കൊല്ലൂര്‍: ഭക്തിയുടെ നിറവില്‍ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ നവരാത്രി രഥോത്സവം. മഹാനവമി ദിനത്തില്‍ വൈകീട്ട് 5.40 നാണ് രഥം വലി ആരംഭിച്ചത്. രാവിലെ 11.30ന് ദശഭുജ ഗണപതി മണ്ഡപത്തില്‍ നടന്ന ചണ്ഡികായാഗത്തോടെയാണ് മഹാനവമി ആഘോഷം തുടങ്ങിയത്.
ഒന്‍പതാം ദിവസത്തെ സുഹാസിനി പൂജയ്ക്കും അകത്തെ ശീവേലിക്കും ശേഷമാണ് ദേവി വിഗ്രഹം പുറത്തേക്ക് എഴുന്നള്ളിച്ചത്. പുറത്തെ ശീവേലിക്കുശേഷം ചുറ്റമ്പലത്തിനുള്ളിലെ പുഷ്പാലംകൃതമായ രഥത്തിലേക്ക് വിഗ്രഹമേറ്റി പൂജയ്ക്കുശേഷമാണ് ഭക്തര്‍ക്ക് അനുഗ്രഹം ചൊരിഞ്ഞുകൊണ്ട് രഥം വലി ആരംഭിച്ചത്. സര്‍വ്വാഭരണവിഭൂഷിതയായ മഹാദേവിയുടെ ദര്‍ശന സായൂജ്യത്തില്‍ പതിനായിരക്കണക്കിന് ദേവീഭക്തരുടെ മനം നിറഞ്ഞു.
ക്ഷേത്ര പ്രദക്ഷിണ പഥത്തില്‍ ഒരു തവണ വലം ചുറ്റിയ പുഷ്പ രഥം വീരഭദ്രസ്വാമി ക്ഷേത്ര തിരുമുന്നില്‍ എത്തി അമ്മ അനുഗ്രഹിച്ച് നല്കിയ നാണയത്തുട്ടുകള്‍ പൂജാരിമാര്‍ വാരി വിതറി. തുടര്‍ന്ന് ദേവി വിഗ്രഹം സരസ്വതി മണ്ഡപത്തിലെ പൂജയ്ക്കുശേഷം ശ്രീകോവിലിലെത്തിച്ച് കലശപൂജ നടത്തിയതോടെയാണ് രഥോത്സവ ചടങ്ങിന് സമാപനമായത്.
ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസും സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനും ക്ഷേത്ര ദര്‍ശനത്തിനെത്തിയിരുന്നു. തന്ത്രി രാമചന്ദ്ര അഡിഗ ഉത്സവത്തിന് കാര്‍മ്മികത്വം വഹിച്ചു. വിജയദശമി ദിനമായ ഇന്നലെ നൂറുകണക്കിന് കുരുന്നുകളാണ് കൊല്ലൂരില്‍ ആദ്യക്ഷരം കുറിച്ചത്. പുലര്‍ച്ചെ നാലു മുതല്‍ സരസ്വതി മണ്ഡപത്തിനു സമീപത്തെ യാഗശാലയിലാണ് എഴുത്തിനിരുത്തല്‍ നടന്നത്. പുലര്‍ച്ചെ മുതല്‍ വന്‍ ഭക്തജനത്തിരക്കാണ് ക്ഷേത്രത്തില്‍ അനുഭവപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: