ചിറ്റാര്‍: യാതൊരു അടിസ്ഥാന സൗകര്യവുമില്ലാത്ത കിഴക്കന്‍ മലയോര മേഖലയിലെ ആദ്യ സ്കൂളായ മുണ്ടന്‍പാറ ട്രൈബല്‍ എല്‍.പി സ്കൂളിന് കായിക മത്സരത്തില്‍ തിളക്കമാര്‍ന്ന വിജയം.
ജില്ലാ സ്റ്റേഡിയത്തില്‍ നടന്ന ഉപജില്ലാ കായിക മത്സരത്തില്‍ 50 മീറ്റര്‍, 100 മീറ്റര്‍, 200 മീറ്റര്‍ ഓട്ടം, ഹൈജംപ്, ലോങ്ജംപ് എന്നീ മത്സരങ്ങളിലായി ക്രിസ്റ്റോ അലക്സ്, എ.എസ്. അക്ഷര, റ്റെലിന് സണ്ണി, ക്രിസ്റ്റീന എല്‍സ അലക്സ്, കൃഷ്ണപ്രിയ എന്നീ വിദ്യാര്‍ഥികളാണ് സ്കൂളിന് തീര്ക്കമാര്ന്ന വിജയം സമ്മാനിച്ചത്.
വിവിധ കാറ്റഗറിയിലായി നടന്ന മത്സരങ്ങളില്‍ ഏഴ് ഒന്നാം സ്ഥാനവും രണ്ട് രണ്ടാംസ്ഥാനവും സ്കൂളിന് ലഭിച്ചു.
പങ്കെടുത്ത മൂന്ന് ഇനങ്ങളിലും ഒന്നാംസ്ഥാനം നേടിയ എ.എസ്. അക്ഷരയുടെ പ്രകടനം ശ്രദ്ധേയമായി.
കായിക പരിശീലനത്തിന് യാതൊരു അടിസ്ഥന സൗകര്യവുമില്ലാത്ത സ്കൂളാണ് മുണ്ടന്‍പാറ ട്രൈബല്‍ എല്‍.പി സ്കൂള്‍. പരിശീലനത്തിന് ഗ്രൗണ്ടില്ലാത്തത് കുട്ടികളെ ഏറെ വലയ്ക്കുന്നുണ്ട്. സ്കൂളിന് മുന്‍വശത്തെ കുത്തനെ ഇറക്കവും കയറ്റവുമുള്ള മണ്ണുറോഡിലാണ് പരിശീലനം നടക്കുന്നത്.
പോഷക സമൃദ്ധമായ പ്രഭാത ഭക്ഷണമോ പരിശീലനമോ ഇല്ലാതെയാണ് ഈ സ്കൂളിലെ കുട്ടികള്‍ക്ക് തിളക്കമാര്‍ന്ന വിജയം കൈവരിക്കാനായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: