കല്‍പ്പറ്റ: കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഓഗസ്റ്റ് 17ന് കര്‍ഷക ദിന വിളംബര ജാഥയും ജില്ലയിലെ വനിത കര്‍ഷരുടെ സംഗമവും സംഘടിപ്പിക്കും. രാവിലെ 10 മണിക്ക് കല്‍പ്പറ്റ എസ്.കെ.എം.ജെ ഹയര്‍ സെക്കണ്ടറി സ്കൂള്‍ പരിസരത്ത് നിന്ന് വിളംബര ജാഥ ആരംഭിക്കും. 11 മണിക്ക് പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് തയ്യാറാക്കിയ വേദിയില്‍ നടക്കുന്ന കര്‍ഷക സംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ടി. ഉഷാ കുമാരി ഉദ്ഘാടനം ചെയ്യും. കല്‍പ്പറ്റ നഗരസഭ ചെയര്‍പേഴ്സണ്‍ ബിന്ദു ജോസ് അധ്യക്ഷത വഹിക്കും. കുടുംബശ്രീ ജില്ലാ മിഷന് കീഴില്‍ 4800 കൂട്ടുത്തരവാദിത്ത സംഘങ്ങളിലായി 25,000 വനിതാ കര്‍ഷകരാണ് സജീവമായി കാര്‍ഷിക മേഖലയില്‍ ഇടപെടുന്നത്. ഇവയില്‍ ആയിരത്തോളം ജെ.എല്‍.ജികള് പട്ടിക വര്‍ഗ്ഗക്കാര്‍ മാത്രം ഉള്‍പ്പെടുന്നവയാണ്. അയ്യായിരം ഏക്കര്‍ സ്ഥലത്ത് നെല്ല്, വാഴ, പച്ചക്കറികള്‍, കിഴങ്ങ് വര്‍ഗ്ഗങ്ങള്‍ തുടങ്ങി വൈവിധ്യങ്ങളായ ഉത്പന്നങ്ങളാണ് ഇവര്‍ കൃഷി ചെയ്യുന്നത്. കൂടാതെ പൊലിവ് കാമ്പയിന്റെ ഭാഗമായി ജില്ലയിലെ ഒമ്പതിനായിരത്തോളം അയല്കൂട്ടങ്ങള് ചുരുങ്ങിയത് 3 സെന്റ് സ്ഥലത്തെങ്കിലും ജൈവ പച്ചക്കറി കൃഷിയും ചെയ്തുവരുന്നു. ജില്ലയിലെ 26 സി.ഡി.എസുകളില്‍ നിന്നുമായി ആയിരത്തോളം വനിതകളാണ് കര്‍ഷക ദിന വിളംബര യാത്രയില്‍ പങ്കെടുക്കുക. നിശ്ചല ദൃശ്യങ്ങളും നാടന്‍ പാട്ടുകളും മിഴിവേകുന്ന വര്‍ണ്ണശബളമായ ഘോഷയാത്രയാണ് സംഘടിപ്പിക്കുന്നത്. കര്‍ഷക സംഗമത്തോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാറിന്റെ മികച്ച വനിതാ കര്ഷകയ്കുള്ള അവാര്‍ഡ് നേടിയ ലക്ഷ്മി രാജന് മികച്ച യുവ കര്‍ഷകയ്ക്കുള്ള അവാര്‍ഡ് നേടിയ ഹര്‍ഷ.എം.എസ് എന്നിവരെ അമ്പലവയല്‍ ഗവേഷണ കേന്ദ്രം മേധാവി ഡോ. പി.രാജേന്ദ്രന് ആദരിക്കും. ‘കര്‍ഷകമേഖലയില്‍ മണ്ണ്സംരക്ഷണത്തിനുള്ള പങ്ക്’ വിഷയത്തില്‍ പി.യു.ദാസ് ക്ലാസ്സെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: