രാജപുരം: സമ്പൂര്‍ണ പരസ്യ മലവിസര്‍ജന (ഒഡിഎഫ്) മുക്ത ജില്ലയായി കാസര്‍കോടിനെ പ്രഖ്യാപിക്കുമ്പോഴും ഇതൊന്നുമറിയാതെ കുഴി കക്കൂസുപോലുമില്ലാതെ പരസ്യ മലവിസര്‍ജനത്തിന് നിര്‍ബന്ധിതരാകുകയാണ് കോടോം ബേളൂര്‍ പഞ്ചായത്തിലെ പൊടവടുക്കം രണ്ടാം വാര്‍ഡ് തലവയല്‍ എസ്ടി കോളനിയിലെ താമസക്കാര്‍. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ആദിവാസി കോളനികളുള്ള പഞ്ചായത്താണ് കോടോം ബേളൂര്‍. സമ്പൂര്‍ണ പരസ്യവിസര്‍ജന മുക്ത ജില്ലയെന്ന ജില്ലാ ഭരണകൂടത്തിന്റെ പ്രഖ്യാപനവും കണക്കും തെറ്റാണെന്ന് തെളിയിക്കുന്നതാണ് ഇവരുടെ ജീവിതം. 12 കുടുംബങ്ങളാണ് ഇവിടെയുള്ളത്. ഇതില്‍ ഒഡിഎഫ് പദ്ധതിയില്‍ മൂന്ന് ശൗചാലയം മാത്രമാണ് ലഭിച്ചിട്ടുള്ളത്. നിലവില്‍ അഞ്ച് കുടുംബങ്ങള്‍ക്ക് ശൗചാലയമില്ലാത്തവരായുണ്ട്. ആകെയുള്ള പത്ത് സെന്റ് സ്ഥലത്ത് പ്രായപുര്‍ത്തിയായ പെണ്‍കുട്ടികളടക്കമുള്ളവര്‍ പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ ആശ്രയിക്കുന്നത് സ്വന്തം പറമ്പിലെ കാടിന്റെയും ഇരുട്ടിന്റെ മറവിനെയുമാണ്. കയറിക്കിടക്കാന്‍ വീടില്ലാത്തവര്‍ പോലുമുണ്ട് കോളനിയില്‍. ജില്ലാ ഭരണകൂടം വേണ്ടത്ര പരിശോധന നടത്താതെയാണ് സമ്പൂര്‍ണ ഒഡിഎഫ് പ്രഖ്യാപനം നടത്തിയിട്ടുള്ളതെന്ന് ഇത് വ്യക്തമാക്കുന്നു. പഞ്ചായത്ത് അധികൃതരും ഇതില്‍ വീഴ്ചവരുത്തി. കോടോം ബേളൂര്‍ പഞ്ചായത്തിലെ തന്നെ ഒമ്പതാം വാര്‍ഡിലെ കിഴക്കേ കോളിയാര്‍ കോളനി, പത്താം വാര്‍ഡിലെ കാടംമൂല കോളനി എന്നിവടങ്ങളിലെ സ്ഥിതിയും വ്യത്യസ്തമല്ല. ഇരുട്ടിന്റെ മറവാണ് ഇവര്‍ക്കും ആശ്രയം. ഒരേ കോളനിയിലെ ചിലര്‍ക്ക് മാത്രം ശൗചാലയം ലഭിച്ചതിലും ഇവര്‍ക്ക് പരാതിയില്ല. അവര്‍ക്കെങ്കിലും ലഭിച്ചല്ലോ എന്ന സന്തോഷം മാത്രം. അല്ലെങ്കിലും പരാതിപ്പെടാനുള്ള അറിവും ഈ പാവങ്ങള്‍ക്കില്ല. പല പദ്ധതികളും വേണ്ടവിധത്തില്‍ പ്രായോഗികമാക്കാതെയാണ് ജില്ലയെ സമ്പൂര്‍ണമാക്കാന്‍ ഭരണാധികാരികള്‍ ശ്രമിക്കുന്നതെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: