വയനാടിന്റെ പരിസ്ഥിതി പ്രാധാന്യം വയനാട്ടുകാര്‍ പോലും ചിന്തിക്കുന്നതിലും വളരെ വലുതാണെന്ന് കാവേരി നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധികളും അതിനോടുള്ള പ്രതികരണവും നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.
കസ്തൂരിരംഗന്‍, ഗാഡ്ഗില്‍ റിപ്പോര്‍ട്ടുകള്‍ നടപ്പിലാക്കുന്നതിനെതിരെ വയനാടന്‍ മലമടക്കുകളില്‍ പ്രതിധ്വനിച്ച കര്‍ഷക രാഷ്ട്രിയത്തെക്കാള്‍ ശക്തമാണ് വയനാടിന്റെ പ്രതികൂല കാലാവസ്ഥ മാറ്റവും മഴക്കുറവും ദക്ഷിണേന്ത്യന്‍ രാഷ്ട്രീയത്തില്‍ ഉണ്ടാക്കുന്നതെന്ന് കാവേരി കലാപം വ്യക്തമാക്കുന്നു.
നദീജലത്തിന്റെ രാഷ്ട്രീയത്തിന് ഭരണകൂടങ്ങളെ ഇളക്കി പ്രതിഷ്ഠിക്കാന്‍ കഴിയുന്ന കരുത്തുണ്ടെന്ന് ഈ സംഭവങ്ങള്‍ അടിവരയിടുമ്പോഴും കാവേരി തടത്തില്‍ നിന്ന് വയനാടിന് അനുവദിക്കപ്പെട്ട 21 ടിഎംസി ജലം പോലും ഉപയോഗപ്പെടുത്താന്‍ വയനാട്ടുകാര്‍ ഒരുക്കമല്ല എന്നത് എടുത്തുപറയേണ്ടതാണ്.
ഒരു ടിഎംസി ജലം ഉപയോഗപ്പെടുത്തുന്നതിനായി 10 പദ്ധതികളാണ് ആദ്യം വയനാട്ടില്‍ പരിഗണിക്കപ്പെട്ടത്. ഇതില്‍ രണ്ടെണ്ണത്തില്‍ നാമമാത്രമായ തോതില്‍ ഉപയോഗപ്പെടുത്തുന്ന ജലം അല്ലാതെ മറ്റ് എല്ലാ പദ്ധതികളും കടലാസില്‍ അവശേഷിക്കുകയാണ്.
ജല പദ്ധതികളോടുള്ള തദ്ദേശീയരുടെ ശക്തമായ എതിര്‍പ്പാണ് ഇതിന് കാരണം. കാവേരീ തടത്തില്‍ നിന്നും തമിഴ് നാടിന് പ്രതിദിനം മൂവായിരം ഘന അടി വെളളം വിട്ടുകൊടുക്കണമെന്ന സുപ്രീം കോടതി ഉത്തരവായിരുന്നു ഇപ്പോഴത്തെ കാലപത്തിനുള്ള മുഖ്യ കാരണം. 2007ലെ കാവേരീ നദീജല തര്‍ക്ക പരിഹാര ട്രൈബ്യൂണല്‍ വിധിപ്രകാരം തമിഴ് നാടിന് കിട്ടേണ്ട ജലവിഹിതം ആവശ്യപ്പെട്ട് തമിഴ്നാട് സുപ്രീംകോടതിയെ സമീപിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്.
2016 സപ്തംബര്‍ 12 മുതല്‍ 21 വരെ പ്രതിദിനം 3000 ക്യുസെക്സ് വീതം കര്‍ണ്ണാടക തമിഴ്നാടിന് വിട്ട് നല്‍കണം എന്നായിരുന്നു ഈ ഉത്തരവില്‍ പറഞ്ഞിരുന്നത്.
ദക്ഷിണ ഭാരതത്തിലെ ജനങ്ങള്‍ അവരുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി ഏറ്റവും അധികം ആശ്രയിക്കുന്ന നദിയാണ് കാവേരി. പശ്ചിമഘട്ട മല നിരകളുടെ ഭാഗമായ കുടക് ജില്ലയിലെ തലക്കാവേരിയില്‍ നിന്നാണ് കാവേരിയുടെ ഉത്ഭവം. ഇവിടെയാണ് പ്രസിദ്ധമായ കാവേരീ ദേവിക്ഷത്രം സ്ഥിതി ചെയ്യുന്നത്. ദക്ഷിണ ഗംഗ എന്നാണ് കുടകരുടെ ഐതീഹ്യങ്ങളില്‍ ഈ നദി പരാമര്‍ശിക്കപ്പെടുന്നത്. കേരളം, തമിഴ്നാട്, കര്‍ണ്ണാടകം, കേന്ദ്ര ഭരണ പ്രദേശമായ പോണ്ടിച്ചേരി എന്നിവയാണ് ഇതിന്റെ അവകാശികള്‍.
2866 ചതുരശ്ര കിലോമീറ്ററാണ് കാവേരീ തടത്തിന്റെ കേരളത്തിലെ വിസ്തൃതി. അത് ഇപ്രകാരമാണ് – ഇടുക്കി ജില്ലയില്‍ നിന്ന് ഉത്ഭവിക്കുന്ന പാമ്പാര്‍ നദിയുടെ വൃഷ്ടി പ്രദേശം 384 ചതുരശ്ര കിലോമീറ്ററാണ്. പാലക്കാട് ജില്ലയില്‍ നിന്ന് ഉത്ഭവിക്കുന്ന ഭവാനിപ്പുഴയുടേത് 562 ച.കി.മിയും വയനാട്ടില്‍ പിറക്കുന്ന കബനിയുടേത് 1920 ച.കി.മിയുമാണ്. ഇതില്‍ പാമ്പാര്‍ 15 ടിഎംസിയും ഭവാനിപ്പുഴയുടേത് 36 ടിഎംസിയും കബനിയുടേത് 96 ടിഎംസിയുമാണ്. എന്നാല്‍ ഈ നദികളുടെ വൃഷ്ടി പ്രദേശങ്ങളില്‍ ലഭിക്കുന്ന വെളളം ഇതിന്റെ ഇരട്ടിയിലേറെ വരുമെന്നും അതിനാല്‍ ഈ കണക്ക് ശരിയല്ലെന്ന അഭിപ്രായപ്പെടുന്നവരുമുണ്ട്.
2007ലെ കാവേരീ നദീജല ട്രൈബ്യൂണല്‍ വിധിപ്രകാരം തമിഴ്നാടിന് 419 ടിഎംസിയും കര്‍ണ്ണാടകത്തിന് 270 ടിഎംസിയും കേരളത്തിന് 30 ടിഎംസിയും പോണ്ടിച്ചേരിക്ക് ഏഴ് ടിഎംസിയുമാണ് അനുവദിക്കപ്പെട്ട ജലവിഹിതം.
ഇതിന്റെ അടിസ്ഥാനത്തിലാണ് ജീവിക്കുക, ജീവിക്കാന്‍ അനുവദിക്കുക എന്ന ഉത്ബോധനത്തോടെ സപ്തംബര്‍ രണ്ടാം വാരം സുപ്രീകോടതി പ്രതിദിനം മൂവായിരം ഘനയടിജലം തമിഴ്നാടിന് നല്കാന് ഉത്തരവിട്ടത്. ഇതിനെ തുടര്‍ന്നാണ് ബെംഗളൂരു, മാണ്ഡ്യ, മൈസൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വ്യാപകമായ ആക്രമണങ്ങള്‍ അരങ്ങേറിയത്. 3000 ഘനയടി ജലം തികച്ചും അപര്യാപ്തമാണെന്നും തമിഴ്നാട്ടിലെ കര്‍ഷകരെ രക്ഷിക്കാന്‍ ഇത് ഇരട്ടിയാടി ഉയര്‍ത്തണമെന്നും സുപ്രീംകോടതി ഉത്തരവുണ്ടായിരുന്നു. സപ്തംബര്‍ 21ന് തമിഴ്നാടിന്റെ ഈ ആവശ്യം അംഗീകരിക്കുകയും മൂവായിരം എന്നത് ആറായിരം ഘനയടിയാക്കാനും സുപ്രീംകോടതി വീണ്ടും ഉത്തരവിറക്കി. ഇത് നടപ്പാക്കാന്‍ കഴിയാത്ത ഉത്തരവാണെന്നാണ് കര്‍ണ്ണാടകാ മുഖ്യമന്ത്രി സിദ്ധാരാമയ്യ പ്രതികരിച്ചത്.
ഉത്തരവ് മറികടക്കാന്‍ കര്‍ണ്ണാടക സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വക്ഷിയോഗവും 23ന് ചേര്‍ന്ന സംസ്ഥാന നിയമ നിര്‍മ്മാണ സഭയുടെ പ്രത്യേക യോഗവും കാവേരീ തടത്തില്‍ കുടിവെളളത്തിന് ആവശ്യമായ 27.2 ടിഎംസി ജലം മാത്രേ ഉളളൂവെന്നും ഇത് മറ്റൊരു ആവശ്യത്തിനും ഉപയോഗിക്കില്ലെന്നും അതിനാല്‍ പരമോന്നത നീതി പീഠത്തിന്റെ ഉത്തരവ് നടപ്പാക്കാനാവില്ലെന്നും ഐക്യകണ്ഠേന പ്രമേയവും പാസ്സാക്കി. കോടതിയോടുളള അനാദരവോ കോടതിയെ ധിക്കരിക്കലോ അല്ലെന്നും മുഖ്യമന്ത്രിയും കക്ഷി നേതാക്കളും വ്യക്തമാക്കി.
നദീജലം ഒരു സംസ്ഥാനത്തിന്റെയും കുത്തകയല്ലെന്നും അത് രാജ്യത്തിന്റെ സ്വത്താണെന്നും സുപ്രീംകോടതി ഇതിനെതിരെ രൂക്ഷമായി വിമര്‍ശിച്ചു. ഇത്തരം വിഷയങ്ങള്‍ക്ക് നിയമപരമായല്ല രാഷ്ട്രീയപരമായാണ് പരിഹാരം കാണേണ്ടതെന്നും അതിന് ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെയും കേന്ദ്രത്തിലെയും ഭരണക്കാര്‍ കൂട്ടായി ശ്രമിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു.
കാവേരീ നദീജലത്തിന്റെ പേരില്‍ ഉണ്ടാകുന്ന സംഘര്‍ഷങ്ങളേറെയും വംശീയച്ചുവയുളള തമിഴ്- കന്നഡ കലാപങ്ങളാകുന്ന പതിവ്. ഇക്കുറിയും ആവര്‍ത്തിച്ചു. തമിഴ്നാട് രജിസ്ട്രേഷനുളള നൂറ് കണക്കിന് വാഹനങ്ങളും തമിഴ് നാട്ടുകാരുടെ വ്യാപാര സ്ഥാപനങ്ങളുമെല്ലാം അഗ്നിക്ക് ഇരയായവയില്‍പ്പെടും. കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ഇതുവഴിയുണ്ടായത്. 1990ലാണ് കാവേരി ജലത്തിന്റെ പേരില്‍ ഇതിന് സമാനമായ കലാപം കുടകിലും മറ്റും അരങ്ങേറിയിട്ടുണ്ട്. അന്ന് തമിഴ് നാട്ടുകാര്‍ക്കായി വയനാട്ടിലെ മാനന്തവാടിയില്‍ പോലും അഭയാര്‍ത്ഥിക്യാമ്പുകള്‍ തുറന്നിരുന്നു.
കബനിയും കാവേരിയും
വയനാടിന്റെ ഭൂവിസ്തൃതിയുടെ എഴുപത്തിയാറ് ശതമാനവും കബനിയുടെ വൃഷ്ടി പ്രദേശമാണ്. ജില്ലയിലെ 163570 ഹെക്ടര്‍ സ്ഥലത്ത് പെയ്യുന്ന മഴ വെളളം എത്തിച്ചേരുന്നതും കബനിയിലാണ്. 2007ലെ കാവേരീ നദീജല ട്രൈബ്യൂണല്‍ വിധിപ്രകാരം കേരളത്തിന് അനുവദിച്ച 30 ടിഎംസി ജലത്തില്‍ 21 ടിഎംസിയും ഉപയോഗപ്പെടുത്തേണ്ടത് കബനിയുടെയോ കൈവഴികളുടേയോ തീരത്താണ്. അവശേഷിക്കുന്ന ആറ് ടിഎംസി ഭവാനിപ്പുഴയുടേയും മൂന്ന് ടിഎംസി പാമ്പാര്‍ നദിയുടെ തീരങ്ങളിലുമാണ് ഉപയോഗപ്പെടുത്തേണ്ടത്. കബനീതടത്തിലെ ജല വിനിയോഗത്തിനായി ജില്ലയില്‍ പത്ത് പദ്ധതികളാണ് പരിഗണിക്കപ്പെട്ടത്.
അവ താഴെ പറയുന്നവയാണ്.
•നൂല്‍പ്പുഴ പദ്ധതി 1.250 ടിഎംസി
•മഞ്ചാട്ട് പദ്ധതി 2.200 ടിഎംസി
•തിരുനെല്ലി പദ്ധതി 1.810 ടിഎംസി
•പെരിങ്ങോട്ട് പുഴ പദ്ധതി 1.370 ടിഎംസി
•കള്ളമ്പെട്ടി പദ്ധതി 2.490 ടിഎംസി
•കടമാന്‍തോട് പദ്ധതി 1.53 ടിഎംസി
•ചേകാടി പദ്ധതി 1.700 ടിഎംസി
•ചൂണ്ടാലിപുഴ പദ്ധതി 1.310 ടിഎംസി
•തൊണ്ടാര്‍ പദ്ധതി 1.750 ടിഎംസി
•മാനന്തവാടി പദ്ധതി 16.000 ടിഎംസി എന്നിവയാണ് ഇവ.
ഇതില്‍ വിവിധോദ്ദേശ്യ പദ്ധതിയായ മാനന്തവാടി ഒഴികെ ബാക്കിയെല്ലാം ജലസേചനം ലക്ഷ്യംവച്ച് രൂപ കല്‍പ്പന ചെയ്യപ്പെട്ടവയാണ്. ഇത് കൂടാതെ പരിഗണിക്കപ്പെട്ടവയാണ് ഭാഗീകമായെങ്കിലും നിര്‍മ്മാണം തുടങ്ങിയ കാരാപ്പുഴപദ്ധതിയും ബാണാസുര സാഗറും. കാരാപ്പുഴ പദ്ധതിയില്‍ 2.7 ടിഎംസിയും ബാണാസുര സാഗര്‍ പദ്ധതിയില്‍ 1.8 ടിഎംസിയും മാത്രമാണ് ഇതുവരെ ഉപയോഗപ്പെടുത്തിയിട്ടുളളത്.
അഞ്ച് നദികളുടേയും നിരവധി ചെറുതും വലുതുമായ നീരൊഴുക്കുകളുടേയും ആകെ തുകയാണ് കബനി. പനമരം പുഴയെന്ന പൊഴുതന പുഴ, മാനന്തവാടിപുഴ, ബാവലി അഥവാ തിരുനെല്ലി പുഴ, നൂല് പുഴ, കന്നാരം പുഴ എന്നിവയാണ് ഈ നദികള്‍. ഒരുകാലത്ത് കേരളത്തിന്റെ ചിറാപുഞ്ചി എന്ന് വിശേഷിപ്പിക്കപ്പെട്ട വയനാട് ലക്കിടിയില്‍ നിന്ന് ഉത്ഭവിക്കുന്ന പനമരം പുഴയാണ് കബനിയുടെ ഏറ്റവും നീളം കൂടിയ കൈവഴി. വയനാടിന്റെ പടിഞ്ഞാറെ അതിര്‍ത്തിയിലുള്ള ബാണാസുര മലനിരകളിലെ തൊണ്ടര്‍ മുടിയില്‍ നിന്ന് ഉത്ഭവിക്കുന്നതാണ് മാനന്തവാടിപുഴ.
പന്നിപാട്, കോളിപ്പാട്, മലനിരകളില്‍ നിന്നുള്ള നീരൊഴുക്കുമായി കൂടി വാളാട് ടൗണിന് അടുത്ത് വരുമ്പോള്‍ ഇടതുകരവെച്ച് പേര്യയില്‍ നിന്നും ആലാറ്റില്‍ നിന്നും വരുന്ന നീരൊഴുക്കുമായി സംഗമിച്ചുണ്ടാകുന്ന പേര്യപുഴയുമായി ചേരുന്നു. തലപ്പുഴ മക്കിമലയില്‍ നിന്നുളള ചെറുപുഴയും മാനന്തവാടി പുഴയുടെ ഭാഗമാണ്. പയ്യമ്പളളിക്ക് സമീപമുളളകൂടല്‍കടവില്‍ വെച്ചാണ് പനമരം പഴയും മാനന്തവാടി പുഴയും സംഗമിച്ച് കബനി പിറക്കുന്നത്.
തിരുനെല്ലി അഥവാ ബാവലി പുഴ
തിരുനെല്ലിയിലെ ബ്രഹ്മഗിരിക്കും നരിനിരങ്ങി മലക്കും ഇടയിലൂടെ ഒഴുകി വരുന്ന കാളിന്ദി പുഴയുടെ ഇടതുകരയിലേക്ക് തോല്‍പ്പെട്ടി ബേഗൂര്‍ ഭാഗങ്ങളില്‍ നിന്നുള്ള നീര്‍ച്ചാലുകളും തൃശിലേരിയില്‍ നിന്ന് വരുന്ന നീരൊഴുക്കുംകൂടിച്ചേര്‍ന്ന് ബാവലിക്ക് തെക്ക് ബൈരകുപ്പയ്ക്ക് സമീപം കബനിയില്‍ പതിക്കുന്നു. ഇരുസംസ്ഥാനങ്ങളുടെയും അതിര്‍ത്തിയായ ഈ പ്രദേശത്തിന് കന്നഡ ഗോത്രവര്‍ഗ്ഗക്കാര്‍ കടഗദ്ദയെന്നും മലയാളികള്‍ മീന്മുട്ടി എന്നുമാണ് വിളിക്കുന്നത്.
നൂല്‍പ്പുഴ
തമിഴ്നാട്ടിലെ നീലഗിരി നിലകളിലെ ഗൂഡല്ലൂര്‍ താലൂക്കില്‍ നിന്ന് ഉത്ഭവിക്കുന്ന പൊന്നേനിപുഴയാണ് നീല്‍പ്പുഴയായി വയനാട്ടില്‍ അറിയപ്പെടുന്നത്. വയനാടിന്റെ തെക്കുകിഴക്കേ അറ്റത്തുള്ള നെന്മേനി, നൂല്‍പ്പുഴ പഞ്ചായത്തുകളും ബത്തേരി നഗരസഭയുടെ പടിഞ്ഞാറ് ഭാഗവും ചേര്‍ന്ന് 450 ചതുരശ്ര കിലോമീറ്ററാണ് നൂല്‍പ്പുഴയുടെ കേരളത്തിലെ വൃഷ്ടിപ്രദേശം. കര്‍ണ്ണാടക വനത്തിലൂടെയാണ് ഇത് കബനിയുടെ ഭാഗമാകുന്നത്. ഇത് കബനിയില്‍ ചേരുന്നതിന് മുമ്പാണ് കര്‍ണ്ണാടകയുടെ നുകു അണക്കെട്ട് ഉള്ളത്.
കന്നാരം പുഴ
ബത്തേരി നഗരസഭയിലെ കിടങ്ങനാട് വില്ലേജില്‍ നിന്ന് ഉത്ഭവിക്കുന്ന ചെറിയ നീര്‍ച്ചാലാണ് കുറിച്ച്യാട് വന്യജീവി സങ്കേതത്തിലെ ചെതലയം വെള്ളച്ചാട്ടവുമായി സംഗമിച്ച് കുറിച്ച്യാട് വനഗ്രാമത്തെ വലം വച്ച് ഒഴുകുന്ന ഈ നീരൊഴുക്കിനെ കുറിച്ച്യാട് വനമേഖലയിലെ പുല്‍പ്പള്ളി- പൂതാടി അതിര്‍ത്തിയിലെ ചീയമ്പം 73 മുതലാണ് കന്നാരം പുഴയായി അറിയപ്പെടുന്നത്. കര്‍ണ്ണാടകത്തിന്റെ ബീച്ചനഹള്ളിയിലെ കബനി റിസര്‍വോയറിന്റെ തലഭാഗത്ത് വച്ച് കബനിയില്‍ പതിക്കുന്ന നദിയാണിത്. മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തിലെ കൊളവള്ളിയിലാണ് ഇതിന്റെ സംഗമ സ്ഥാനം. കര്‍ണ്ണാടകയില്‍ പ്രവേശിച്ച് കഴിഞ്ഞാല്‍ കബനിയിലെത്തുന്ന കൈ വഴികള്‍ നുകു, ഗുണ്ടല്‍, താരക, അബ്ബഹള്ള എന്നീ ചെറിയ നദികളുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: