സ്ത്രീകളോടും ദളിത് പിന്നാക്ക വിഭാഗങ്ങളോടും സിപിഎം കാട്ടിയിട്ടുളള ക്രൂരതയ്ക്ക് ഉദാഹരണമാണ് കണ്ണൂര്‍ എടാട്ട് സ്വദേശിനി ചിത്രലേഖയെന്ന ദളിത് യുവതിയുടെ ജീവിതം. സിപിഎം അതിക്രമങ്ങളുടെ ഫലമായി ഇവര്‍ വര്‍ഷങ്ങളായി അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരിതം പറഞ്ഞറിയിക്കാന്‍ കഴിയില്ല. കീഴ്ജാതിയില്‍ ജനിച്ചുപോയതു കൊണ്ട് പാര്‍ട്ടി ഗ്രാമത്തില്‍ സിപിഎമ്മിന്റെ ഭീഷണികാരണം ഉപജീവന മാര്‍ഗ്ഗമായ തൊഴില്‍ ഉപേക്ഷിച്ച് സ്വന്തം നാട്ടില്‍ നിന്ന് പലായനം ചെയ്യേണ്ടിവരിക. ആധുനികയുഗത്തില്‍ അതും പുരോഗമനവും ദളിത് പിന്നാക്ക-ന്യൂനപക്ഷ പ്രേമവും നടിക്കുന്ന സിപിഎമ്മിന്റെ പാര്‍ട്ടി ഗ്രാമത്തില്‍ സ്വന്തം ഭൂമിയില്‍ കുടില്‍കെട്ടി ഉപജീവനം കഴിക്കാന്‍, ജനിച്ച മണ്ണില്‍ ജീവിക്കാന്‍ 10 വര്‍ഷക്കാലം തുടര്‍ച്ചയായി ഒറ്റയാള്‍ പോരാട്ടം നടത്തേണ്ടി വരിക, അതും ഒരു യുവതി. ഒടുവില്‍ നിവൃത്തിയില്ലാതെ കുടിലും ജോലിയും ഉപേക്ഷിച്ച് നാടുവിടേണ്ടി വരിക.
വോട്ട് ബാങ്ക് ലക്ഷ്യമാക്കി ദളിത് സ്നേഹം നടിക്കുന്ന സിപിഎമ്മിന്റെ കപട മുഖം ജനത്തിന് മുന്നില്‍ തുറന്നുകാട്ടാന്‍ ചിത്രലേഖയെന്ന ദളിത് യുവതിയുടെ അനുഭവങ്ങള്‍ ധാരാളം. ഭര്‍ത്താവും രണ്ട് മക്കളും മുത്തശ്ശിയുമടങ്ങുന്ന കുടുംബം പോറ്റാന്‍ ഭര്‍ത്താവിനൊപ്പം ഓട്ടോ ഓടിച്ച് കുടുംബം പുലര്‍ത്താന്‍ ചിത്രലേഖ തയ്യാറാവുകയായിരുന്നു. 2004 ഒക്ടോബറില്‍ ആകെയുള്ള ഭൂമി പണയംവച്ച് പിഎംആര്‍വൈ സ്കീമില്‍ ലോണെടുത്തു ഓട്ടോ വാങ്ങി. സിപിഎമ്മിന്റെ തൊഴിലാളി സംഘടനക്ക് ഭൂരിപക്ഷമുളള എടാട്ടെ ഓട്ടോ സ്റ്റാന്റില്‍ ഓട്ടോ ഓടിക്കാന്‍ തുടങ്ങിയതോടെയായിരുന്നു ചിത്രലേഖ സിപിഎമ്മുകാരുടെ കണ്ണിലെ കരടായത്.
കീഴ്ജാതിക്കാരിയായതുകൊണ്ട് പാര്ട്ടിക്കാര് ഓട്ടോ സ്റ്റാന്റിലേക്ക് ചിത്രലേഖയെ അടുപ്പിച്ചില്ല. ഓട്ടോസ്റ്റാന്റില്‍ ചിത്രലേഖയ്ക്ക് പാര്‍ക്കിങ് പെര്‍മിറ്റ് ലഭിച്ചില്ല. പുലയ സ്ത്രീയായ ചിത്രലേഖയ്ക്ക് പാര്‍ക്കിങ് പെര്‍മിറ്റ് അനുവദിക്കാനാകില്ലെന്ന് നിലപാടിലായിരുന്നു സിപിഎം പോഷക സംഘടനയായ സിഐടിയു. മൂന്നു മാസത്തോളം ഓട്ടോസ്റ്റാന്റില്‍ വണ്ടി പാര്‍ക്കു ചെയ്യാനോ ഓടിക്കുവാനോ ഇവര്‍ക്കായില്ല. ഒടുവില്‍ പെര്‍മിറ്റ് നേടി സ്റ്റാന്റില്‍ ഓട്ടോയുമായി എത്തിയ ചിത്രലേഖയെ സിഐടിയുക്കാര്‍ ജാതിപ്പേര് വിളിച്ച് അവഹേളിക്കുകയായിരുന്നു. അപമാനവും മാനസികപീഡനവും കാരണം ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ് ചിത്രലേഖയുടെ ഓട്ടോ സിഐടിയു യൂണിയന്‍കാരായ മറ്റ് ഓട്ടോക്കാര് ചേര്‍ന്ന് നശിപ്പിച്ചത്. ചിത്രലേഖയെ ഓട്ടോയില്‍ നിന്ന് വലിച്ചിറക്കി മര്‍ദ്ദിച്ച സിഐടിയുസംഘം തറയില്‍ വീണ അവരുടെ ദേഹത്തേക്ക് ഓട്ടോ ഇടിച്ചുകയറ്റി.
സ്ത്രീ എന്ന നിലയിലും പട്ടികജാതി സമുദായാംഗമെന്ന നിലയിലും തൊഴില്‍സ്ഥലത്ത് പരസ്യമായ ആക്രമണവും ഭീഷണിയും നേരിട്ടതിനെ തുടര്‍ന്ന് പോലീസില്‍ പരാതി നല്കി. ഇതിനെ തുടര്‍ന്ന് ചിത്രലേഖയുടെ ഓട്ടോറിക്ഷ തീവെച്ചു നശിപ്പിച്ച് സിപിഎം പ്രതികാരം ചെയ്തു. ഇതിനു പുറമേ ചിത്രലേഖയുടെ ഭര്‍ത്താവ്, സഹോദരീ ഭര്‍ത്താവ്, സഹോദരന് എന്നിവരും നിരന്തരമായി സിപിഎമ്മിന്റെ ആക്രമണങ്ങള്‍ക്കിരയായി. ചിത്രലേഖയെയും കുടുംബത്തെയും പ്രദേശത്ത് ജീവിക്കാനോ ജോലി ചെയ്യാനോ അനുവദിക്കില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചുകൊണ്ട് സിപിഎം ഭീഷണി തുടര്‍ന്നു.
ചിത്രലേഖയുടെ ഭര്‍ത്താവ് സജീവ സിപിഎം കുടുംബാംഗമായിരുന്നു. എന്നിട്ടും ജാതിയുടെ പേരില്‍ ചിത്രലേഖക്ക് പാര്‍ട്ടിയുടെ അക്രമത്തിന് നിരന്തരം വിധേയയാവേണ്ടി വന്നു. അവരുടെ സ്ത്രീത്വത്തെപരസ്യമായി അപമാനിച്ച സിപിഎം ചിത്രലേഖയ്ക്കെതിരെ ഒപ്പുശേഖരണം നടത്തി പരാതി കൊടുത്ത സംഭവവുമുണ്ടായി.
സ്വതന്ത്രമായി ജോലി ചെയ്ത് ജീവിക്കാനുള്ള അവകാശത്തിനായി ചിത്രലേഖയും കുടുംബവും കണ്ണൂര്‍ കലക്ട്രേറ്റിന് മുന്നില്‍ 122 ദിവസം അനിശ്ചിതകാല രാപകല്‍ സത്യഗ്രഹം നടത്തി. മുഖ്യമന്ത്രിയുടെ ഉറപ്പുകളെ തുടര്‍ന്ന് സമരം അവസാനിപ്പിച്ചു. എന്നാല്‍ സര്‍ക്കാര്‍ ഉറപ്പ് ലംഘിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിനു മുന്നില്‍ സമരം നടത്തി. ഈ സമരവും ഭരണകൂടം നല്കിയ ഉറപ്പുകളില്‍ വിശ്വസിച്ച് ഇവര്‍ അവസാനിപ്പിച്ചു. എന്നാല്‍ സര്‍ക്കാര്‍ നല്കിയ ഉറപ്പുകള്‍ പലതും ഇപ്പോഴും കടലാസിലുറങ്ങുകയാണെന്ന് ചിത്രലേഖ സാക്ഷ്യപ്പെടുത്തുന്നു. കണ്ണൂര്‍ കാട്ടാമ്പളളിയില്‍ അഞ്ച് സെന്റ് ഭൂമി നല്‍കിയെങ്കിലും വീട് നിര്‍മ്മിക്കാന്‍ വാഗ്ദാനം നല്കിയ 3 ലക്ഷം രൂപ ലഭിച്ചിട്ടില്ല.
കാട്ടാമ്പളളിയില്‍ സര്‍ക്കാര്‍ വീട് വെക്കാനനുവദിച്ച ഭൂമിയില്‍ കുടില്‍കെട്ടാനെത്തിയ ചിത്രലേഖയെ ഇവിടെയും സിപിഎം സംഘം നിരന്തരം പീഡിപ്പിക്കുകയാണ്. വീടിനായി തറകെട്ടാനുളള ശ്രമങ്ങള്‍ പലപ്പോഴായി തടസ്സപ്പെടുത്തി. കൂടാതെ ഭൂമി നല്കിയ സര്‍ക്കാര്‍ നടപടി റദ്ദുചെയ്യാനും നിരവധി തവണ അധികാരകേന്ദ്രങ്ങളില്‍ സ്വാധീനം ചെലുത്തി.
ഏറ്റവുമൊടുവില്‍ സര്‍ക്കാറില്‍ നിന്ന് ലഭിച്ച ഭൂമിയില്‍ താല്‍ക്കാലികമായി കെട്ടിയുയര്‍ത്തിയ കുടിലിലേക്ക് വെളളം പോലും നല്‍കാതെ പ്രദേശവാസികളായ സിപിഎമ്മുകാര്‍ ചിത്രലേഖയ്ക്ക് ഊരുവിലക്ക് കല്‍പ്പിച്ചിരിക്കുകയാണ്. ടാങ്കറില്‍ വെളളം വിലകൊടുത്തു വാങ്ങിയാണ് ചിത്രലേഖയും കുടുംബവും ഇപ്പോള്‍ പ്രാഥമിക ആവശ്യങ്ങളും മറ്റും നിര്‍വ്വഹിക്കുന്നത്.
കീഴ്ജാതിയില്‍ പിറന്നുവെന്ന കാരണത്താലും കമ്മ്യൂണിസ്റ്റ് ഇതര പ്രത്യയ ശാസ്ത്രങ്ങളില്‍ വിശ്വസിച്ചുവെന്ന കാരണത്താലും സിപിഎമ്മിന്റെ അസഹിഷ്ണുതക്കിരയായി ജനിച്ച നാട്ടില്‍ ജീവിക്കാന്‍ സാധിക്കാത്ത ഇത്തരം നിരവധി ചിത്രലേഖമാരാണ് കണ്ണൂരിലും മറ്റുമുളളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: