പത്തനംതിട്ട : ആറന്മുള പുഞ്ചയില്‍ നടന്നുവരുന്ന നില മൊരുക്കലിന്റെ രണ്ടാംഘട്ടം നാളെ രാവിലെ 9.30ന് ആരംഭിക്കും . ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രവുമായി ബന്ധമുളള ‘തെച്ചിക്കാവ്’ ഉള്‍പ്പെടുന്ന പന്നിവേലിമൂല ഭാഗത്താണ് കാര്‍ഷിക ആചാര പ്രകാരം നില മൊരുക്കല്‍ ആരംഭിക്കുന്നത് . രണ്ടായിരം ഏക്കറോളം വരുന്ന ആറന്മുള പുഞ്ചയുടെ ഭൂരിഭാഗവും മലപ്പുഴശ്ശേരി വില്ലേജിലാണു സ്ഥിതി ചെയ്യുന്നത്. മല്ലപ്പുഴശ്ശേരി വില്ലേജില്‍ ഉള്‍പ്പെടുന്ന പ്ലാംകുന്ന് , കുരുമുളകുന്ന്, ചാമക്കാല, തുരുത്തിമല, പുന്നാക്കുഴി, കുറുന്താര്‍, മുട്ടത്തുമണ്‍, പടാരം, ചാക്കകുന്ന് തുടങ്ങിയ 20 ഓളം ഭാഗങ്ങളിലായാണു ആറന്മുള പുഞ്ച വ്യാപിച്ചു കിടക്കുന്നത്
പുഞ്ചയുടെ പ്രധാന ജലസ്രോതസ്സായ വലിയ തോടിന്റെ കൈവഴികളായ കരിമാരം തോടും, ആറന്മുള ചാലും നിയമവിരുദ്ധമായി മണ്ണിട്ടു മൂടിയതിനാല്‍ ഉണ്ടായ വെള്ളക്കെട്ട് പല ഭാഗങ്ങളിലും നിലമൊരുക്കല്‍ അസാദ്ധ്യമായിരിക്കുകയാണ്. ജില്ലാ ഭരണകൂടും ഉടന്‍ തന്നെ ഇടപെട്ട് തോടും ചാലും പൂര്‍വ്വസ്ഥിതിയിലാക്കിയില്ലെങ്കില്‍ നവംബറില്‍ സര്‍ക്കാര്‍ കലണ്ടര്‍ പ്രകാരം കൃഷി നടക്കുന്ന കാര്യം വിഷമകരമാകുമെന്നാണ് കര്‍ഷകരുടെ അഭിപ്രായം.
തടാകം പോലെ വെള്ളക്കെട്ടു രൂപപ്പെട്ടതിനാല്‍ പുഞ്ചയില്‍ പല ഭാഗങ്ങളിലായി നിലനിന്നിരുന്ന ഒറ്റമാങ്കുന്ന് പോലുള്ള ജൈവവൈവിദ്ധ്യമുള്ള പല കുന്നുകളും അപ്രത്യക്ഷമായിരിക്കുകയാണ്. പുഞ്ചയിലെ കൊയ്ത്തുകാലത്ത് പ്രസ്തുത കുന്നുകളില്‍ താല്‍ക്കാലിക ഹോട്ടലുകള്‍ വരെ പ്രവര്‍ത്തിച്ചിരുന്നു. ആറന്മുളയുടെ വിപുലമായ കാര്‍ഷിക സംസ്കൃതി ഒരു അളവു വരെയെങ്കിലും തിരികെയെത്തിക്കാനാണ് കൃഷിവകുപ്പും പാടശേഖരസമിതികളും ചേര്‍ന്നു പ്രവര്‍ത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: