പത്തനംതിട്ട : ജനറല്‍ ആശുപത്രിയുടെ മുമ്പില്‍ രോഗികള്‍ റോഡുമുറിച്ചു കടക്കാന്‍ ബുദ്ധിമുട്ടനുഭവിക്കുന്നു.
സീബ്രാലൈനുകള്‍ വെറും നോക്കുകുത്തികളായി മാറുന്ന സാഹചര്യമാണുള്ളത്. ഗുരുതരമായ ട്രാഫിക് നിയമലംഘനമാണ് നടക്കുന്നത്. കാല്‍നട യാത്രക്കാരായ രോഗികള്‍ക്ക് ആശുപത്രിയില്‍ പ്രവേശിക്കാന്‍ റോഡുമുറിച്ചു കടക്കണം. പ്രായമായവരും സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരാണ് ദിവസവും ആശുപത്രിയില്‍ എത്തുന്നത്. ടികെ റോഡിലെ ഗതാഗത തിരക്കുമൂലം ഏറെ നേരം കാത്തുനിന്നാല്‍ മാത്രമെ റോഡുമുറിച്ച് കടക്കാന്‍ സാധിക്കൂ. ആശുപത്രിയുടെ മുമ്പില്‍ സീബ്രാ ലൈന്‍ ഉണ്ടെങ്കിലും വാഹനയാത്രികര്‍ ലൈനിലൂടെ കടന്നുപോകുന്ന കാല്‍നടയാത്രക്കാരെ ശ്രദ്ധിക്കാറില്ല. വാഹനയാത്രക്കാര്‍ പലരും കാല്‍നടയാത്രക്കാരെ അസഭ്യം പറയുന്നതും പതിവ് കാഴ്ചയാണ്.
ഇത് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകുന്നു. ഒപി സമയമായ രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 1 വരെയാണ് ഈ പ്രശ്നം ഗുരുതരമാകുന്നത്. ഈ സമയങ്ങളില്‍ കൂടുതല്‍ രോഗികളാണ് ജനറല്‍ ആശുപത്രിയില്‍ എത്തുന്നത്. ഗതാഗതം നിയന്ത്രിക്കുന്നതിനും കാല്‍നടയാത്രികരെ റോഡുമുറിച്ചു കടക്കാന്‍ സഹായിക്കുന്നതിനും ട്രാഫിക് പോലീസിന്റെയോ ഹോംഗാര്‍ഡിന്റെയോ സഹായം ഈ പ്രദേശത്തില്ല.
ഒപി സമയത്തെങ്കിലും പോലീസ് സേവനം പ്രദേശത്ത് നടപ്പിലാക്കേണ്ടത് അനിവാര്യമാണ്. അതിനാല്‍ പോലീസ് മേധാവിയോ ജനപ്രതിനിധികളോ ഈ വിഷയത്തില്‍ അടിയന്തിരമായി ഇടപെട്ട് നടപടികള്‍ സ്വീകരിക്കണമെന്നാണു രോഗികളുടെ ആവശ്യം..
പ്രതികരിക്കാൻ ഇവിടെ എഴുതുക: