മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയുടെ വാക്കുകള്‍ കടമെടുത്താല്‍ തന്റെ സംസ്ഥാനം സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന്റെ പ്രവഭവ കേന്ദ്രമാണെങ്കിലും ഇന്ന് രാജസ്ഥാന് അറിയപ്പെടുന്നത് പുരോഗതിയുടെ പേരിലാണ്. കൂറ്റന്‍ കൊട്ടാരങ്ങള്‍, നാടോടി കലകള്‍ എന്നിവയില്‍ അഭിമാനം കൊള്ളുന്നവരാണ് രാജസ്ഥാനികള്‍. എന്നാല്‍ സംസ്ഥാനം സുസ്ഥിര വികസനത്തിന്റെയും നീണ്ടനിരയിലെ അവസാനത്തെ വ്യക്തിക്കും (അന്ത്യോദയ) സഹായഹസ്തം നല്കുന്ന മാര്‍ഗത്തില്‍ ഏറെ സഞ്ചരിച്ചു കഴിഞ്ഞിരിക്കുന്നു.
ഈയിടെ മോസ്ക്കോയില്‍ ഒരു നിക്ഷേപസമ്മേളനത്തില്‍ പങ്കെടുത്തു മടങ്ങുന്ന വഴി മുഖ്യമന്ത്രിയും അവരെ അനുഗമിക്കുന്ന ഉദ്യോഗസ്ഥ വൃന്ദവും ചില പരിപാടികളില്‍ പങ്കെടുക്കാന്‍ ദുബായില്‍ എത്തുകയുണ്ടായി. ആ സമയത്ത്, യുഎഇയിലെ “ഇന്ത്യന്‍ പീപ്പിള്‍സ് ഫോറം” പ്രതിനിധികള്‍ ഭൂപേന്ദ്രകുമാരിന്റെ നേതൃത്വത്തില്‍ രാജസ്ഥാന് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുകയുണ്ടായി. സംസ്ഥാനത്തേക്ക് എങ്ങനെ കൂടുതല്‍ നിക്ഷേപം കൊണ്ടുവരാം എന്നതായിരുന്നു ചര്‍ച്ചാവിഷയം.
കുമാര്‍ രാജസ്ഥാനിയാണ്. പ്രതിനിധി സംഘത്തില്‍ ഉണ്ടായിരുന്ന ഈ ലേഖകന്‍ പല തവണ സംസ്ഥാനം സന്ദര്‍ശിക്കാനുള്ള അവസരം ഉണ്ടായിട്ടുണ്ട്. ബന്‍സ്വാര, ബാര്‍മര്‍ തുടങ്ങിയ അതിര്‍ത്തിപ്രദേശങ്ങളില്‍ രണ്ടു വര്‍ഷം മുമ്പ് പോലും പോകാന്‍ കഴിഞ്ഞു. അതിനിടെ സംസ്ഥാനത്തുണ്ടായ വളര്‍ച്ചയെ കുറിച്ച് പ്രതിനിധി സംഘത്തില്‍ നിന്ന് കേട്ട കാര്യങ്ങള്‍ അത്ഭുതമുളവാക്കി. ഒരു കാലത്ത് ഊര്‍ജ പ്രതിസന്ധി നേരിട്ടിരുന്ന സംസ്ഥാനം ഇപ്പോള്‍ ഊര്‍ജ മിച്ച സംസ്ഥാനങ്ങളില്‍ രണ്ടാം സ്ഥാനത്ത് നില്ക്കുന്നു. സോളാര്‍ പാനലുകളും കാറ്റാടി യന്ത്രങ്ങളും വന്‍തോതില്‍ സ്ഥാപിച്ചതിന്റെ ഫലമാണ് ഈ നേട്ടം. ഏഴു ഐസിഡികള്‍ (ഇന്‍ലന്‍ഡ് കണ്ടെയ്നര്‍ ഡിപ്പോ) സംസ്ഥാനത്ത് സ്ഥാപിച്ചത് വഴി ഷിപ്പിംഗ് രംഗത്ത് വന്‍ കുതിച്ചുചാട്ടം ഉണ്ടായിരിക്കുന്നു. മുമ്പ് കണ്ടെയ്നര്‍ നീക്കങ്ങള്‍ ഗുജറാത്തിലോ ദല്‍ഹിയിലോ ഉള്ള ഐസിഡികള്‍ വഴിയായിരുന്നു.
ഏറ്റവും സുപ്രധാന പരിപാടി നടന്നത് അതേ ദിവസം താജ് ദുബായിലായിരുന്നു. ഇന്ത്യന്‍ ബിസിനെസ്സ് ആന്റ് പ്രൊഫെഷണല്‍സ് കൗണ്‍സില്‍ (ഐബിപിസി), ദുബായ്, സംഘടിപിച്ച പരിപാടിയില്‍ മുന്‍നിര ബിസിനസുകാരും പ്രൊഫഷണലുകളും മുഖ്യമന്ത്രിയുടെയും മറ്റു ഉദ്യോഗസ്ഥരുടെയും വാക്കുകള്‍ക്ക് കാതോര്‍ത്തു. മോസ്കോ സമ്മേളനത്തില്‍ മഹാരാഷ്ട്രയും ഗുജറാത്തും മധ്യപ്രദേശും നിക്ഷേപത്തിനായി ആരോഗ്യപരമായ മത്സരത്തിലായിരുന്നു എന്ന് മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ തന്റെ പ്രസംഗത്തില്‍ പറഞ്ഞു. രാജ്യനന്മക്കായുള്ള ഇത്തരം മത്സരങ്ങള്‍ ആരോഗ്യപരമാണ് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
നിര്‍ദിഷ്ടമായ “സമര്‍പ്പിത വ്യാവസായിക ഇടനാഴി”യെക്കുറിച്ച് മുഖ്യമന്ത്രി വിശദീകരിച്ചു. ആയിരത്തഞ്ഞൂറു കിലോമീറ്റര്‍ നീളമുള്ള പ്രസ്തുത ഇടനാഴിയുടെ 40 ശതമാനം, അതായത് 553 കിലോമീറ്റര്‍ രാജ്സ്ഥാനിലൂടെയാണ് കടന്നു പോകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതു വഴി ഏറെ നിക്ഷേപസാധ്യതയാണ് സംസ്ഥാനത്തിന് ലഭിക്കാന്‍ പോകുന്നത്. “രാജസ്ഥാന് – വാഗ്ദത്തഭൂമി” എന്ന പേരിലുള്ള വിശദീകരണ പത്രിക സംസ്ഥാനത്തിന്റെ വികസന പദ്ധതികളെക്കുറിച്ച് പറയുന്നു.
നഗരവികസന-ഭവനനിര്‍മ്മാണ മന്ത്രി രാജ്പാല് സിംഗ് ഷെഖാവത്ത് നഗരവികസനത്തെ കുറിച്ച് വിശദീകരിക്കാന്‍ വേണ്ടി മാത്രം ദുബായില്‍ പറന്നെത്തുകയായിരുന്നു. ആ വിഷയത്തില്‍ പ്രധാന വിഭാഗങ്ങള്‍ ഭവനനിര്‍മ്മാണം, മാലിന്യ സംസ്ക്കരണം, സ്മാര്‍ട്ട് സിറ്റികള്‍, റിയല്‍ എസ്റ്റെറ്റ്, റിംഗ് റോഡുകള്‍, ബസ് ഗതാഗതം, മെട്രോ, ഗോള്‍ഫ് കോഴ്സ്, ആശയവിനിമയ-പ്രോത്സാഹന-സമ്മേളന-പ്രദര്‍ശന (എംഇസിഇ) പരിപാടികള്‍ എന്നിവയാണ്.
കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്ക്കരണവും മാര്‍ക്കറ്റിങ്ങും, പാലുല്‍പ്പന്നങ്ങള്‍, ഇലക്ട്രോണിക് സിസ്റ്റം ഡിസൈനിങ്ങും ഉത്പാദനവും, ഐറ്റി, റോബോട്ടിക് ബിസിനെസ്സ്, ടൂറിസം, മൈക്രോ സ്മാള്‍ ആന്റ് മീഡിയം എന്റര്‍പ്രൈസസ് (എംഎസ്എംഇ), മരുന്നുല്‍പ്പാദനം, പവര്‍ലൂം ആന്റ് ടെക്സ്റ്റൈല്‍, സെറാമിക് ആന്റ് ഗ്ലാസ്, കോട്ടാസ്റ്റോണ്‍, മാര്‍ബിള്‍ ആന്റ് ഗ്രാനൈറ്റ് എന്നിവയാണ് മറ്റു മേഖലകള്‍.
ഒരു അതിഥി മാത്രമല്ല, ഭാവിയിലെ ഒരു നിക്ഷേപകന് കൂടിയാണെന്ന് അറിഞ്ഞപ്പോള്‍ ഹോട്ടല്‍ ബുക്കിംഗ് റദ്ദു ചെയ്തു രാജസ്ഥാന് അധികൃതര്‍ തന്നെ സര്‍ക്കാര്‍ അതിഥിയാക്കി മാറ്റിയ കഥ ഐബിപിസി അധ്യക്ഷന്‍ കുല്‍വന്ത് സിംഗ് മുഖ്യപ്രഭാഷണത്തില്‍ വിശദീകരിച്ചു. ഭാരതത്തിലെ മുന്‍ യുഎഇ സ്ഥാനപതിയും ഇപ്പോള്‍ ദുബായ് ഭരണാധികാരി ഷേഖ് ഹംദാന്‍ ബിന്‍ അല്‍ മഖ്തൂമിന്റെ കാര്യാലയ ചുമതല വഹിക്കുന്ന ഉന്നതോദ്യോഗസ്ഥനുമായ മിര്‍സാ അല്‍ സയെഗ് തന്റെ രാജ്യത്തിന്റെ വികസനത്തില്‍ ഇന്ത്യയും ഇന്ത്യക്കാരും വഹിക്കുന്ന പങ്കിനെ എപ്രകാരമാണ് യുഎഇ ഭരണാധികാരികള്‍ വിലമതിക്കുന്നതെന്ന് വിശദീകരിച്ചു. തങ്ങള്‍ ഇന്ത്യയുടെ വളര്‍ച്ചയെ സൂക്ഷ്മായി നിരീക്ഷിച്ചു വരികയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനം ഭാരതത്തില്‍ നിക്ഷേപം നടത്തുന്നതിന് ആക്കം കൂട്ടി. ഇത് തന്റെ രാജ്യത്തിന്റെ നന്ദിപ്രകടനം കൂടിയാണ്.
അതോടൊപ്പം തന്നെ ഓരോ ഭാരതീയ സംസ്ഥാനത്തുമുള്ള അടിസ്ഥാനസൗകര്യ വികസനത്തിനു വേണ്ട നിക്ഷേപസാധ്യതകളെ ചൂണ്ടിക്കാട്ടുന്ന ഒരു കൈപ്പുസ്തകം ഭാരതീയ സ്ഥാനപതി ടിപി സീതാരാമന് പുറത്തിറക്കി.
ഐപിഎഫ് പ്രതിനിധി സംഘവും മുഖ്യമന്ത്രിയുടെ സംഘവും തമ്മിലുള്ള കൂടിക്കാഴ്ച കോണ്‍സുലെറ്റ് ജെനറല്‍ ഓഫ് ഇന്ത്യ ഒരുക്കിയത് ഡെപ്യൂട്ടി കോണ്‍സുല്‍ മുരളീധരന്റെ നേതൃത്വത്തിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: