വൈഷ്ണവാചാരപ്രകാരം ദേവാലയങ്ങള്‍ സൈദ്ധം, ആര്‍ഷം, ദൈവം, മാനുഷം എന്നിങ്ങനെ പ്രധാനമായും നാലു പ്രകാരമാണ്. ഇതില്‍ സൈദ്ധം സിദ്ധന്മാര്‍ക്കു മുന്നിലും ആര്‍ഷം ഋഷിമാര്‍ക്കു മുന്നിലും പ്രകടമായ അവതാര സ്വരൂപത്തിലുള്ള ഭഗന്മൂര്ത്തിയുടെ പ്രതിഷ്ഠയത്രെ! ഇത്തരത്തില്‍ ദിവാകരമഹര്ഷിക്കു മുന്നില്‍ പ്രകടമായ ക്ഷീരാബ്ധിശായിയായ ഭഗവദ്സ്വരൂപമാണ് തിരുവനന്തപുരത്തെ ശ്രീപത്മനാഭസ്വാമി എന്ന് ഐതിഹ്യം.
പാഞ്ചരാത്രാഗമങ്ങള് പ്രകാരം അര്‍ച്ചാവതാരം, വിഭവാവതാരം, വ്യൂഹാവതാരം ഇങ്ങനെ ഭവദ് അവതാരങ്ങളും വിവേചിച്ച് പഠിക്കപ്പെട്ടിട്ടുണ്ട്. ഇതില്‍ വിഭവാവതാരം എന്നത് അവതാരത്തിന്റെ ശരിയായ സ്വരൂപമത്രെ. മത്സ്യകൂര്മ്മവരാഹാദികളായി ഓരോ യുഗത്തിലും അവതരിക്കുന്ന മൂര്‍ത്തികള്‍ ഏതോ അതാണ് വിഭവാവതാരം. എന്നാല്‍ അര്‍ച്ചാവതാരം എന്നത് ഇത്തരത്തിലുള്ള വിഭവാതാരങ്ങളുടേയോ ഭഗവാന്േറയോ പുനഃപ്രകടീകരണമത്രെ! സിദ്ധന്മാരുടെയോ ഋഷിമാരുടേയോ തനിക്ക് ഇന്ന രൂപത്തില്‍ ഭഗവദ്സ്വരൂപത്തെയും ലീലകളെയും ദര്ശിക്കുമാറാകണമെന്നുള്ള പ്രാര്‍ത്ഥന സ്വീകരിച്ച് ഇത്തരം പുനഃപ്രകടീകരണങ്ങള് ഉണ്ടാകുമ്പോള്‍ അവിടെ അര്‍ച്ചാവതാരം എന്ന വ്യവഹാരം ശരിയാകുന്നു.
ഇത്തരം ഇടങ്ങളില്‍ ദേവാലയങ്ങള്‍ ഉണ്ടായിട്ടുണ്ട്. സൈദ്ധവും ആര്ഷവുമായിട്ടുള്ള ദേവാലയങ്ങള്‍ ഇങ്ങനെയത്രെ! ഇങ്ങനെ ഒരു മഹര്‍ഷിക്കുമുന്നില്‍ തൃക്കാക്കരയില്‍ അര്ച്ചാവതാരമായി ഉണ്ടായ വാമനാവതാര ലീലാദര്ശനമത്രെ തൃക്കാക്കരവാമനമൂര്ത്തിക്ഷേത്രത്തിന്റെ ഉത്പത്തിക്ക് അടിസ്ഥാനം. കേരളത്തിന്റെ മധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന തൃക്കാക്കര ക്ഷേത്രം സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ളതാണ്. കേരളത്തിന്റെ ജനകീയമായ വാമനജയന്തി ആഘോഷങ്ങളുടെ സ്ഥായിതയ്ക്ക് പ്രധാനപ്പെട്ട ഊര്‍ജ്ജസ്രോതസ്സ് ഈ ക്ഷേത്രമത്രെ!
പൗരാണികപ്രമാണങ്ങള് ലഭ്യമല്ല എങ്കിലും കേരളത്തില്‍ അങ്ങോളമിങ്ങോളം നൂറ്റാണ്ടുകളായി അത്തം പത്ത് ഓണവും വിശേഷമായ പൂക്കളവും ഉണ്ടാകാറുണ്ട്. ഇത്തരത്തില്‍ മഹാബലിയുടെ ശിരസ്സായി കല്പിക്കപ്പെടുന്ന പൂക്കളത്തിന്റെ ഒത്ത മധ്യഭാഗത്തായി വാമനമൂര്‍ത്തിയുടെ പ്രതിരൂപമായ ഓണത്തപ്പനേയും പ്രതിഷ്ഠിക്കും. ഈ പൂക്കളത്തില്‍ മാവേലിയും ഓണത്തപ്പനും എഴുന്നള്ളി നിലകൊള്ളും എന്നതാണ് ഐതിഹ്യം. ഈ പൂക്കളത്തെ മഹാബലിയുടെ സഹസ്രാരപദ്മമായി വ്യാഖ്യാനിക്കുന്ന യോഗശാസ്ത്രകാരന്മാരുമുണ്ട്. സാമാന്യേന വൃത്താകാരമായാണ് ഇങ്ങനെ പൂക്കളം ഒരുക്കുന്നത്. ശുദ്ധമായ പുഷ്പങ്ങളൊഴികെ മറ്റൊരു പദാര്‍ത്ഥങ്ങളും പൂക്കളനിര്മ്മാണത്തിന് ഉപയോഗിക്കാറില്ല.
മഹാബലിയുടെ വാഗ്ദാനപാലനാന്തരം ഭഗവാന് നല്കുന്ന ഒരനുഗ്രഹം, നീ സുതലത്തില്‍ സസുഖം വാണാലും, അവിടെ ഞാന്‍ നിന്റെ ദ്വാരപാലകനായി ഗദാപാണിയായി ഉണ്ടാകും എന്നീപ്രകാരമാണ്. ഇതേക്കുറിച്ച്, അവിടെയെത്തിച്ചേര്‍ന്ന ബലിയുടെ പിതാമഹാനായ പ്രഹ്ലാദന് പറയുന്നത് ഇപ്രകാരമാണ്. ” നേമം വിരിഞ്ചോ ലഭതേ പ്രസാദം, ന ശ്രീര്‍ന ശര്വഃ കിമുതാപരേ തേ, യന്നോ അസുരാണാമസി ദുര്‍ഗ്ഗപാലോ വിശ്വാഭിവന്ദൈ്യരപി വന്ദിതാങ്ഘ്രിഃ”. (ഇത്തരം ഒരു ഭാഗ്യം ബ്രഹ്മാവിനോ, ലക്ഷ്മിക്കോ, ശിവനോ മറ്റാര്‍ക്കുമോ ഇന്നുവരെ ലഭിക്കാത്തതാണ്)
ശ്രീ മഹാബലി ജനിക്കുന്നത്, പരമഭാഗവതനായ പ്രഹ്ലാദന്റെ പൗത്രനായിട്ടാണ്. ബലി സ്വതേയും പരമഭക്തനാണ്. സത്യസന്ധനും ധാര്‍മ്മികനും പ്രജാക്ഷേമതല്പരനുമാണ്.
അദ്ദേഹത്തിനു ആകെ വന്നുപെട്ട ദുര്‍ഗ്ഗുണം ഐശ്വര്യത്തിലുള്ള അഹന്തയും പിടിച്ചടക്കാനുള്ള ത്വരയുമാണ്. അനര്‍ഹമായത് പിടിച്ചടക്കുവാന്‍ മുമ്പും പല അസുരചക്രവര്‍ത്തികള്‍ക്കും മോഹം തോന്നിയിട്ടുള്ളതും, അവര്‍ അന്നത് സാധിച്ചിട്ടുള്ളതും, വിഷ്ണു അതിനു പരിഹാരം ഉണ്ടാക്കിയിട്ടുള്ളതുമാണ്. അതൊക്കെ അസുരചക്രവര്‍ത്തിമാരുടെ നാശത്തിനും കാരണമായി. എന്നാല്‍ ബലിയുടെ മുന്നില്‍ ഭിക്ഷയാചിക്കുന്ന വിഷ്ണുവിനെയാണ് വാമനാവതാരത്തില്‍ നാം കാണുന്നത്. അതാണ് ബലിയുടെ മാഹാത്മ്യവും. വാമനജയന്തി ഓണാഘോഷമായി നടത്തുമ്പോഴും ഭക്തപ്രിയനേക്കാളുപരി ഭക്തനെ പ്രധാനിയായി കാണുന്നതിന്റെ കാരണവും ഇതത്രെ!
പ്രതികരിക്കാൻ ഇവിടെ എഴുതുക: