ന്യൂദല്‍ഹി: ട്രെയിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ പറക്കാമെന്ന് എയര്‍ ഇന്ത്യയുടെ പരസ്യം. എയര്‍ ഇന്ത്യയുടെ നിരക്ക് ട്രെയിന്‍ യാത്രയേക്കാള്‍ കുറഞ്ഞുവെന്ന് ഇന്നലെ ദേശീയ മാധ്യമങ്ങളില്‍ നല്കിയ പരസ്യത്തില്‍ പറയുന്നു. അതിവേഗ തീവണ്ടികളില്‍ ഫ്ളക്സി ഫെയര്‍ സംവിധാനം നടപ്പാക്കിയതിനു പിന്നാലെയാണ് ആഭ്യന്തര യാത്രാക്കാരുടെ എണ്ണത്തില്‍ കുതിച്ചുചാട്ടം ലക്ഷ്യമിട്ട് എയര്‍ ഇന്ത്യ രംഗത്തെത്തിയത്.
തിരക്കിനനുസരിച്ച് നിരക്ക് വര്‍ദ്ധിക്കുന്ന രാജധാനിയുടെ ഫസ്റ്റ്, സെക്കന്‍ഡ് എസി നിരക്കുകളേക്കാള്‍ കുറഞ്ഞ തുകയ്ക്ക് എയര്‍ ഇന്ത്യയില്‍ സഞ്ചരിക്കാമെന്ന് വെബ്സൈറ്റിലും വ്യക്തമാക്കിയിട്ടുണ്ട്. രാജധാനിക്ക് പുറമെ തുരന്തോ, ശതാബ്ദി ട്രെയിനുകളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഫ്ളെക്സി നിരക്ക് ഏര്‍പ്പെടുത്തിയത്.
വര്‍ഷങ്ങളായി നഷ്ടത്തിലോടുന്ന എയര്‍ ഇന്ത്യ അവസരം പരമാവധി പ്രയോജനപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്.
2014-15 വര്‍ഷത്തില്‍ 5,859 കോടി നഷ്ടത്തിലുണ്ടായിരുന്ന എയര്‍ ഇന്ത്യ ഒന്‍പത് വര്‍ഷത്തിനിടെ ആദ്യമായി ഇത്തവണ ലാഭത്തിലായി. ആഭ്യന്തര സര്‍വ്വീസില്‍ കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കുന്നതിനാണ് നീക്കം. എയര്‍ ഇന്ത്യയുടെ കുറഞ്ഞ നിരക്ക് റെയില്‍വേയെയും മാറ്റത്തിനു പ്രേരിപ്പിക്കും. ഫ്ളക്സി ഫെയര്‍ സംവിധാനം പരീക്ഷണാടിസ്ഥാനത്തിലാണ് നടപ്പാക്കുന്നതെന്ന് റെയില്‍വേ അറിയിച്ചിട്ടുണ്ട്. പുതിയ സംവിധാനം പിന്‍വലിക്കാനുള്ള ആലോചനകളും സജീവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: