ഇരിങ്ങാലക്കുട: കെഎസ്ആര്‍ടിസി സ്റ്റേഷനെ സബ് ഡിപ്പോയായി ഉയര്‍ത്തിയപ്പോള്‍ ഒരു കോടി നാല്പതു ലക്ഷം ചിലവിട്ട് നിര്‍മ്മിച്ച പുതിയ കെട്ടിടം ഉപയോഗിക്കാത്തതില്‍ വന്‍ പ്രതിഷേധം. കെട്ടിടത്തിന് മുനിസിപ്പാലിറ്റി നമ്പര്‍ അനുവദിച്ചുകൊടുക്കാത്തതാണ് ബില്‍ഡിങ്ങ് പ്രവര്ത്തനക്ഷമമാകാത്തതിനു കാരണം. കുടിശികയുള്ള 85000 രൂപയടച്ചാല്‍ മാത്രമേ നമ്പര്‍ അനുവദിക്കുകയുള്ളുവെന്നാണ് മുനിസിപ്പല്‍ അധികൃതര്‍ പറയുന്നത്. മുന്‍ എംഎല്‍എ തോമസ് ഉണ്ണിയാടന് തന്റെ കാലാവധി തീരുന്നതിനു തൊട്ടുമുമ്പ് ഏറെ കൊട്ടിഘോഷിച്ച് തിടുക്കത്തില്‍ ഉദ്ഘാടനം നടത്തുകയായിരുന്നു. സബ് ഡിപ്പോയില്‍ ഇപ്പോള്‍ 28 ഷെഡ്യൂളുകളാണ് ഉള്ളത്. ജീവനക്കാര്‍ക്ക് വിശ്രമിക്കുവാന്പോലും സൗകര്യമില്ല. വനിതായാത്രക്കാര്‍ക്ക് വിശ്രമിക്കുവാന്‍ പണിത റൂമിലാണ് ഇപ്പോള്‍ ഓഫിസ് പ്രവര്‍ത്തിക്കുന്നത്. യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും യാതൊരു സൗകര്യങ്ങളും ഇല്ലാത്ത കെഎസ്ആര്‍ടിസി സ്റ്റേഷന്റെ ദുരവസ്ഥ പുതിയ സര്‍ക്കാരിന്റെ ശരിയാക്കലില്പ്പെട്ടിട്ടില്ല. സ്റ്റേഷന്റെ ചുറ്റും വെളിച്ചമില്ലാതെ ജീവനക്കാര്‍ ടോര്ച്ചുപയോഗിച്ചാണ് വെളുപ്പിന് ബസ് കിടക്കുന്ന സ്ഥലത്തേക്ക് പോകുന്നത്. സ്റ്റേഷനിലുള്ള കിണറാണെങ്കില്‍ വര്‍ക്ക്ഷോപ്പില്‍ നിന്നുള്ള ഓയില്‍ കിണര്‍വെള്ളത്തില്‍ കലരുന്നതുകൊണ്ട് കുടിക്കാനാവില്ല. ശുദ്ധമായ കുടിവെള്ളം കിട്ടാത്തതുകൊണ്ട് ജീവനക്കാര്‍ വലിയ വെള്ളം ബോട്ടിലുകള്‍ വാങ്ങിയാണ് കുടിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: