തൃശൂര്‍ : നഗരത്തിലെ ഗതാഗതസംവിധാനം ക്രമീകരിക്കാന്‍ ആവശ്യമായ പൊലീസുകാരെ രാമവര്‍മപുരത്തെ ജില്ലാ സായുധ പൊലീസില്‍നിന്ന് വിട്ടു നല്‍കിയില്ലെന്ന് പറഞ്ഞ് സിറ്റി പൊലീസ് കമീഷണര്‍ എച്ച് .ഹിമേന്ദ്രനാഥും ക്യാമ്പ് അസി. കമാന്‍ഡന്റ് കുരിയച്ചനും തമ്മില്‍ കയ്യാങ്കളി. ഞായറാഴ്ച പകല്‍ നാലോടെ തിരുവമ്പാടി ക്ഷേത്രത്തിനു സമീപത്തുള്ള സിറ്റി പൊലീസ് കമീഷണറുടെ ക്യാമ്പ് ഓഫീസിലായിരുന്നു സംഭവം. ഏറ്റുമുട്ടലില്‍ പരിക്കേറ്റ ക്യാമ്പ് അസി. കമാന്‍ഡന്റ് കുരിയച്ചനെ ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തസമ്മര്‍ദം നിയന്ത്രിക്കാനാകാത്തതിനാല്‍ കുരിയച്ചനെ ജനറല്‍ ആശുപത്രി അധികൃതര്‍ മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് റഫര്‍ചെയ്തു.
ഞായറാഴ്ച പകല്‍ നാലോടെയാണ് പൊലീസ് സംവിധാനത്തെയാകെ ഞെട്ടിക്കുന്ന സംഭവം കമീഷണറുടെ ക്യാമ്പ് ഓഫീസില്‍ നടന്നത്. ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ആവശ്യമായ സേനയെ ക്യാമ്പില്‍നിന്ന് വിട്ടുനല്‍കുന്നതില്‍ വീഴ്ചവരുത്തിയെന്നതിനെത്തുടര്ന്നാണ് അസി. കമാന്‍ഡന്റ് കുരിയച്ചനെ കമീഷണറുടെ ക്യാമ്പ് ഓഫീസിലേക്ക് വിളിച്ചുവരുത്തിയത്. തുടര്‍ന്ന് രണ്ടുപേരും തമ്മില്‍ നടന്ന സംസാരം തര്‍ക്കത്തിലേക്കും തുടര്‍ന്ന് കയ്യാങ്കളിയിലേക്കും നീങ്ങുകയായിരുന്നു. ഉന്തും തള്ളും കയ്യാങ്കളിക്കുമിടെ, ഷൂട്ട് ചെയ്യുമെന്ന് പറഞ്ഞ് കമീഷണര്‍ തോക്കുമായി പുറത്തേക്കോടിയതായും പറയുന്നു.
തുടര്‍ന്ന് നഗരത്തിലെ മുഴുവന്‍ പ്രധാന പൊലീസ് ഉദ്യോഗസ്ഥരെയും കമീഷണറുടെ ക്യാമ്പ് ഓഫീസായ വസതിയിലേക്ക് വിളിച്ചുവരുത്തി. എസിപിമാര്‍, സിഐമാര്‍, എസ്ഐമാര്‍ എന്നിവര്‍ സ്ഥലത്തെത്തി കാര്യങ്ങള്‍ നിയന്ത്രിച്ചതോടെയാണ് സ്ഥിതി നിയന്ത്രണ വിധേയമായത്. വൈകിട്ടോടെയാണ് ക്യാമ്പ് അസി. കമാന്‍ഡന്റ് കുരിയച്ചന് ജില്ലാ ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടിയെത്തിയത്. ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് കുരിയച്ചന്റെ രക്തസമ്മര്‍ദം നിയന്ത്രിക്കാനാകാഞ്ഞതിനാല്, ഉടന്‍ മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ചെയ്തു. എന്നാല്‍, ചിലര്‍ ഇടപെട്ട് കുരിയച്ചനെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാതെ, പാട്ടുരായ്ക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
അതിനിടെ സംഭവം വിവാദമായതിനെത്തുടര്‍ന്ന് ഉന്നത പോലീസുദ്യോഗസ്ഥര്‍ ഇടപെട്ട് ഒത്തുതീര്‍പ്പിലെത്തിക്കാനുള്ള ശ്രമം ശക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി തര്‍ക്കമുണ്ടായിട്ടില്ലെന്ന് കമ്മീഷണര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ചില കാര്യങ്ങള്‍ സംസാരിക്കുകമാത്രമാണുണ്ടായിട്ടുള്ളത്. കുരിയച്ചനു മേല്‍ പരാതി പിന്‍വലിക്കാനുള്ള സമ്മര്‍ദ്ദവുമുണ്ട്. ഇരുവരേയും ഒരുമിച്ച് വിളിച്ച് പ്രശ്നം പരിഹരിക്കാനുള്ള നീക്കമാണ് ഉന്നത ഉദ്യോഗസ്ഥര്‍ നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: