തൃശൂര്‍: ദുരന്തവാര്‍ത്ത കേട്ടാണ് ഇന്ന് അമലനഗര്‍ ഉണര്‍ന്നത്. രാവിലെ ആറേകാലോടെ നാടിനെ നടുക്കിയ ദുരന്തവാര്‍ത്തയറിഞ്ഞ് ഓടിയെത്തിയവര്‍ കണ്ടത് ചോരക്കളമാണ്. ബസ് ഷെല്റ്ററിനകത്ത് കുടുങ്ങിക്കിടക്കുന്ന കാറും പൊളിഞ്ഞുവീണ തൂണുകളും പരിക്കേറ്റവരുടെ കരച്ചിലും. സമീപത്തെ കടകളിലുണ്ടായിരുന്നവരും നാട്ടുകാരുമൊക്കെ ഓടിയെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടങ്ങി. അപ്പോഴേക്കും ഹൈവേപോലീസും സ്ഥലത്തെത്തി. പരിക്കേറ്റവരെ നാട്ടുകാരും ഹൈവേപോലീസും ചേര്‍ന്ന് തൊട്ടുമുന്നിലുള്ള അമല ആശുപത്രിയിലേക്ക് കൊണ്ടുപോയി. കാറിനടിയില്‍ ഇരുമ്പുകമ്പികള്‍ക്കിടയില്‍ കുടുങ്ങിപ്പോയ പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി പുറത്തെടുക്കാന്‍ ഹൈവേപോലീസിനും നാട്ടുകാര്‍ക്കും സാധിച്ചില്ല. തുടര്‍ന്ന് തൃശൂരില്‍ നിന്ന് ഫയര്‍ഫോഴ്സിനെ വരുത്തിയാണ് തൂണുകള്‍ മുറിച്ചുമാറ്റി കാര്‍ പിന്നിലേക്ക് വലിച്ച് മിഷേല്‍ എന്ന പെണ്‍കുട്ടിയെ പുറത്തെടുത്തത്. ബസ് സ്റ്റോപ്പില്‍ രക്തം തളം കെട്ടി നിന്നിരുന്നു. രാവിലെയായതിനാല്‍ സ്റ്റോപ്പില്‍ തിരക്കുണ്ടായിരുന്നു. കാര്‍ ഇടിച്ചു കയറിയതിനെ തുടര്‍ന്ന് സിമന്റ് തറയും തറയില്‍ ഉറപ്പിച്ചിരുന്ന ഇരിപ്പിടങ്ങളുമെല്ലാം പൊളിഞ്ഞുവീണു. ഷെല്ട്ടറിനുമുന്നില് ഘടിപ്പിച്ചിരുന്ന ഇരുമ്പു ഗ്രില്ലുകളും തകര്‍ന്നു.
തൃശൂരിലേക്കുള്ള ബസ് കാത്ത് സാധാരണയായി നിരവധി പേരാണ് ഇവിടെ നില്‍ക്കാറുള്ളത്. ഓഫീസുകളിലേക്കും സ്കൂള്‍-കോളജുകളിലേക്കും പോകാനുള്ളവര്‍ ഇവിടെയുണ്ടാകാറുണ്ട്. അല്‍പ്പം കൂടി കഴിഞ്ഞാണ് അപകടം സംഭവച്ചിരുന്നതെങ്കില്‍ ഇതിലും വലിയ ദുരന്തത്തിന് ഇടയാക്കുമായിരുന്നു. അപകടവാര്‍ത്തയറിഞ്ഞ് നിരവധിപേരാണ് സ്ഥലത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: