തൃശൂര്‍: തിരുവത്ര ഹനീഫ വധക്കേസില്‍ ആരോപണവിധേയനായ ഗുരുവായൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ് ഗോപപ്രതാപനെ പാര്‍ട്ടിയിലേക്ക് തിരിച്ചെടുക്കാനുള്ള നീക്കത്തില്‍നിന്നും പിന്തിരിയണമെന്ന് ഹനീഫയുടെ ബന്ധുക്കള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കേസിന്റെ പുനരന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ട സാഹചര്യത്തില്‍ ഇത്തരത്തിലൊരു നീക്കം കേസിനെ സ്വാധീനിക്കാന്‍ ഇടയാക്കും. ഹനീഫ കൊലപാതകത്തില്‍ ഗോപപ്രതാപനു പങ്കില്ലെന്നും പാര്‍ട്ടിയിലേക്ക് തിരിച്ചെടുക്കണമെന്നും ആവശ്യപ്പെടുന്ന കെ. സുധാകരനെ പോലുള്ളവര്‍ കണ്ണൂരിലെ ക്രിമിനല്‍ രാഷ്ട്രീയം തൃശൂരിലേക്ക് പറിച്ചുനടാനാണ് ശ്രമിക്കുന്നതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഗോപപ്രതാപനെ തിരിച്ചെടുക്കാന്‍ മുന്‍കൈയെടുക്കുന്നവരുടെ ഉദ്ദേശശുദ്ധി എന്തെന്ന് എല്ലാവര്ക്കും അറിയാം. കണ്ണൂര്‍ ലോബിയുടെ അക്രമരാഷ്ട്രീയത്തിന് ഗോപപ്രതാപന് നല്കിയ സംഭാവനയുടെ പ്രത്യുപകാരമായാണ് സുധാകരന്റെ ആവശ്യം.
ഈ ആവശ്യമുന്നയിച്ച് കെപിസിസി പ്രസിഡന്റിന് നിവേദനം നല്‍കുമെന്നും ഇവര്‍ പറഞ്ഞു. ഹനീഫയുടെ സഹോദരപുത്രന് മുഹമ്മദ് സറൂഖ്, ബന്ധുക്കളായ ഷാഹുല്‍ ഹമീദ്, പി.എം. അസ്കര്‍, സെയ്ദു മുഹമ്മദ്, കെ.ബി. യൂസഫ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: