തൃശൂര്‍: ഭവനനിര്‍മാണത്തിനുള്ള അനുമതിക്കു ലക്ഷംരൂപ കോഴ ആവശ്യപ്പെട്ടെന്നും നല്‍കാത്തതിന്റെ പ്രതികാരമായി വ്യാജരേഖ ചമച്ചെന്നും ആരോപിച്ച് തൃശൂര്‍ കോര്പ്പറേഷന് മുന്‍ കൗണ്‍സിലറും കോര്പ്പറേഷന് സെക്രട്ടറിയും അടക്കം മൂന്നുപേര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു.
കോര്പ്പറേഷന് മുന്‍ കൗണ്‍സിലറും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ ബൈജുവര്‍ഗീസ്, സെക്രട്ടറി കെ.എം.ബഷീര്‍, ബില്‍ഡിംഗ് ഇന്‍സ്പെക്ടര്‍ ഉമ്മര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. കുറ്റിക്കാടന്‍ സൈമണ്‍ കെ.ഫ്രാന്‍സിസ് നല്കിയ ഹര്‍ജിയിലാണ് അന്വേഷണത്തിന് തൃശൂര്‍ വിജിലന്‍സ് കോടതി ജഡ്ജി സി.ജയചന്ദ്രന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ടത്.
പരാതിയില്‍ കഴമ്പില്ലെന്നുപറഞ്ഞ് കേസ് ഒതുക്കിത്തീര്‍ക്കാന്‍ വിജിലന്‍സ് പോലീസ് നടത്തിയ ശ്രമത്തെ നിശിതമായി വിമര്‍ശിച്ചുകൊണ്ടും അവര്‍ ഫയല്ചെയ്തിരുന്ന ത്വരിതാന്വേഷണ റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞുകൊണ്ടുമാണ് കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശിച്ചത്. കേസ് 26നു വീണ്ടും പരിഗണിക്കും.
നീതിക്കായി പലതവണ അപേക്ഷ നല്‍കിയിട്ടും കോഴ നല്‍കാത്തതിന്റെ പേരില്‍ തൃശൂര്‍ കോര്പറേഷന് കെട്ടിടനിര്‍മാണ അനുമതി നിഷേധിച്ചിരുന്നു. കൗണ്‍സിലറുടെ സമ്മര്‍ദ്ദം മൂലം വ്യാജരേഖകള്‍ ചമച്ച് പലഘട്ടത്തിലും തടസ്സപ്പെടുത്തലുകളുണ്ടായി. ഒടുവില്‍ ഹൈക്കോടതി മൂന്നുതവണയായി പുറപ്പെടുവിച്ച ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് കെട്ടിടനിര്‍മാണാനുമതി നല്‍കിയത്. അനുമതി നല്‍കിയിട്ടും വീടുനിര്‍മാണം തടസ്സപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടര്‍ന്നിരുന്നു.
ഈ സാഹചര്യത്തിലാണ് അഴിമതി ആരോപിച്ച് വിജിലന്‍സ് കോടതിയെ സമീപിച്ചത്. കോടതി ദ്രുതപരിശോധനക്ക് നേരത്തെ ഉത്തരവിട്ടിരുന്നു. യുഡിഎഫ് സര്‍ക്കാര്‍ ഭരിച്ചിരുന്ന കാലത്ത് തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് നിശിതമായ വിമര്‍ശനങ്ങളോടെ കോടതി തള്ളിക്കളഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: