കല്‍പ്പറ്റ : കേരള സര്‍ക്കാര്‍ സാമൂഹ്യനീതി വകുപ്പിന്റെ കീഴിലെ വയനാട് ചില്‍ഡ്രന്‍സ് ഹോമില്‍ സംസാര ശ്രവണ വൈകല്യമുള്ള കുട്ടി ഉറ്റവരെ കാത്തിരിക്കുന്നു. 2016 ജൂലൈ 13ന് ബത്തേരി ബസ് സ്റ്റാന്റില്‍ വച്ച് വളരെ മുഷിഞ്ഞ വേഷത്തില്‍ പോലീസിനു ലഭിച്ച കുട്ടിയെ വയനാട് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി മുഖേന ചില്‍ഡ്രന്‍സ് ഹോമില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സ്ഥാപനവുമായും സ്ഥാപനത്തിലെ മറ്റു കുട്ടികളുമായും കുട്ടി വളരെ വേഗത്തില്‍ ഇണങ്ങി ചേര്‍ന്നു. സ്ഥാപനത്തിലെ കുട്ടികള്‍ അവനെ സ്നേഹപൂര്‍വ്വം പപ്പന് എന്നു വിളിക്കുന്നു.
കേള്‍വിയോ സംസാര ശേഷിയോ ഇല്ലാത്ത കുട്ടിയില്‍ നിന്നും മാതൃസ്ഥലത്തെ കുറിച്ചോ വീടിനെ കുറിച്ചോ മാതാപിതാക്കളെ കുറിച്ചോ യാതൊരു വിവരം ലഭിച്ചില്ല. ഏതോ ഭാഷയിലെ കുറച്ച് അക്ഷരങ്ങള്‍ എഴുതുന്നുണ്ടെന്ന് മാത്രം. ആംഗ്യഭാഷയില്‍ പ്രാവീണ്യമുള്ള സ്കൂളിലെ അദ്ധ്യാപകരുടെ സഹായത്തില്‍ കുട്ടിയോട് സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും കുട്ടിയില്‍ നിന്നും യാതൊരു വിവരവും ലഭിച്ചില്ല. വീടിനെ കുറിച്ചും വീട്ടിലെ അംഗങ്ങളെ കുറിച്ചും എന്ത് ചോദിച്ചാലും ആംഗ്യരൂപേണയും അസ്പഷ്ടമായ രീതിയില്‍ വളരെ ഉച്ചത്തിലും എന്തൊക്കെയോ പറയും.
രണ്ട് മാസത്തോളമായി കുട്ടി ഏത് സംസ്ഥാനക്കാരനെന്നോ വീടും നാടും ഏതാണെന്നോ അറിയാതെ സ്ഥാപനത്തില്‍ കഴിഞ്ഞുവരുന്നു. ഏതെങ്കിലും ഒരു കോണില്‍ കുട്ടിയുടെ ബന്ധുകള്‍ കുട്ടിയെ കാത്തിരിക്കുന്നുണ്ടാവും. കുട്ടിയും ബന്ധുക്കളെ കാണാതെ വിഷമിച്ചിരിക്കുകയാണ്. കുട്ടിക്ക് ഏകദേശം 15 വയസ്സ് തോന്നിക്കുന്നുണ്ട്. കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവര്‍ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴെ പറയുന്ന നമ്പറുകളിലോ ബന്ധപ്പെടണം.
ഗവ:ചില്‍ഡ്രന്‍സ് ഹോം, കണിയാമ്പറ്റ വയനാട്: 04936 286900, സൂപ്രണ്ട് 9496218778, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി, വയനാട് 04936 285050, 9495101008, 8129882728
പ്രതികരിക്കാൻ ഇവിടെ എഴുതുക: