ഓമല്ലൂര്‍: ശ്രീ രക്തകണ്ഠസ്വാമിക്ഷേത്ര ജംഗ്ഷനില്‍ നിന്നും കഴിഞ്ഞ ദിവസം കാണാതായ ശിലാവിഗ്രഹം കണ്ടെത്തി. ഇലന്തൂര്‍ സ്റ്റേഡിയത്തില്‍ ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ വിഗ്രഹം കണ്ടതായാണ് പോലീസ് പറയുന്നത്. ഇന്നലെ പുലര്‍ച്ചെ അഞ്ച് നാല്പത്തി അഞ്ചോടെ പ്രദേശവാസികള്‍ ചാക്കുകെട്ടിന്റെ വിവരം ആറന്മുള പോലിസില്‍ വിളിച്ചറിയിക്കുകയായിരുന്നത്രേ.
പോലീസ് അറിയിച്ചതിനെ തുടര്‍ന്ന് ഓമല്ലൂരില്‍ നിന്നും ഭക്തജനങ്ങളെത്തി വിഗ്രഹം തിരിച്ചറിഞ്ഞു. അന്യാദൃശ്യമായ ശില്പചാതുരിയില് ഒറ്റക്കല്ലില്‍ കൊത്തിയെടുത്ത വിഗ്രഹത്തിനെ നാഗങ്ങള്‍ അലങ്കരിക്കുന്നു. നാലു വശവും ശില്പചാതുരി നിറഞ്ഞു നില്ക്കുന്ന ഈ ശിലാവിഗ്രഹം വിലമതിക്കാനാകാത്തതാണെന്നു പറയപ്പെടുന്നു.
കഴിഞ്ഞ വ്യാഴാഴ്ച്ച വൈകിട്ടാണ് വിഗ്രഹം കാണാതായ വിവരം ഭക്തര്‍ അറിയുന്നത്. നാലു പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പ്രതിഷ്ഠിച്ച ശിവചൈതന്യമുള്ള ഈ വിഗ്രഹത്തിനുചുറ്റുപാടും കാലക്രമത്തില്‍ ചെടികളും വള്ളിപ്പടര്‍പ്പും നിറഞ്ഞ് ചെറുകാവായി മാറിയിരുന്നു. വിഗ്രഹം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഭക്തര്‍ ഇവിടെ പുതിയ നാഗരാജ വിഗ്രഹം പ്രതിഷ്ഠിച്ചിരുന്നു.
ആറന്മുള പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുന്ന വിഗ്രഹം നിയമനടപടികള്‍ പൂര്‍ത്തിയാക്കി ഉടന്‍ തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയിലാണ് ഭക്തര്‍. വിരലടയാള വിദഗ്ധരടക്കമുള്ളവര്‍ തെളിവുകള്‍ ശേഖരിച്ചു. എന്നാല്‍ വിഗ്രഹത്തില്‍ എണ്ണപൂശിയ നിലയില്‍ കണ്ടെത്തിയത് വിരലടയാളമടക്കമുള്ള തെളിവുകള്‍ നശിപ്പിക്കാനാണെന്നും സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: