കല്‍പ്പറ്റ: മൊബൈല്‍ ഫോണ്‍ വ്യാപാര മേഖലയില്‍ ഓണ്‍ലൈന്‍ വ്യാപാരം നിയന്ത്രിക്കണമെന്ന് കേരള മൊബൈല്‍ ഫോണ്‍ വ്യാപാര സമിതി വയനാട് ജില്ലാ രൂപീകരണ കണ്വെന്ഷന് അധികൃതരോടാവശ്യപ്പെട്ടു. സര്‍ക്കാരിന് നികുതിയിനത്തില്‍ ലഭിക്കേണ്ട കോടിക്കണക്കിന് രൂപയാണ് ഓണ്‍ലൈന്‍ വ്യാപാരം മൂലം നഷ്ടമാകുന്നത്. ഉപജീവനത്തിനായി നിയമാനുസൃതം കച്ചവടം ചെയ്യുന്ന വ്യാപാരികള്‍ക്ക് തൊഴില്‍ സംരക്ഷണം ഉറപ്പു വരുത്തേണ്ട ബാധ്യത സര്‍ക്കാറുകള്‍ക്കുണ്ട്. റീചാര്‍ജ് കൂപ്പണ്‍ കമ്മീഷന് 10 ശതമാനം ആയി ഉയര്‍ത്തുക, ഉത്സവ ദിനങ്ങളില്‍ മൊബൈല്‍ ഫോണ്‍ കമ്പനികള്‍ മൊബൈല്‍ ഫോണ്‍ വ്യാപാരികള്‍ക്ക് മാന്യമായ പരിഗണന നല്‍കുക, മെമ്മറി കാര്‍ഡ് പ്രാഗ്രാം ചെയ്യുന്നതിന് പ്രത്യേക ലൈസന്‍സ് എടുക്കണമെന്ന തീരുമാനം റദ്ദ് ചെയ്യുക. റീചാര്‍ജ്ജ് ചെയ്യുമ്പോള്‍ നമ്പര്‍ മാറിപോകുന്ന സന്ദര്‍ഭങ്ങളില്‍ മുഴുവന്‍ തുകയും കമ്പനികള്‍ റീഫണ്ട് നല്‍കുക തുടങ്ങിയ പ്രമേയങ്ങളും കണ്വെന്ഷന് അംഗീകരിച്ചു.
ജില്ലാ കണ്വെന്ഷന് കേരള മൊബൈല്‍ ഫോണ്‍ വ്യാപാര സമിതി സംസ്ഥാന സെക്രട്ടറി സി.വി. ഇഖ്ബാല്‍ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് എ.ജെ. കുര്യന് അധ്യക്ഷത വഹിച്ചു. സമിതി ജില്ലാ സെക്രട്ടറി വി.കെ. തുളസീദാസ്, മൊബൈല്‍ ഫോണ്‍ വ്യാപാര സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ. ഗിരീഷ്, സംസ്ഥാന കമ്മിറ്റിയംഗം ഷൈജു ചീക്കിലോട് എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ ഭാരവാഹികളായി പി. പ്രസന്ന കുമാര്‍ (പ്രസിഡന്റ്), സി.പി. സുനില്‍ റാം (സെക്രട്ടറി), പി.കെ. സിദ്ദീഖ് (ട്രഷറര്‍) എന്നിവരടങ്ങുന്ന 15 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: