ചങ്ഷ: ആഗ്രഹിച്ച സാധനം എങ്ങനെയെങ്കിലും കൈക്കലാക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് കള്ളന്മാർ. അതിനായി ഏതറ്റം വരെ പോകാനും ഇക്കൂട്ടർ റെഡിയാണ്. അടുത്തിടെ ചൈനയിലെ ഹുനാൻ പ്രവിശ്യയിലെ ചങ്ഷാ പ്രദേശത്ത് ഒരു രസകരമായ മോഷണം നടന്നു.
നഗരത്തിൽ വാഹന മോഷ്ടാക്കളുടെ എണ്ണം നല്ല പോലെയുണ്ട്. പ്രതിദിനം നിരവധി ബൈക്കുകളും സ്കൂട്ടറുകളുമെല്ലാം കള്ളന്മാർ നിമിഷ നേരം കൊണ്ട് അടിച്ചു മാറ്റുകയും ചെയ്യും. കഴിഞ്ഞ ദിവസം നഗരത്തിൽ റോന്ത് ചുറ്റിയ നമ്മുടെ കള്ളന് മോട്ടോർ ബൈക്ക് ഒന്നും തന്നെ പൊക്കാനായില്ല. ഒടുവിൽ ആശാന്റെ കണ്ണിൽ പെട്ടത് ഒരു സൈക്കിളാണ്, പക്ഷേ എന്ത് ചെയ്യാനാ, സൈക്കിളാണെങ്കിൽ റോഡ് സൈഡിലെ മരത്തിൽ ചങ്ങല കൊണ്ട് ബന്ധിച്ചിരിക്കുന്നു.
എന്തായാലും ആഗ്രഹിച്ച സൈക്കിൾ കൈക്കലാക്കണം, അതിന് കള്ളൻ കണ്ടു പിടിച്ച വഴി ഏറെ കൗതുകവും രസകരവുമാണ്, സൈക്കിൾ പൂട്ടി വെച്ചിരിക്കുന്ന മരം മുറിച്ച് മാറ്റുക. അസാധ്യമെന്ന് തോന്നിയെങ്കിലും നമ്മുടെ കള്ളൻ അങ്ങനെ തന്നെ ചെയ്തു. തന്റെ ബൈക്കിൽ സൂക്ഷിച്ചിരുന്ന വലിയ ഒരു അറക്കവാൾ ഉപയോഗിച്ച് ആ മരം മുറിക്കുകയായിരുന്നു.
നിമിഷ നേരം കൊണ്ട് മരം നടുവെ മുറിഞ്ഞ് വീണു. പിന്നെ താമസിച്ചില്ല മുറിഞ്ഞ മരത്തിൽ നിന്നും ചങ്ങല വിച്ഛേദിച്ച് സൈക്കിൾ സ്വന്തമാക്കി തന്റെ ബൈക്കിൽ പമ്പ കടന്നു. എന്തായാലും ഈ സാഹസിക മോഷണം സമീപത്തെ സിസിടിവിയിൽ കുടുങ്ങുകയും ചെയ്തു. നമ്മുടെ കഥാനായകൻ കള്ളന്മാരുടെ രാജാവാണ് എന്നതാണ് ഈ ദൃശ്യങ്ങളിൽ വ്യക്തമാകുന്നത്.
https://www.youtube.com/watch?v=0LkejcauBWM
പ്രതികരിക്കാൻ ഇവിടെ എഴുതുക: