കാസര്‍കോട്: കുടുംബത്തിലും സമൂഹത്തിലും നന്മയുടെ വിത്തുകള്‍ വിതറുന്ന വേദമാതാവിന്റെ പ്രതിരൂപങ്ങളാകണം സ്ത്രീ സമൂഹമെന്ന് വിവേകാനന്ദ കേന്ദ്രം വേദിക്മിഷന്‍ ഫൗണ്ടേഷന് ഡയറക്ടര്‍ ഡോ.എം.ലക്ഷ്മികുമാരി പറഞ്ഞു. കാസര്‍കോട് ചിന്മയ വിദ്യാലയത്തില്‍ നടന്ന ചതുര് വേദ പ്രതിഷ്ഠാ ചടങ്ങില്‍ അ ദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍. അതിലൂടെ ഇന്നത്തെ സ്ത്രീകളുടെ അരക്ഷിതാവസ്ഥ മറികടക്കാന്‍ നമുക്ക് കഴിയണമെന്ന് അവര്‍ ഉദ്ബോധിപ്പിച്ചു. പണ്ടുമുതല്‍ തന്നെ ഭാരതീയ സംസ്കാരത്തില്‍ സ്ത്രീകള്‍ക്കുള്ള മഹനീയ സ്ഥാനവും മഹദ്പ്രവര്ത്തനങ്ങളും അവര്‍ ഓര്‍മ്മപ്പെടുത്തി. വിദ്യാനഗര്‍ ചിന്മയ വിദ്യാലയത്തിലെ ധ്യാനമന്ദിരത്തില്‍ ഇന്നലെ രാവിലെ പത്തിനും പന്ത്രണ്ടിനും ഇടയിലെ ശുഭമുഹൂര്‍ത്തത്തില്‍ വേദപ്രതിഷ്ഠ നടന്നു ലോകത്തുള്ള വിവിധ വിശ്വവിദ്യാലയങ്ങളിലും ഗവേഷണ കേന്ദ്രങ്ങളിലുമായി എഴുന്നൂറിലധികം വേദപാഠശാലകള്‍ സ്ഥാപിച്ച മുംബൈ ഗംഗേശ്വരസംസ്ഥാനത്തിന്റെ സാരഥിയായ സ്വാമി ആനന്ദഭാസ്കര്ജി മഹാരാജ് ചതുര്‍വേദങ്ങളെ ഭഗവദ് സ്വരൂപത്തിലുള്ള വേദപ്രതിഷ്ഠക്ക് നേതൃത്വം നല്കി. വേദ പ്രതിഷ്ഠാപനത്തിന് മുന്നോടിയായി ഇന്നലെ രാവിലെ മധൂര്‍ ശ്രീ സിദ്ധിവിനായക ക്ഷേത്ത്രതില്‍ നിന്ന് വേദഭഗവാനെ ആനയിച്ചുകൊണ്ട് പുറപ്പെട്ട വാഹനഷോഘയാത്രക്ക് ഉളിയത്തടുക്ക, ശ്രീ ശക്തി മന്ദിരം, മന്നിപ്പാടി ശ്രീ ജലദുര്‍ഗ്ഗാ ക്ഷേത്രം, രാംദാസ് നഗര്‍ ശ്രീ അയ്യപ്പ ക്ഷേത്രം, സുര്‍ലു ശ്രീ ഗണേശ മന്ദിരം, കറന്തക്കാട് ശ്രീ വീരഹനുമാന് ക്ഷേത്രം, മല്ലികാര്‍ജ്ജുന ക്ഷേത്രം, നുള്ളിപ്പാടി ശ്രീ അയ്യപ്പ ക്ഷേത്രം, അണങ്കൂര്‍ ശാരദാംബാ ഭജന മന്ദിരം, വിദ്യാനഗര്‍ ചിന്മയ കോളനിയിലെ ശ്രീകൃഷ്ണമന്ദിരം എന്നിവിടങ്ങളില്‍ സ്വീകരണമേറ്റുവാങ്ങി ചിന്മയ തേജസ് ഓഡിറ്റോറിയത്തില്‍ എത്തിയപ്പോള്‍ വിവിധ സംഘടനകള്‍, ക്ഷേത്ര ഭാരവാഹികള്‍, തറവാട്ടു പ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്ന് പുഷ്പാര്‍ച്ചനയോടെ സ്വീകരിച്ചു.
സ്വാമി ആനന്ദ ഭാസ്കര്‍ജി മഹാരാജ്, മഹാമണ്ഡലേശ്വര മഹന്ത് രഘുമുനിജി എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ചിന്മയമിഷന് കേരളഘടകം തലവന്‍ സ്വാമി വിവിക്താനന്ദ സരസ്വതി സ്വാഗതവും സ്വാഗത സമിതി കണ്‍വീനര്‍ എ.കെ.നായര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് വേദഭഗവാനെ പല്ലക്കില്‍ ഇരുത്തി വേദനഗരിയായ ധ്യാനമന്ദിരത്തിലേക്ക് ആനയിച്ചു. വേദമന്ത്രോച്ചാരണങ്ങളോടെ സ്വാമി ആനന്ദ ഭാസ്കര്‍ജി മഹാരാജ് പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി.
സ്വാഗതസംഘം ചെയര്മാന് അഡ്വ.ബാലകൃഷ്ണന് നായര്‍, വൈസ് ചെയര്മാന് സഞ്ജീവഷെട്ടി, ആര്‍എസ്എസ് താലൂക്ക് സംഘചാലക് ദിനേശ് മഠപ്പുര, രഘുനന്ദന്, അഡ്വ.സദാനന്ദറായ്, എന്‍.സതീശന്, എ.കെ.നായര്‍, കെ. ബാലചന്ദ്രന്, ഇ.ചന്ദ്രശേഖരന് നായര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: