സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എം.എല്‍.റോസി പറഞ്ഞതോടെ വീണ്ടും പ്രതിപക്ഷാംഗങ്ങളെ ചൊടിപ്പിച്ചു.
ഇതിനിടെ വേശ്യയുടെ തെരുവു പ്രസംഗമാണിതെന്ന് ടി.ആര്.സന്തോഷ് പറഞ്ഞതോടെ പ്രശ്നം രൂക്ഷമായി. ഭരണകക്ഷിയിലെ അനുപ് ഡേവിസ് കാട എഴുന്നേറ്റ് സന്തോഷ് മാ്പ്പു പറയണമെന്നാവശ്യപ്പെട്ടതോടെയാണ് തന്നെക്കുറിച്ച് ഇങ്ങനെ പറഞ്ഞോയെന്ന് എം. എല്‍. റോസി അറിഞ്ഞത്. ഉടന്‍ തന്നെ സീറ്റില്‍ നിന്നെഴുന്നേറ്റ് നടുത്തളത്തിലെത്തി സന്തോഷ് മാപ്പു പറയാതെ സീറ്റിലേക്ക് പോകില്ലെന്നു പറഞ്ഞ് അവിടെ നിലയുറപ്പിച്ചു. ഒടുവില്‍ സന്തോഷ് ഖേദം പ്രകടിപ്പിച്ചതോടെയാണ് റോസി മടങ്ങിയത്.
ബിജെപി മെമ്പര്‍മാരുടെ വാര്‍ഡുകളില്‍ കത്താത്ത തെരുവുവിളക്കുകളുടെ കണക്ക് ഫഌക്സിലെഴുതി കൗണ്‍സില്‍ ഹാളില്‍ ഉയര്‍ത്തി പിടിച്ചായിരുന്നു വി.രാവുണ്ണിയുടെ നേതൃത്വത്തില്‍ പ്രതിഷേധം. കോര്പറേഷന് പദ്ധതികള്‍ക്ക് ഡി.പി.സി അംഗീകാരം ലഭിച്ചിട്ടില്ലെന്ന മുന്‍ മേയര്‍ സൂബി ബാബു അഭിപ്രായപ്പെട്ടെങ്കിലും അത് ശരിയല്ലെന്നായിരുന്നു ഡെപ്യൂട്ടി മേയറുടെ മറുപടി.
റേഷന്‍കാര്‍ഡുമായി ബന്ധപ്പെട്ട് ബി.പി.എല്ലുകാര് എ.പി.എല്ലുകാരായതിനെതിരെ എന്തെങ്കിലും നടപടിയെടുക്കണമെന്നായിരുന്നു പല കൗണ്‍സിലര്‍മാരുടെയും ആവശ്യം. ലാലി ജെയിംസ്, വിന്‍ഷി അരുണ്‍കുമാര്‍ തുടങ്ങി ഭരണ-പ്രതിപക്ഷാംഗങ്ങള്‍ എല്ലാവരും ഈ അഭിപ്രായക്കാരയതോടെ അര്‍ഹതപ്പെട്ടവര്‍ക്ക് ബി.പി.എല്‍ കൊടുക്കണമെന്നാവശ്യപ്പെട്ട് പ്രമേയം തന്നെ ഡെപ്യൂട്ടി മേയറുടെ നിര്‍ദ്ദേശത്തോടെ പാസാക്കി.
ജനറല്‍ ആശുപത്രിയുടെ ഭരണം ഏറ്റെടുത്ത വിവരം തങ്ങളെ നേരത്തെ അറിയിച്ചില്ലെന്നും ആശുപത്രിയെ പ്രാഥമികാരോഗ്യ കേന്ദ്രമാക്കി മാറ്റരുതെന്നും പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ചൂണ്ടിക്കാട്ടി. ആശുപത്രിയുടെ വികസനം സംബന്ധിച്ചും നിയമനങ്ങള്‍ സംബന്ധിച്ചും വിശദമായി ചര്‍ച്ച നടത്തണമെന്നും പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: