പത്തനംതിട്ട: കാടുമൂട വീട്ടിലെ മാലിന്യക്കൂമ്പാരത്തില്‍ ഒറ്റപ്പെട്ട നിലയില്‍ കണ്ടെത്തിയ ഓമല്ലൂര്‍ പൈവള്ളിഭാഗം ഇലവുംകണ്ടത്തില്‍ അന്നമ്മ മാമ്മനെ സംരക്ഷണാര്‍ത്ഥം അടൂര്‍ മഹാത്മ ജനസേവനകേന്ദ്രം ഏറ്റെടുത്തു. ഇവരുടെ വീട്ടില്‍ നിന്ന് കുടുംബശ്രീ പ്രവര്‍ത്തകര്‍ മൂന്ന് ലക്ഷത്തിലധികം രൂപയും രേഖകളുമാണ് കണ്ടെത്തിയത്.
ഈ തുക ഗ്രാമപഞ്ചായത്ത് അധികൃതര്‍ അന്നമ്മക്ക് ഉപയോഗിക്കത്തക്ക വിധത്തില്‍ ബാങ്കില്‍ നിക്ഷേപിച്ചു. മാസങ്ങളോളം വെള്ളവും മിഠായിയും കഴിച്ച് കഴിഞ്ഞിരുന്ന ഇവരുടെ ശാരീരിക സ്ഥിതി മോശമെന്നു കണ്ട് മഹാത്മ ഇടപെട്ട് കഴിഞ്ഞ ദിവസം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വിദഗ്ധ ചികിത്സ ആവശ്യമായതിനാല്‍ തുടര്ചികിത്സക്കായ് തിരുവല്ല ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കൊളജ് ആശുപത്രിയിലേക്ക് മാറ്റി. ജില്ലാ സാമൂഹിക നീതി ചാര്‍ജ് ഓഫിസര്‍ അജീഷിന്റെ നിര്‍ദ്ദേശപ്രകാരം ജനസേവനകേന്ദ്രം ചെയര്മാന് രാജേഷ് തിരുവല്ല, സെക്രട്ടറി പ്രീഷീല്‍ഡ, ജോയന്റ് സെക്രട്ടറി സി.വി ചന്ദ്രന്, ട്രഷറര്‍ അനു എ. നായര്‍, കെയര്‍ടേക്കര്‍ ബിന്ദു എന്നിവര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിയാണ് ഏറ്റെടുത്തത്. ഇവരുടെ അവസ്ഥയില്‍ സഹായമായി മാറിയ ഗ്രാമപഞ്ചായത്തംഗം ലക്ഷ്മി മനോജ്, സാമൂഹിക പ്രവര്ത്തകന് സുരേഷ്, കുടുംബശ്രീ പ്രവര്‍ത്തകര്‍, എസ്.ഐ മണിയുടെ നേതൃത്വത്തിലുള്ള പൊലീസ് എന്നിവര്‍ സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: