കാലക്രമത്താല്‍ ഒട്ടേറെ ക്ഷേത്രങ്ങള്‍ നാമാവശേഷമായിപ്പോയിട്ടുണ്ട്. തകര്‍ന്നുകിടന്ന പലക്ഷേത്രങ്ങളും ഗതകാല പ്രശസ്തി തിരികെ പിടിച്ചു. ഇനിയും വിസ്മൃതിയില്‍ കിടക്കുന്നവയും ഉണ്ട്. ക്ഷേത്രംനിന്നിടത്ത് അതറിയാതെ താമസിക്കുന്നവര്‍ക്ക് ഒഴിയാബാധയായി അസുഖങ്ങള്‍ വരുമ്പോള്‍ പ്രശ്നം വയ്ക്കുകയും മറ്റും ചെയ്താണ് ഇതെല്ലാം മനസ്സിലാക്കുക. ഇതുപോലെ കാടുകയറി നാമാവശേഷമായ ഒരു ക്ഷേത്രം നാടിന്റെ പൈതൃക സ്വത്തായി ഉണര്‍ന്നുവരികയാണ്.
ചാലക്കുടിക്ക്സമീപമുള്ള കാര്‍ഷിക ഗ്രാമമായ മേലൂരിലെ ഒഴിഞ്ഞ പറമ്പില്‍ ആരും തന്നെ പ്രവേശിക്കാറില്ല. പലതരത്തിലുള്ള കഥകളും ഈ പറമ്പിനെ പറ്റി നാട്ടില്‍ പറഞ്ഞ് കേട്ടിരുന്നു. ആകെ കാടുകയറി ഒരാളും പ്രവേശിക്കാതെ കിടപ്പായിരുന്നു. കുറച്ചാളുകള്‍ ചേര്‍ന്ന് അത് വെട്ടിത്തെളിയിച്ചു. അപ്പോഴാണ് അവിടെ ഒരു ക്ഷേത്രാവശിഷ്ടം തെളിഞ്ഞത്. ടിപ്പുവിന്റെ ആക്രമണത്തിനു ശേഷമാണ് ക്ഷേത്രം തകര്‍ച്ചയെ നേരിട്ടത് എന്നാണ് പറയപ്പെടുന്നത്. പക്ഷേ കാടുതെളിച്ചവര്ക്കും പലേ ദുരിതങ്ങളും ഒന്നിന് പിന്നാലെ വന്നു.
ദേവപ്രശ്നാനന്തരം 2004ന് ശേഷമാണ് ക്ഷേത്ര നിര്‍മ്മാണം തുടങ്ങിയത്. അഞ്ച് വര്‍ഷത്തിന് ശേഷമാണ് പ്രതിഷ്ഠാകര്‍മ്മം നടന്നത്. നാട്ടില്‍ അങ്ങനെ വിഷ്ണുപുരം എന്ന പേരില്‍ നരസിംഹമൂര്‍ത്തിക്ഷേത്രം ഉയര്‍ന്നു. ശിവന് മുതലായ ഉപദൈവങ്ങളേയും പ്രതിഷ്ഠിക്കപ്പെട്ടു. ഡോ. ടി. എസ് വിജയന് തന്ത്രികളായിരുന്നു ക്ഷേത്രത്തിന്റെ മുഖ്യ ആചാര്യന്. ഇപ്പോള്‍ അതിമനോഹരമായ ക്ഷേത്രത്താല്‍ ഈപ്രദേശം തന്നെ മാറിക്കഴിഞ്ഞു.
നാട്ടുകാര്‍ എല്ലാവരും തികച്ചും സാധാരണക്കാര്‍. അവരുടെ കൂട്ടായ ശ്രമത്താലാണ് പലഘട്ടങ്ങളിലായി നിര്‍മ്മാണം പൂര്‍ത്തിയായി കഴിഞ്ഞത്. ഇപ്പോള്‍ നാലമ്പലത്തിന്റെ പുറം ചുവരുകളില്‍ ദശാവതാര ശില്പ്പത്താല് കമനീയമായിക്കഴിഞ്ഞു. പാലാഴിനാഥന്റെരൂപം അതിമനോഹരമായി പൂര്‍ത്തിയായി വരുന്നുണ്ട്. അഷ്ടമിരോഹിണിയോടനുബന്ധിച്ചുള്ള ശോഭായാത്ര, വൃശ്ചികം ഒന്നിന് അതിഗംഭീരമായുള്ള അയ്യപ്പന് വിളക്ക്, കുംഭത്തിലെ അശ്വതി പ്രതിഷ്ഠാദിനവുമായി ആചരിച്ചുവരുന്നു. ക്ഷേത്രത്തിന്റെ ചുറ്റിലുമായി ക്ഷേത്രം വകപറമ്പ് പലരും കൈവശം വച്ചിട്ടുണ്ടെങ്കിലും അതെല്ലാം തിരിച്ചു പിടിക്കുവനുള്ള ശ്രമവും ഊര്‍ജ്ജിതമായി നടന്നുവരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: