ഹിന്ദുക്കള്‍ ഒരു സമൂഹമല്ല, വെറുമൊരു ജനക്കൂട്ടം മാത്രമാണെന്നായിരുന്നു 19-ാം നൂറ്റാണ്ടിലെ പല പാശ്ചാത്യ സാമൂഹ്യശാസ്ത്രജ്ഞന്മാരുടെയും അഭിപ്രായം. അച്ചടക്കത്തിന്റെയും സുസംഘടിതമായൊരു നേതൃത്വത്തിന്റെയും അഭാവമായിരുന്നു ഈ വീക്ഷണത്തിന് പിന്നിലുള്ള കാരണങ്ങള്‍. സമൂഹത്തിന്റെ സാംസ്കാരിക പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതില്‍ ക്ഷേത്രങ്ങള്‍ക്കും ക്ഷേത്രാചാരങ്ങള്‍ക്കും വഹിക്കാന്‍ കഴിയുന്ന പങ്കിനെക്കുറിച്ച് ഹിന്ദുക്കള്‍ ബോധവാന്മാരായാല് അച്ചടക്കവും സംഘടനാബോധവും വളര്‍ത്തിയെടുക്കുവാന്‍ അത് വളരെ സഹായകമാകുമെന്ന കാര്യത്തില്‍ സംശയമില്ല.
ഉദാഹരണമായി രാമായണമാസാചരണം പോലുള്ള അനുഷ്ഠാനങ്ങള്‍ തന്നെയെടുക്കുക. യാന്ത്രികമായ രാമായണപാരായണത്തിനപ്പുറം ശ്രീരാമന്, സീതാദേവി, ഹനുമാന് തുടങ്ങിയ ഉത്കൃഷ്ട കഥാപാത്രങ്ങളുടെ വ്യക്തിത്വം മനസ്സിലാക്കി അതില്‍നിന്നും പഠിക്കേണ്ട, ജീവിതസ്പര്‍ശിയായ ആദ്ധ്യാത്മികവും സാന്മാര്ഗികവുമായ പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞാല്‍ അത് സ്വഭാവരൂപീകരണത്തിനുള്ള മാര്‍ഗമായിത്തീരും.
വ്യക്തികളുടേയും സമൂഹത്തിന്റെയും സ്വഭാവ രൂപീകരണത്തില്‍ ഇത്തരം ക്ഷേത്രാചാരങ്ങള്‍ക്കുള്ള പ്രാധാന്യം മനസ്സിലാക്കാതെ വെറും ‘പാരായണം’ മാത്രമായാല്‍ അതുകൊണ്ട് വലിയ ഫലമൊന്നുമുണ്ടാവില്ല.
ആധുനികശാസ്ത്രത്തിന്റെ വിവിധ മേഖലകളില്‍ അതിശീഘ്രം ഉണ്ടായിക്കൊണ്ടിരിക്കുന്ന വിപ്ലവകരങ്ങളായ പരിവര്‍ത്തനങ്ങളുടെ ഫലമായി ലോകം ഇന്ന് ‘ചെറുതാ’യിക്കൊണ്ടിരിക്കുന്നു. ആധുനിക ഇലക്ട്രോണിക് മാധ്യമങ്ങളുടെ പ്രചാരത്തോടുകൂടി ആശയവിനിമയങ്ങള്‍ക്കുള്ള സൗകര്യങ്ങളും സാഹചര്യങ്ങളും പതിന്മടങ്ങ് വര്‍ധിച്ചിരിക്കുന്നു. പുറത്തെവിടെയും പോകാതെ സ്വന്തം വീട്ടിലെ മുറിയില്‍ ഇരുന്ന് കേബിള്‍ ടിവി പ്രവര്‍ത്തിപ്പിച്ചാല്‍ തന്നെ രാഷ്ട്രത്തിന്റെ സാംസ്കാരിക പൈതൃകത്തെ തൂത്തെറിയാന്‍ തക്ക ശക്തിയുള്ള പാശ്ചാത്യരുടെ സാംസ്കാരിക മാലിന്യങ്ങള്‍ നമ്മുടെ മനസ്സുകളെ കീഴടക്കുമെന്നുള്ള സാഹചര്യമാണ് ഇന്ന് ഇവിടെ നിലവിലുള്ളത്. ഈ ഭീഷണി നേരിടുവാന്‍ ഒറ്റ വഴിയേ ഉള്ളൂ.
ബാല്യകാലത്തുതന്നെ കുട്ടികളുടെ മനസ്സുകളില്‍ ഭാരതത്തിന്റെ പരമ്പരാഗതമായ ആദ്ധ്യാത്മിക മൂല്യങ്ങള്‍ കടന്നുകയറുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുക. ശ്രീരാമചന്ദ്രന്റെ കഥ വായിക്കുകയും കേള്‍ക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യാതെ ‘സത്യം വദ, ധര്‍മം ചര’ ‘മാതൃദേവോ ഭവ’, പിതൃദേവോ ഭവ’, തുടങ്ങിയ തത്വങ്ങളുടെ പ്രായോഗിക രൂപമെന്താണെന്ന് മനസ്സിലാവുന്നില്ല. ഉത്സവാഘോഷങ്ങള്‍ക്കും മറ്റും ചെലവിടുന്ന സമ്പത്തിന്റെ കാര്യമായൊരു ഭാഗം സമൂഹത്തിന്റെ സേവനത്തിനുവേണ്ടി ഉപയോഗിച്ചാലേ ക്ഷേത്രാചാരങ്ങള്കൊണ്ട് ഹിന്ദുസമൂഹത്തിന് എന്തെങ്കിലും പ്രയോജനമുണ്ടാകൂ.
ഇന്നത്തെ സ്കൂള്‍-കോളജ് വിദ്യാഭ്യാസ പദ്ധതിയില്‍ ആദ്ധ്യാത്മിക മൂല്യങ്ങള്‍ പഠിപ്പിക്കുന്നതിനുള്ള ഒരു സംവിധാനവുമില്ല. ഈ അഭാവം നികത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുവാന്‍ ക്ഷേത്രാചാരങ്ങള്‍ക്ക് കഴിയും. നമ്മുടെ ആദ്ധ്യാത്മിക പൈതൃകം ഉള്ക്കൊള്ളുവാനുതകുന്ന രീതിയില്‍ പുരാണേതിഹാസങ്ങളെയും ഭഗവദ്ഗീതയെയും പറ്റിയുള്ള ബോധവത്കരണ പരിപാടികള്‍ ക്ഷേത്രാഘോഷങ്ങളുടെ അവിഭാജ്യഘടകമായി നടത്തുകയും, അത്തരം പരിപാടികളില്‍ പങ്കെടുക്കുന്നത് ക്ഷേത്രദര്‍ശനത്തിന്റെ ഒഴിവാക്കാനാകാത്ത പവിത്രകര്ത്തവ്യമായെടുക്കുകയും ചെയ്താല്‍ സാമൂഹ്യ-സാംസ്കാരിക മണ്ഡലങ്ങളില്‍ നാം ഇന്ന് അഭിമുഖീകരിക്കുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരം കണ്ടെത്താന്‍ കഴിയും.
ഇത്തരം ആശയങ്ങള്‍ മനസ്സിലാക്കി നടപ്പില്‍ വരുത്തണമെങ്കില്‍ ചില മാമൂലുകളും വായ്ത്താരികളും അന്ധമായി പിന്തുടരുന്നവരുടെ കൈകളില്‍നിന്ന് ക്ഷേത്രങ്ങളെ മോചിപ്പിക്കണം. പരമ്പരാഗതമായ ആദ്ധ്യാത്മിക പാരമ്പര്യവും ആധുനിക വിദ്യാഭ്യാസവുമുള്ളവര്ക്കേ ഇത്തരം ആശയങ്ങള്‍ ബുദ്ധിപരമായിട്ടെങ്കിലും മനസ്സിലാക്കാന്‍ കഴിയൂ.
ഭാരതത്തിന്റെ സ്വാതന്ത്ര്യസമരത്തിന് നേതൃത്വം കൊടുത്ത ദേശീയ നേതാക്കന്മാരുടെ വ്യക്തിത്വം പഠിച്ചാല്‍ വെളിവാകുന്ന ഒരു പരമാര്‍ത്ഥം ഉണ്ട്. ഏറ്റവും ഉയര്‍ന്ന രീതിയില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയവരായിരുന്നുവെങ്കില്ക്കൂടി സംസ്കാരംകൊണ്ടും ജീവിതശൈലികൊണ്ടും അവര്‍ തികച്ചും ഭാരതീയ തനിമയില്‍ അടിയുറച്ചവരായിരുന്നു. ഗോപാലകൃഷ്ണഗോഖലെ, ലോകമാന്യതിലകന്‍ എന്നിവര്‍ തുടങ്ങി മഹാത്മാഗാന്ധി, രാജാജി തുടങ്ങിയവര്‍ വരെയുള്ളവര്‍ ഇപ്രകാരം ഉള്ളവരായിരുന്നു.
ആധുനിക ഹിന്ദുമതത്തിന്റെ ഉപജ്ഞാതാവായ വിവേകാനന്ദ സ്വാമികള്‍ നമ്മുടെ പൗരാണികമായ ഭാരതീയ ആദ്ധ്യാത്മിക പൈതൃകത്തിന്റെ അന്തഃസത്തയും ആധുനിക പാശ്ചാത്യ സംസ്കാരങ്ങളുടെ നല്ല വശങ്ങളും ഒരുപോലെ ഉള്‍ക്കൊണ്ടിരുന്നതുകൊണ്ടാണ് ആധുനിക മനുഷ്യന് മനസ്സിലാകുന്ന ഭാഷയില്‍ ഹിന്ദുമതത്തെ വ്യാഖ്യാനിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞത്. ‘ക്ഷേത്രങ്ങള്‍ വെറും പൂജാമുറികള്‍ മാത്രമായി ചുരുങ്ങരുത്’, സ്വാമിജി വീണ്ടും വീണ്ടും ഹിന്ദുസമൂഹത്തെ ഓര്‍മിപ്പിക്കാറുള്ള ഒരു വസ്തുതയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: