കല്‍പ്പറ്റ : കല്‍പ്പറ്റ : വയനാടിനെ വരള്‍ച്ചബാധിത ജില്ലയായി പ്രഖ്യാപിക്കണമെന്ന് ഭാരതീയ ജനതാ കര്‍ഷക മോര്‍ച്ച ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കാലാവസ്ഥാ വ്യാതിയാനം മൂലം ഇതാദ്യമായാണ് ജില്ലയില്‍ അറുപത് ശതമാനം മഴക്കുറവ് രേഖപ്പെടുത്തിയത്. കിണറുകളിലും ജലാശയങ്ങളിലും പുഴകളിലും ജലനിരപ്പ് ആശങ്കാജനകമായി താണുകൊണ്ടിരിക്കുന്നു. ചെറിയ തോടുകളും നീര്‍ച്ചാലുകളും വറ്റിവരണ്ടു. ഭൂഗര്‍ഭവിതാനം എഴ് അടിയിലധികം കുറഞ്ഞു.
മിക്ക ചെക്ക്ഡാമുകളും ഉപകാരപ്രദമല്ലാത്ത നിലയിലാണ്. പലതിനും ഷട്ടറുകളോ പലകകളോ ഇല്ല. ത്രിതല പഞ്ചായത്ത് ഭരണസമിതികളോ ബന്ധപ്പെട്ട വകുപ്പുകളോ ഇതൊന്നും ശ്രദ്ധിക്കുന്നില്ല. ജില്ലയുടെ പല ഭാഗങ്ങളിലും രൂക്ഷമായ കുടിവെള്ള ക്ഷാമം തുടങ്ങി. നെല്‍കൃഷി വരണ്ടുണങ്ങി. ഈ വര്‍ഷം നട്ട തൈകളെല്ലാം വാടി. കാപ്പി, കുരുമുളക്, അടക്ക, വാഴ, കിഴങ്ങുവര്ഗ്ഗങ്ങളുടെയെല്ലാം വരള്‍ച്ച മുരടിച്ചു. കൃഷി ഭവനുകള്‍ നോക്കുകുത്തികള്മാത്രമായിരിക്കുകയാണ്.
ജില്ലയിലെ കര്‍ഷകര്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് പ്രത്യേക കാര്‍ഷിക പാക്കേജ് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ‘ഭാരതീയ കര്‍ഷക മോര്‍ച്ച ദേശീയ സെക്രട്ടറി പി.സി.മോഹനന് മാസ്റ്ററുടെ നേതൃത്വത്തില്‍ പ്രധാന മന്ത്രിക്കും കേന്ദ്ര കൃഷി വകുപ്പ് മന്ത്രിക്കും കര്‍ഷക മോര്‍ച്ച വയനാട് ജില്ലാ കമ്മിറ്റി നിവേദനം നല്‍കുമെന്നും നേതാക്കള്‍ അറിയിച്ചു.
യോഗത്തില്‍ ജില്ലാ പ്രസിഡന്റ് വി.കെ.രാജന് അദ്ധ്യക്ഷത വഹിച്ചു. പി.കെ.മാധവന്, പള്ളിയറ രാമന്, സുരേഷ് അരിമുണ്ട്, വി.കെ. സദാനന്ദന്, പ്രവീണ്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: