കൊച്ചി: നവജാത ശിശുക്കളിലും, കുട്ടികളിലും വര്‍ദ്ധിച്ചുവരുന്ന നേത്ര വൈകല്യങ്ങളും, കാഴ്ചക്കുറവും മുന്‍നിര്‍ത്തി ഗിരിധര്‍ ഐ ഇന്‍സ്റ്റിറ്റ്യൂട്ടും, എസ്എസ്എം ഐ റിസര്‍ച്ച് ഫൗണ്ടേഷനും സംയുക്തമായി പീഡിയാട്രിക് ഒഫ്താല്‍മോളജി വിദഗ്ധരുടെ ദേശീയ ശാസ്ത്ര സമ്മേളനം സംഘടിപ്പിച്ചു. കുട്ടികളിലെ നേത്രരോഗ നിര്‍ണയം, ചികിത്സ എന്നിവയില്‍ അവലംബിക്കേണ്ട നൂതന ശാസ്ത്ര സാങ്കേതിക വിദ്യകളും, കാഴ്ചശക്തിയും, സ്വാഭാവിക വളര്‍ച്ചയും സംബന്ധിച്ച് രക്ഷിതാക്കളിലും, അധ്യാപകരിലും, സാമൂഹിക സംഘടനകളിലും നടത്തേണ്ട ബോധവല്‍ക്കരണവും ചര്‍ച്ചാവിഷയമായി.
സംസ്ഥാന ഒഫ്താല്‍മോളജിക്കല്‍ സൊസൈറ്റി പ്രസിഡന്റ് ഡോ. മഹാദേവന് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഡോ. എ. ഗിരിധര്‍ അധ്യക്ഷത വഹിച്ചു. കൊച്ചിന് ഒഫ്താല്‍മിക് ക്ലബ്ബ് പ്രസിഡന്റ് ഡോ. ജോഗി ജോസഫ്, ഡോ. എസ്.ജെ. സായ്കുമാര്, ഡോ. നീന. ആര് എന്നിവര്‍ സംസാരിച്ചു. പ്രശസ്ത സ്ട്രബിസ്മോളജിസ്റ്റും ചെന്നൈ ശങ്കര നേത്രാലയത്തിന്റെ വൈസ് ചെയര്‍മാനുമായ ഡോ. ടി.എസ്. സുരേന്ദ്രന് കുട്ടികളിലെ വിഷമ ദൃഷ്ടി / കോങ്കണ്ണ് സംബന്ധിച്ച് മുഖ്യപ്രഭാഷണം നടത്തി.
കുട്ടികളിലെ നേത്ര വൈകല്യങ്ങള്‍ സംബന്ധിച്ച് നാല് സെഷനുകള്‍ നടന്നു. ഡോ. മീനാക്ഷി എസ്, ഡോ. രമേഷ് കെക്കുനയ്യ, ഡോ. തോമസ് മാത്യു, ഡോ. അനിത ബാലചന്ദ്രന്, ഡോ. എലിസബത്ത് ജോസഫ്, ഡോ. ലൈല മോഹന്‍, ഡോ. നീന ആര് എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: