ഗുരുവായൂര്‍: ഫഌറ്റില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ടുപേര്‍ക്ക് പരിക്ക്. പടിഞ്ഞാറെ നടയില്‍ ഗുരുവായൂര്‍ അപ്പാര്‍ട്ടുമെന്റിലായിരുന്നു അപകടമുണ്ടായത്. മൂന്നാം നിലയിലെ ശ്രീവൈകുണ്ഠത്തില്‍ താമസിക്കുന്ന തിരുവനന്തപുരം പൂജപ്പുര രാമംഗലത്ത് വിഷ്ണുമംഗലം വീട്ടില്‍ സദാശിവന്നായര് (86), ഭാര്യ സത്യഭാമ എന്നിവര്‍ക്കാണ് പരിക്കേറ്റത്. രക്ഷാപ്രവര്‍ത്തനത്തിനിടെ ഫയര്മാന് ടി.പി.മഹേഷി(32)ന് പരിക്കേറ്റു.
ചില്ല്തകര്ത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെയായിരുന്നു മഹേഷിന് പരിക്കേറ്റത്. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിക്കുന്ന ശബ്ദംകേട്ട് നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനത്തിനായെത്തിയത്. തുടര്‍ന്ന് ഫയര്‍ഫോഴ്സും എത്തി. ഫഌറ്റില്‍ തീയും പുകയും നിറഞ്ഞതിനാല്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് ഏറെ ബുദ്ധിമുട്ടുണ്ടായി. കെട്ടിടത്തില്‍ ഫയര്‍സേഫ്റ്റി സംവിധാനം പ്രവര്‍ത്തനക്ഷമമല്ലായിരുന്നുവെന്ന് പറയുന്നു. ഫഌറ്റിന് പുറത്തെ ബാല്‍ക്കണിയിലായിരുന്നു ഗ്യാസ് സിലിണ്ടര്‍ വെച്ചിരുന്നത്. ഇത് പൊട്ടിത്തെറിച്ച് ഫഌറ്റിലെ വാതിലുകളും ജനലുകളും തകര്‍ന്നു. സദാശിവന്‍നായര്‍ക്ക് തിരുവനന്തപുരത്തും ഗുരുവായൂരിലും ഫഌറ്റുകളുണ്ട്.
ഞായറാഴ്ചരാത്രിയായിരുന്നു ഇദ്ദേഹം തിരുവനന്തപുരത്തുനിന്നും ഗുരുവായൂരിലെത്തിയത്. അടുക്കളയിലുണ്ടായിരുന്ന സാധനങ്ങള്‍ പുറത്തേക്ക് തെറിച്ചുവീണു. ഫയര്‍ ഓഫീസര്‍ പ്രദീപ്കുമാര്‍, ജോസഫ് ആന്റണി, ടി.പി.മഹേഷ്, ഡി.ആര്.വിജില്‍, ശ്രീനാഥ്, അബ്ദുള്ള, അമീര്‍, നിഷാന്ത്, അഷറഫ്, ഷാജി, സത്താര്‍ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടന്നത്. ഗുരുവായൂര്‍ ടെമ്പിള്‍ എഎസ്ഐ ആറുമുഖന്റെ നേതൃത്വത്തിലുള്ള പോലീസും സ്ഥലത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: