മലപ്പുറം: ഓണാഘോഷത്തിന്റെ അവസാനവട്ട ഒരുക്കത്തിനായി മലയാളികള്‍ ഉത്രാടപ്പാച്ചിലില്‍. ഗൃഹാതുരസ്മരണകളുമായി ഇന്ന് ഒന്നാം ഓണം ആഘോഷിക്കുകയാണ്. ജീവിതം എത്ര സമൃദ്ധമാണെങ്കിലും കാണം വിറ്റും ഓണം ഉണ്ണുന്ന ശീലക്കാരാണ് മലയാളികള്‍. ഒരു വര്‍ഷം മുഴുവന്‍ കൂട്ടിവച്ചതൊക്കെയും ഓണനാളില്‍ പൊട്ടിച്ച് തീര്‍ക്കും. വാങ്ങാന്‍ മറന്നു പോയ സാധനങ്ങള്‍ വാങ്ങാന്‍ ഇന്നാണ് മലായളികള്‍ വിപണികളിലേക്കിറങ്ങുന്നത്. എല്ലാം വാങ്ങിക്കൂട്ടാന്‍ ഇന്നു കൂടി മാത്രമേ സമയമുള്ളൂ. നഗര, ഗ്രാമ ഭേദമില്ലാതെ ഒരോ പ്രദേശവും ഇന്ന് തിരക്കിലാവും. നാളെയും മറ്റന്നാളുമായി തിന്നു തീര്‍ക്കാനുള്ള സാധനങ്ങളെല്ലാം ഇന്നൊരു ദിവസം കൊണ്ടു വാങ്ങിക്കണം. ഇന്നത്തെ ഉത്രാടപ്പാച്ചിലും കൂടി ചേരുമ്പോഴേ മലയാളികളുടെ ഓണം പൂര്‍ണമാകൂ. ഇന്ന് ഒന്നാം ഓണം കൂടിയായതിനാല്‍ തിരുവോണത്തിന് ഉണ്ടാക്കുന്നതുപോലെയുള്ള കറികളെല്ലാം ഇന്നും മലയാളികള്‍ ഒരുക്കും.
ബലി പെരുന്നാളും തിരുവോണവും അടുത്തടുത്ത ദിവസങ്ങളില്‍ വന്നതിന്റെ ആലസ്യമൊന്നും മലപ്പുറത്തിനില്ല. അത്തം മുതല്‍ നല്ല തെളിഞ്ഞ കാലാവസ്ഥയായിരുന്നു. തിരുവോണവും അതുപോലെ തന്നെയാകണമെന്ന പ്രാര്‍ത്ഥന മാത്രം. ബക്രീദ് പ്രമാണിച്ച് ഇന്നലെ രാവിലെ കടകളൊക്കെ അടച്ചിരുന്നെങ്കിലും ഉച്ചയോടെ തിരുവോണ വിപണിക്കായി എല്ലാം സജീവമായി. നഗരങ്ങളിലെല്ലാം നല്ല ജനതിരക്ക്. പുത്തനുടുപ്പും, സദ്യക്കുള്ള സാധനങ്ങളും വാങ്ങാന്‍ കുടുംബം ഒന്നാകെ നഗരത്തിലേക്ക്. വീട്ടില്‍ സദ്യയൊരുക്കാന്‍ മടിയുള്ള ന്യൂജന്‍ കുടുംബങ്ങള്‍ക്കായി സദ്യ തയ്യാറാക്കി ഹോട്ടലുകളും ഒരുങ്ങി കഴിഞ്ഞു.
വിവിധ സംഘടനകളുടെയും ക്ലബ്ബുകളുടെയും സാംസ്കാരിക സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ നാളെ രാവിലെ തന്നെ തിരുവോണാഘോഷം തുടങ്ങും. ഗ്രാമത്തിന്റെ ഭംഗിയും ഗന്ധവും കൈമോശം വരാത്ത കളികളും മത്സരങ്ങളുമായി വൈകിട്ട് വരെ അത് നീളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: