കൊളത്തൂര്‍: രണ്ടു വര്‍ഷം മുന്‍പ് റബറൈസഡ് ചെയ്ത് ഗതാഗത യോഗ്യമാക്കിയ കൊളത്തൂര്‍ ചട്ടിപ്പറമ്പ് റോഡ് തകര്‍ന്നു നാമാവശേഷമായി. പലകപ്പറമ്പ് സെന്റര്‍, കമ്പനിപടി എന്നിവിടങ്ങളില്‍ റോഡ് പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. ഇത്കാരണം ഗതാഗതം ദുഷ്കരമായിരിക്കുകയാണ്. മുന്‍ സര്‍ക്കാരിന്റെ കാലത്തു റബറൈസ്ഡ് ചെയ്ത ഈ റോഡില്‍ ഓടകളുടെ അഭാവവും മഴവെള്ളം റോഡില്‍ കെട്ടിനില്ക്കാന് ഇടവന്നതുമാണ് റോഡിന്റെ തകര്‍ച്ചക്ക് ആക്കം കൂട്ടിയത്. ദീര്‍ഘവീക്ഷണമില്ലാത്ത ഇത്തരം കാട്ടിക്കൂട്ടലുകള്‍ക്കെതിരെ അന്നേ വിമര്‍ശനം ഉയര്‍ന്നിരുന്നു. പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ളവര്‍ കാലിക്കറ്റ് എയര്‍പോര്‍ട്ടില്‍ എത്താന്‍ പ്രധാനമായും ആശ്രയിക്കുന്ന റോഡുകളില്‍ ഒന്നാണിത്. മലപ്പുറം ജില്ലാ ആസ്ഥാനത്തേക്കും എളുപ്പമെത്തിച്ചേരാനുള്ള മാര്‍ഗമാണ് കൊളത്തൂര്‍ ചട്ടിപ്പറമ്പ് വഴി മലപ്പുറത്തേക്കുള്ള ഈ റോഡ്. അതുകൊണ്ട് റോഡിന്റെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: