പത്തനംതിട്ട: ഡോക്ടര്‍മാര്‍ കൂട്ടത്തോടെ മിക്ക ദിവസങ്ങളിലും അവധിയെടുക്കുന്നതു ജനറല്‍ ആശുപത്രിയിലെ രോഗികളെ ദുരിതത്തിലാക്കുന്നു.
ആവശ്യത്തിന് മരുന്നുകള്‍ പോലും ലഭ്യമല്ല. എല്ലാം പുറത്തെ മെഡിക്കല്‍ സ്റ്റോറുകളിലേക്കും ലാബുകളിലേക്കും കുറിച്ചുകൊടുക്കുന്നു. പ്രധാന ഓപ്പറേഷന് തീയേറ്റര്‍ അടച്ചിട്ടിട്ട് ഒരു വര്‍ഷം കഴിഞ്ഞു. മൂന്ന് കോടി രൂപ ചെലവിട്ടാണ് പുതിയ ബ്ലോക്കിന്റെ നാലാം നിലയില്‍ ആധുനിക ഓപ്പറേഷന് തീയേറ്റര്‍ സജ്ജീകരിച്ചത്. ആറ് മേശകളിലായി ഒരേ സമയം ശസ്ത്രക്രിയ നടത്താനുള്ള സൗകര്യമുണ്ട്. നിസാര പ്രശ്നങ്ങളുടെ പേരില്‍ അടച്ചിട്ടിരിക്കുകയാണ്. ഇപ്പോള്‍ ചെറിയ ശസ്ത്രക്രിയകള്‍ മാത്രം അത്യാഹിത വിഭാഗത്തില്‍ നടത്തുന്നു. ഈച്ചയും കൊതുകും മൂലം ഈ ശസ്ത്രക്രിയ മുറിയില്‍ ഒരു നിമിഷം പോലും നില്ക്കാന് കഴിയാത്ത അവസ്ഥയാണ്.
സ്കാനിങ്, എക്സറേ മെഷിനുകള്‍ ഉണ്ടെങ്കിലും പ്രവര്‍ത്തിപ്പിക്കാനാളില്ല. ഇതിനും പുറത്തെ സ്വകാര്യ ലാബുകളിലേക്ക് പറഞ്ഞുവിടുന്നു. വിവിധ രക്ത പരിശോധനകളും പുറത്ത് ലാബില്‍ നടത്താന്‍ പറഞ്ഞുവിടുകയാണ്. രാത്രി ഏഴ് കഴിഞ്ഞ് നിസാര അസുഖങ്ങളുമായി വരുന്നവരെ പോലും കോട്ടയം മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുന്നു. വൈകുന്നേരം കഴിഞ്ഞ് എത്തുന്ന രോഗികളെ പരിശോധിക്കാന്‍ ഡ്യൂട്ടി ഡോക്ടര്‍മാര്‍ക്ക് വൈമനസ്യമാണെന്ന് വ്യാപക പരാതിയാണ് ഉയര്‍ന്നിരിക്കുന്നത്. ആശുപത്രിയിലെ ശോചനീയാവസ്ഥ റിപ്പോര്‍ട്ട് ചെയ്യാനെത്തുന്ന മാധ്യമ പ്രവര്‍ത്തകരെ തടയുന്നതും ഇപ്പോള്‍ പതിവാണ്.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നിത്യവും നൂറുകണക്കിന് രോഗികളാണ് ചികിത്സതേടി എത്തുന്നത്. 30 ഓളം ഡോക്ടര്‍മാരാണുള്ളത്. ഇതില്‍ മിക്കവരും മിക്ക ദിവസവും അവധിയിലാണ്. മുന്‍കൂട്ടി അവധി റിപ്പോര്‍ട്ട് ചെയ്യാറില്ലെന്ന് അറിയുന്നു. രാവിലെ 9.30 ന് എത്തി ഉച്ചക്ക് 12.30 മണിയോടെ മിക്കവരും സ്ഥലംവിടും. പുറത്തെ സ്വകാര്യ ചികിത്സയോടാണ് ഡോക്ടര്‍മാര്‍ക്ക് താല്പര്യം. ഉച്ചക്കുശേഷം ഇവര്‍ താമസിക്കുന്ന വീടുകളില്‍ രോഗികളുടെ വന്‍ തിരക്കാണ്. രോഗികളുടെ പരിശോധനകളുമായി ബന്ധപ്പെട്ട നിരവധി ഉപകരണങ്ങളാണ് ആശുപത്രിക്കുള്ളില്‍ പൊടിപിടിച്ച് കിടക്കുന്നത്. ചിലത് നിസാര കേടുകള്‍ പറ്റിയതിന്റെ പേരില്‍ ഉപേക്ഷിച്ചിരിക്കുന്നു. ആശുപത്രി പ്രവര്‍ത്തനം നിയന്ത്രിക്കേണ്ട സൂപ്രണ്ടിന്റെ അനാസ്ഥ രോഗികളെ ദുരിതത്തിലാക്കുന്നതായാണ് ആക്ഷേപം ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: