തിരുവല്ല: എംസിറോഡില്‍ ഒട്ടേറെ അപകടങ്ങളുണ്ടായ പ്ലാംചുവടിലെ വളവ് നേരെയാക്കാന്‍ അധികൃതര്‍ നടപടിയെടുക്കാത്തതില്‍ വ്യാപക പ്രതിഷേധം. പെരുന്തുരുത്തിക്കുംഇടിഞ്ഞില്ലത്തിനും ഇടയിലുള്ള പ്ലാംചുവട് ജംഗ്ഷനാണ് അപകടമേഖല. ഒരു വര്‍ഷത്തിനിടെ മാത്രം ഒട്ടേറെ ചെറുതും വലുതുമായ അപകടങ്ങള്‍ ഇവിടെയുണ്ടായി. രാപകല്‍ വ്യത്യാസമില്ലാതെ അമിത വേഗതയിലെത്തുന്ന വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് മിക്കപ്പോഴും ഇവിടുത്തെ വളവില്‍ അപകടങ്ങള്‍ ഉണ്ടാകുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.
എംസി റോഡ് വികസനത്തിന്റെ ഭാഗമായി അപകടങ്ങള്‍ കുറയ്ക്കാന്‍ ഈഭാഗത്തെ വളവ് നിവരുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഇതുവരെയും നടപടിയില്ല. എംസിറോഡ് വികസിപ്പിക്കുന്നതിന്റെ ഭാഗമായി വര്‍ഷങ്ങള്‍ക്ക് മുമ്പ് അലൈന്മെന്റ് നിശ്ചയിച്ചപ്പോള്‍ വളവ് നേരെയാക്കാന്‍ നടപടിയുണ്ടായതായി നാട്ടുകാര്‍ പറഞ്ഞു. സ്ഥലം ഏറ്റെടുത്തപ്പോള്‍ വളവ് നേരെയാക്കി അതിരുകള്‍ തിട്ടപ്പെടുത്തി കല്ലുകളും സ്ഥാപിച്ചു. എന്നാല്‍ കാലങ്ങള്‍ കഴിഞ്ഞതോടെ അതിരുകല്ലുകള്‍ ചിലര്‍ നീക്കംചെയ്തതായി സംശയിക്കുന്നു. റവന്യു അധികൃതരുടെ നേതൃത്വത്തില്‍ സ്ഥാപിച്ച അതിരുകല്ലുകളില്‍ മാറ്റം സംഭവിച്ചതാണ് റോഡിന്റെ വളവ് നേരെയാകാത്തതിന് കാരണമെന്ന് സമീപവാസികള്‍ വ്യക്തമാക്കുന്നു. റോഡിന്റെ വശങ്ങളിലെ ഉയരം നിര്‍ണ്ണയിച്ച് അടുത്തിടെ കോണ്‍ക്രീറ്റ് ചെയ്തിരുന്നതാണ്. എന്നാല്‍ മെറ്റലും ക്വാറി മണ്ണും നിരത്തി ഉറപ്പാക്കിയ റോഡ് കഴിഞ്ഞ ദിവസംമുതല്‍ ഉറപ്പിച്ച ഭാഗങ്ങള്‍ ഇളക്കി വീണ്ടും കുഴിയാക്കിയതോടെയാണ് കൂടുതല്‍ സംശയം ഉയര്‍ത്തിയത്. ചില സ്വകാര്യ വ്യക്തികള്‍ സ്വാധീനം ചെലുത്തി റോഡിന്റെ അലൈന്മെന്റില് മാറ്റം വരുത്തിയെന്നാണ് നാട്ടുകാര്‍ ഉന്നയിച്ച പ്രധാന പരാതി. ഇതിന്റെ ഭാഗമായാണ് അടുത്തിടെ ഉയര്‍ത്തി നിര്‍മ്മിച്ച ഭാഗങ്ങളിലെ മണ്ണ് നീക്കി റോഡ് വീണ്ടും താഴ്ത്തിയതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. ജനങ്ങളുടെ പരാതികള്‍ തീര്‍ത്ത് അപകട മേഖലയിലെ റോഡ് നിവര്ക്കാനും അധികൃതര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ പ്രക്ഷോഭം തുടങ്ങാനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: