തിരുവല്ല: കവിയൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ഹനുമാന്‍സ്വാമിയുടെ നടയില്‍ അഷ്ടബന്ധ കലശം ചടങ്ങുകള്‍ 31ന് തുടങ്ങി നവംബര്‍ 2 ന് സമാപിക്കും. അഷ്ടബന്ധകലശത്തോട് അനുബന്ധിച്ച് വിവിധ ശുദ്ധിക്രിയകളും നടക്കും.ക്ഷേത്രം തന്ത്രി പറമ്പൂരില്ലത്ത് നീലകണ്ഠന് ഭട്ടതിരി, മേല്‍ശാന്തിമാര്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് കാര്‍മ്മികത്വം വഹിക്കും.പ്രാസാദശുദ്ധിയോടെയാണ് അഷ്ടബന്ധകലശ ചടങ്ങുകള്‍ നടക്കുക.
ബിംബശുദ്ധി, ജലദ്രോണി, കലശപൂജ, കലശാധിവാസം ,അഷ്ട ബന്ധംചാര്ത്ത് എന്നിവയാണ് പ്രധാന ചടങ്ങുകള്‍. കവിയൂര്‍ മഹാദേവ ക്ഷേത്രത്തിലെ കീഴ്തൃക്കോവിലില്‍ ശ്രീകൃഷ്ണസ്വാമി നടയില്‍ എത്താനുള്ള പുതിയപാത അടുത്തമാസം തുറന്നുകൊടുക്കും. പടിക്കെട്ടുകളുടെ പണി പൂര്‍ത്തിയായി. തറയോട് നിരത്തി കൈവരികളും പിടിപ്പിച്ചു. നവംബര്‍ ആദ്യം തന്നെ ഇതുവഴി ദര്‍ശനത്തിന് സൗകര്യമൊരുക്കുമെന്ന് സബ്ഗ്രൂപ്പ് ഓഫീസര്‍ ആര്.ഗീതാകൃഷ്ണന്‍ അറിയിച്ചു. ക്ഷേത്രത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് ഇരുന്നൂറോളം അടി താഴ്ചയിലാണ് കീഴ്തൃക്കോവില്. ഇവിടേക്ക് പോകാനുള്ള പടിക്കെട്ടുകള്‍ക്ക് പൊക്കം കൂടുതലായതിനാല്‍ ഭക്തര്‍ക്ക് ഇവ കയറിയിറങ്ങുക പ്രയാസമായിരുന്നു. അതിനാല്‍ പ്രായമേറിയവര്‍ മിക്കപ്പോഴും ശ്രീകൃഷ്ണനടയില് ദര്‍ശനം നടത്താതെ മടങ്ങേണ്ടി വന്നിരുന്നു. ഇതിന് പരിഹാരമായി പുതിയപാത പണിയുന്നതിന് ദേവസ്വംബോര്‍ഡ് അനുമതി നല്കി
.മൂന്ന് ലക്ഷത്തിലധികം രൂപ ചെലവില്‍ പണി നടത്തി. എളുപ്പം എത്താന്‍ കഴിയുന്നവിധമാണ് പുതിയപാത പണിതിരിക്കുന്നത്. ഇടയ്ക്ക് ഇരുന്ന് വിശ്രമിക്കുന്നതിനുള്ള ഇടങ്ങളും ക്രമീകരിച്ചിട്ടുണ്ട്. ഇതൊടൊപ്പം ക്ഷേത്രത്തിലെ രക്ഷസ്സിന്റെ പ്രതിഷ്ഠയും ഇവിടുത്തെ പുനരുദ്ധാരണവും നടത്തി. ഇവിടെ നിത്യപൂജ ഉള്‍പ്പെടെ ചടങ്ങുകളും തുടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: