തിരുനെല്ലി : കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വനംവകുപ്പ് വാച്ചര്‍ ബൊമ്മന്റെ മൃതദേഹം സംസ്ക്കരിച്ചു. ബുധനാഴ്ച്ച 11 മണിയോടെ വനംവകുപ്പിന്റെ ഔദ്യോഗിക ബഹുമതികളോടെയാണ് ബേഗൂര്‍ കോളനിയുടെ സമീപത്തുള്ള ശ്മശാനത്തില്‍ സംസ്ക്കരിച്ചത്. ചൊവ്വാഴ്ച്ച അഞ്ച് മണിയോടെ പോലീസ് സര്ജ്ജന് മനു ജോസഫിന്റെ നേതൃത്വത്തില്‍ ജില്ലാ ആശുപത്രിയില്‍ നിന്നും പോസ്റ്റ്മോര്‍ട്ടം നടത്തി. മാനന്തവാടി ഫോറസ്റ്റ് ഡിവിഷന് ഓഫീസില്‍ പൊതുദര്‍ശനത്തിനു വെച്ച ശേഷമാണ് ആറ് മണിയോടുകൂടി ബേഗൂര്‍ കോളനിയില്‍ എത്തിച്ചത്. ചൊവ്വാഴ്ച്ച രാവിലെ 10 മണിയോടുകൂടി എണ്ബത്ത് പ്ലാന്റേഷനിലെ തേക്ക് തടികള്‍ക്ക് മാര്ക്കിടുന്നതിനിടയിലാണ് ആനയുടെ ആക്രമണമുണ്ടായത്. കൂട്ടത്തില്‍ രണ്ട് വനിത ഗാര്ഡുമാരുമുണ്ടായിരുന്നു. ഇവര്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. സമീപത്ത് ഡിഎഫ്ഓയും സംഘവും മാര്‍ക്കിട്ട മരങ്ങളുടെ കണക്കെടുക്കുന്നുണ്ടായിരുന്നു. ചീറിയടുക്കുന്ന ആനയെ കണ്ട് ഓടി രക്ഷപ്പെടുന്നതിനിടയില്‍ ബൊമ്മന് വീഴുകയായിരുന്നു. വനപാലകര്‍ ആനയെ തുരത്തിയതിനുശേഷം തിരച്ചില്‍ നടത്തിയാണ് വാച്ചറെ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: