കാസര്‍കോട്: പൊട്ടിയ ജല വിതരണ പൈപ്പുകള്‍ നന്നാക്കാനുള്ള സാധന സാമഗ്രികളെത്തുന്നതിന് മുമ്പ് തന്നെ വാട്ടര്‍ അതോറിറ്റി റോഡില്‍ കുഴിയെടുത്തത് കാരണം വന്‍ അപകട ഭീതിയാലാണ് യാത്രക്കാര്‍. കാസര്‍കോട് നഗരത്തിലും, കോട്ടക്കണി, പള്ളം, ബങ്കരകുന്ന്, ബീച്ച് റോഡ്, ബീരന്ത് വയല്‍, അംബേദ്കര്‍ കോളനി തുടങ്ങിയ സ്ഥലങ്ങളിലാണ് റോഡില്‍ വാട്ടര്‍ അതോറിറ്റി വക മരണകുഴിയൊരുക്കിയത്. ബൈക്കുകള്‍ ഉള്‍പ്പെടെയുള്ള ചെറു വാഹനങ്ങള്‍ ഇതിലൂടെ ഭീതിയോടെയാണ് കടന്ന് പോകുന്നതെന്ന് പ്രദേശാസികള്‍ പറയുന്നു. ജല വിതരണ പൈപ്പുകള്‍ പൊട്ടി വെള്ളം പാഴാകുന്നത് പതിവായതോടെയാണ് ഇവ നന്നാക്കാനായി പതിനഞ്ച് ദിവസം മുമ്പ് വാട്ടര്‍ അതോറിറ്റി റോഡരുകില്‍ കുഴികളെടുത്തത്. എന്നാല്‍ കുഴികളെടുത്തതിന് ശേഷമാണ് നന്നാക്കാനുള്ള സാധന സാമഗ്രികള്‍ ഇല്ലാത്ത കാര്യം വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍ അറിയുന്നത്. കുഴി മൂടാന്‍ നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് നാട്ടുകാരും ജനപ്രതിനിധികളും വാട്ടര്‍ അതോറിറ്റി ഓഫീസുമായി ബന്ധപ്പെട്ടപ്പോഴാണ് പൈപ്പ് നന്നാക്കാനുള്ള സാധന സാമഗ്രികളെത്തിയില്ലെന്ന വിചിത്രമായ മറുപടി ലഭിച്ചത്.
കുഴികള്‍ മൂടാത്തത് കാരണം വന്‍ അപകട കെണിയാണ് ഒരുക്കുന്നത്. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ദിനം പ്രതി നൂറ് കണക്കിന് ആളുകള്‍ കാല്‍നടയായി പോകുന്ന റോഡിലാണ് ഈ മരണക്കുഴികളുള്ളത്. അപകടമുണ്ടാകുന്നതിന് മുമ്പേ കുഴികള്‍ മൂടാന്‍ അധികൃതര്‍ തയ്യാറാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: