മുളങ്കുന്നത്തുകാവ്: ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നെഫ്രോളജി വിഭാഗം മേധാവിയുടെ അനധികൃത ലീവ് നൂറുകണക്കിന് രോഗികളെ ദുരിതത്തിലാഴ്ത്തുന്നു. ആശുപത്രിയിലെ ഏക ഡോക്ടറായ ഇദ്ദേഹത്തിന് തിങ്കളാഴ്ച മാത്രമാണ് ഒപി. ഈ ദിവസം അദ്ദേഹം എത്താറുമില്ല. ആഴ്ചയിലുള്ള ഓഫ് അദ്ദേഹം തിങ്കളാഴ്ചയാണ് എടുക്കുന്നത്. ഇതേത്തുടര്‍ന്ന് ആശുപത്രിയിലെത്തുന്ന രോഗികള്‍ ബഹളം വെക്കുക പതിവാണ്. വൃക്കതകരാറുമൂലം സമീപ ജില്ലയില്‍ നിന്നുള്ള രോഗികള്‍പോലും ഇവിടെയാണെത്തുന്നത്. തിങ്കളാഴ്ച ദിവസങ്ങളില്‍ ഒപിയില്‍ ഇരുന്നൂറോളം രോഗികള്‍ ചികിത്സ തേടിയെത്താറുണ്ട്. നല്ലൊരു ശതമാനവും ഡയാലിസിസ് ചെയ്യുന്നവരാണ്. സ്വകാര്യ സ്ഥാപനങ്ങളില്‍ ഇതിന് വന്‍തുക ഈടാക്കുന്നതിനാലാണ് ഇവിടെ തിരക്ക്.
ഇപ്പോള്‍ ഒരു ജൂനിയര്‍ ഡോക്ടറെയാണ് നിയോഗിച്ചിട്ടുള്ളത്. വിദഗ്ദ്ധ ഡോക്ടറുടെ സേവനം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസവും രോഗികളും ബന്ധുക്കളും ആശുപത്രിയില്‍ ബഹളം ഉണ്ടാക്കിയിരുന്നു. ഡയാലിസിസിന് വിധേയരായ രോഗികളില്‍ വ്യാപകമായി മഞ്ഞപ്പിത്തം കണ്ടെത്തിയതിനെത്തുടര്‍ന്ന് ആരോഗ്യവകുപ്പ് മന്ത്രിതന്നെ ഫോണില്‍ വിളിച്ച് ഇദ്ദേഹത്തിന് താക്കീത് നല്‍കുകയും അന്വേഷണം നടത്തുകയും ഉണ്ടായി. എന്നിട്ടും യാതൊരു മാറ്റവും ഉണ്ടായിട്ടില്ല. അതേസമയം ഡോക്ടര്‍ നഗരത്തിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ബുധന്‍, ശനി ദിവസങ്ങളില്‍ ചികിത്സ നടത്താറുണ്ട്. മെഡിക്കല്‍ കോളേജില്‍ നിന്നും വരുന്ന രോഗികള്‍ക്ക് അദ്ദേഹം ഇവിടെ മുന്‍ഗണനയും നല്കുന്നു വെന്നാണ് പരാതി. കഴിഞ്ഞ ഇടതു സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് നിരോധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: