ഹരിപ്പാട്: ഭക്തജനസഹസ്രങ്ങള്‍ ഒഴുകിയെത്തിയ മണ്ണാറശ്ശാല കാവില്‍ നാഗദൈവങ്ങളെ കൈകളിലേന്തി വലിയമ്മയും പരിവാരങ്ങളും എഴുന്നള്ളിയത് ആത്മസാക്ഷാത്ക്കാരത്തിന്റെ നിമിഷങ്ങളായി. ആയില്യം എഴുന്നള്ളത്ത് ദര്‍ശിക്കാന്‍ തിങ്കളാഴ്ച രാവിലെ മുതല്‍ ക്ഷേത്രത്തിലേക്ക് ഭക്തജന പ്രവാഹമായിരുന്നു.
ഉച്ചപൂജയ്ക്ക് ശേഷം വലിയമ്മ ഉമാദേവി അന്തര്‍ജ്ജനം ക്ഷേത്രക്കുളത്തില്‍ കുളിച്ച് കസവ് വേഷ്ടിയുമണിഞ്ഞ് ക്ഷേത്ര ശ്രീകോവിലില്‍ പ്രവേശിച്ചതോടെ എഴുന്നള്ളത്തിന് ഒരുക്കമായി. ഈ സമയം സോപാന സംഗീതത്തിന്റെ ഈരടികള്‍ മുഴങ്ങി. 2.15 ആയപ്പോഴേക്കും ശംഖനാദം ഉയര്‍ന്നു. ഭക്തജനങ്ങള്‍ വായ്ക്കുരവയിട്ടു. തുടര്‍ന്ന് വലിയമ്മ നാഗരാജാവിന്റെ തങ്കതിരുമുഖവും നാഗഫണവും കൈകളിലേന്തി എഴുന്നെള്ളി. ചെറിയമ്മ സാവിത്രി അന്തര്‍ജ്ജനം സര്‍പ്പയക്ഷിയമ്മയുടെ വിഗ്രഹം വഹിച്ചു.
എം.ജി. വാസുദേവന്‍ നമ്പൂതിരിയും എം.കെ. പരമേശ്വരന് നമ്പൂതിരിയും നാഗചാമുണ്ഡിയുടേയും നാഗയക്ഷിയമ്മയുടേയും വിഗ്രഹങ്ങള്‍ എഴുന്നെള്ളിച്ചു. എഴുന്നെള്ളത്തിന് പഞ്ചവാദ്യം, നാദസ്വരം, തകില്, ചെണ്ട, തിമില എന്നിവ അകമ്പടിയായി. രാജചിഹ്നങ്ങളായ ഛത്രചാമര ധ്വജങ്ങളും മുത്തുക്കുടകളും അനുഗമിച്ചു. ക്ഷേത്രത്തിന് വലംചെയ്ത് എഴുന്നള്ളത്ത് ദര്‍ശിക്കാന്‍ ഭക്തജനങ്ങള്‍ ഇരവശങ്ങളിലും തിങ്ങി നിറഞ്ഞു നിന്നു.
ക്ഷേത്രത്തിന് ഒരു പ്രദക്ഷിണം ചെയ്ത് എഴുന്നള്ളത്ത് ഇല്ലത്തേക്ക് നീങ്ങി. മണല്‍ വിരിച്ച പാതയ്ക്കിരുവശവും ഭക്തര്‍ വായ്ക്കുരവയിട്ടും ശരണം വിളിച്ചും എഴുന്നള്ളത്തിനെ ദര്‍ശിച്ചു. ഇല്ലത്തെ നിലവറയ്ക്ക് മുന്നില്‍ വരച്ച നാഗക്കളത്തിന് സമീപം വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ച് അമ്മ പൂജകള്‍ തുടങ്ങി. ഈ സമയം തെക്കേ മുറ്റത്തെ സര്‍പ്പംപാട്ടുതറയില്‍ പഞ്ചവാദ്യം അരങ്ങേറി.
പതിവ് പൂജകള്‍ കഴിഞ്ഞ് അമ്മ നാഗദൈവങ്ങള്‍ക്ക് നൂറുംപാലും നിവേദിച്ചു. രാവേറെ നീണ്ട പൂജകള്‍ക്ക് ശേഷം അമ്മയുടെ അനുവാദത്തോടെ ഇല്ലത്തെ കാരണവര്‍ ആകാശസര്പ്പങ്ങള്ക്കും പാതാള സര്‍പ്പങ്ങള്‍ക്കും നൂറുംപാലും നിവേദിച്ചതോടെ ആയില്യത്തിന് പരിസമാപ്തിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: