പുതുക്കാട് : മുപ്ലിയം പൊട്ടംപാടത്ത് സ്വകാര്യ സ്ഥലത്ത് നിന്നും കളിമണ്ണ് കൊണ്ടു പോകുന്നത് തടഞ്ഞ നാട്ടുകാരെ വരന്തരപ്പിള്ളി പോലീസ് അറസ്റ്റ് ചെയ്തു. സ്ഥലത്ത് കൂട്ടിയിട്ടിരിക്കുന്ന സാധാരണ മണ്ണ് കൊണ്ടു പോകുന്നതിനുള്ള ഹൈക്കോടതിയുടെ ഉത്തരവിന്റെ മറവില്‍ കളിമണ്ണ് കുഴിച്ചെടുത്ത് കൊണ്ടുപോകുന്നതായാരോപിച്ചാണ് നാട്ടുകാര്‍ തടഞ്ഞത്. ആറുപേരെ പോലിസ് അറസ്റ്റ് ചെയ്തു.
കോടതി ഉത്തരവു പ്രകാരം മണ്ണ് കൊണ്ടു പോകുന്നതിന് പോലീസ് സംരക്ഷണം നല്‍കിയിരുന്നു.ഇതിന് തടസ്സം സൃഷ്ടിച്ചവരെയാണ് അറസ്റ്റ് ചെയ്തത്.എന്നാല്‍ അനധികൃതമായി നിയന്ത്രണങ്ങളില്ലാതെ കളിമണ്ണെടുക്കുകയായിരുന്നുവെന്നും ഇതിന് പോലീസും ഭരണാധികാരികളും കൂട്ടുനില്‍ക്കുകയാണെന്നും നാട്ടുകാര്‍ ആരോപിച്ചു.രാത്രിയിലും പുലര്‍ച്ചെയും ഹിറ്റാച്ചി കൊണ്ടുവന്ന് മണ്ണ് കുഴിച്ചെടുത്ത് കൂട്ടിയിടുകയും പിന്നീട് പകല്‍ സമയത്ത് നിരവധി ടിപ്പര്‍ ലോറികളിലാക്കി മണ്ണ് കടത്തുകയുമാണ് ചെയ്യുന്നതെന്നും ഈ സ്ഥലം പരിശോധിക്കാന്‍ അധികൃതര്‍ തയ്യാറാവുന്നില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു.കുറുമാലി പുഴയില്‍ നിന്നും അമ്പത് മീറ്റര്‍ അകലം ഇല്ലാത്ത സ്ഥലത്തു നിന്നാണ് മണ്ണെടുപ്പ് നടക്കുന്നത്. ഇതുമൂലം പുഴ ഗതിമാറി ഒഴുകാന്‍ സാധ്യതയുണ്ടെന്ന് കാണിച്ച്നാട്ടുകാര് അധികൃതര്‍ക്ക് മുന്‍പ് പരാതി നല്‍കിയിരുന്നു.
ഇതേ തുടര്‍ന്ന് 2013 ല്‍ ഇവിടെ നിന്നും മണ്ണെടുത്തതിന് ഒരു വ്യക്തിയില്‍ നിന്നും ജിയോളജി വകുപ്പ് പിഴ ഈടാക്കിയിരുന്നു.കഴിഞ്ഞ വര്‍ഷം പഞ്ചായത്തില്‍ നിന്നും ലഭിച്ച ബില്‍ഡിംഗ് പെര്‍മ്മിറ്റിന്റെ മറവില്‍ കളിമണ്ണ് എടുത്തതും നാട്ടുകാര്‍ തടഞ്ഞിരുന്നു. ഇതിനുശേഷമാണ് വ്യക്തി കോടതിവിധി നേടി വീണ്ടും മണ്ണെടുപ്പ് ആരംഭിച്ചത്.
ടിപ്പര്‍ ലോറിയില്‍ നിന്നും കളിമണ്ണ് റോഡില്‍ വീഴുന്നതുമൂലം ഇരുചക്രവാഹനങ്ങള്‍ മറിഞ്ഞു വീണ് അപകടങ്ങള്‍ ഉണ്ടാകുന്നതായും റോഡ് സഞ്ചാരയോഗ്യമല്ലാതായതായും നാട്ടുകാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: