കാഞ്ഞങ്ങാട്: ജില്ലയില്‍ ദേശീയ പാത വികസനത്തിന്റെ ഭാഗമായി വീടുകളും സ്വത്തുക്കളും നഷ്ടപ്പെടുന്നവര്‍ മാര്‍ച്ച് 19ന് കോമ്പിറ്റന്റ് അതോരിറ്റി ഓഫീസിലേക്ക് നിവേദന സമര്‍പ്പണ മാര്‍ച്ച് നടത്തുമെന്ന് എന്‍എച്ച് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. കാസര്‍കോട് ജില്ലയില്‍ 40 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ നാലുവരി പാത നിര്‍മാണത്തിനായി സ്ഥലമേറ്റെടുത്തതില്‍ 7 മീറ്ററില്‍ രണ്ട് വരി പാത മാത്രമാണ് നിര്‍മിച്ചിട്ടുള്ളത്. ബാക്കി സ്ഥലം റോഡിന് ഇരുവശവുമായി കിടക്കുകയാണ്. ഈ സ്ഥലം ഉപയോഗിച്ചാല്‍ തന്നെ നാലുവരിയോ ആറുവരിയോയായി റോഡ് നിര്‍മിക്കാമെന്നിരിക്കെ ഇപ്പോള്‍ വിണ്ടും നിലവിലുള്ള കെട്ടിടങ്ങള്‍ ഇടിച്ചു നിരത്തി സ്ഥലമേറ്റെടുത്ത് കുടുംബങ്ങളെ വഴിയാധാരമാക്കുന്ന സര്‍ക്കാര്‍ തീരുമാനം പുനപരിശോധിക്കണമെന്ന് ഭാരവാഹികള്‍ പറയുന്നു.
കേരളത്തിലെ മറ്റു ജില്ലകളില്‍ നിന്ന് വ്യത്യസ്തമായി ഗതാഗതക്കുരുക്ക് രൂക്ഷമല്ലാത്ത കാസര്‍കോട് ജില്ലയില്‍ മാത്രം സ്ഥലമേറ്റെടുക്കാന്‍ ഉദ്യോഗസ്ഥര്‍ തിടുക്കം കൂട്ടുന്നതിന്റെ രഹസ്യം എന്താണെന്നറിയില്ല. ജില്ലയില്‍ 3000 ത്തിലധികം വീടുകളും 15000 ത്തിലധികം ചെറുകിട കച്ചവട സ്ഥാപനങ്ങളുമാണ് വികസനത്തിന്റെ ഭാഗമായി ഇല്ലാതാകാന്‍ പോകുന്നത്. ഇവര്‍ എങ്ങോട്ട് പോകണമെന്ന് യാതൊരു നിര്‍ദേശവുമില്ല. 2009 ലെ നോട്ടിഫിക്കേഷന്‍ പ്രകാരമുള്ള നഷ്ടപരിഹാര തുകയാണ് കുടിയിറക്കപ്പെടുന്നവര്‍ക്ക് നല്‍കുന്നത്. ഇതു പോരെന്നും അര്‍ഹമായ നഷ്ടപരിഹാരതുക മുന്‍കൂറായി നല്കിയാല് മാത്രമെ വികസനം സാധ്യമാകു എന്ന് ഇരകള്‍ പറയുന്നു.
ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് പുതിയ പദ്ധതികളുണ്ടെങ്കില്‍ സംസ്ഥാന സര്‍ക്കാറിന് സമര്‍പ്പിക്കാമെന്നും പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്നതാണെങ്കില്‍ നടപ്പിലാക്കാമെന്നും കേന്ദ്രമന്ത്രി നിധിന് ഗഡ്കരി സര്‍ക്കാരിനെ അറിയിച്ചിരുന്നു. എന്നാല്‍ കുടിയിറക്കപ്പെടുന്ന ജനങ്ങളുടെ ദുരിതങ്ങള്‍ കേന്ദ്രത്തെ അറിയിക്കാനോ അര്‍ഹമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കാനും സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്നും എന്‍എച്ച് ആക്ഷന്‍ കമ്മറ്റി ഭാരവാഹികളായ ചെയര്മാന് ബി.ഷാഫി ഹാജി, കണ്‍വീനര്‍ വിശ്വാസ് പള്ളിക്കര, എന്‍. പവിത്രന്, ചന്ദ്രന് നീലേശ്വരം തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: