സ്വന്തം ലേഖകന്‍
മലപ്പുറം: സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ സ്വകാര്യ ആശുപത്രികളും സ്വകാര്യ മെഡിക്കല്‍ കോളേജുകളുമുള്ള ജില്ലയാണ് മലപ്പുറം. പക്ഷേ ഇവിടെ സര്‍ക്കാര്‍ ആശുപത്രികളുടെ അവസ്ഥ വളരെ ദയനീയമാണ്. ഒരു മെഡിക്കല്‍ കോളേജും മൂന്ന് ജില്ലാ ആശുപത്രികളും മലപ്പുറം ജില്ലയിലുണ്ട്. കൂടാതെ താലൂക്ക് ആശുപത്രികളും പ്രാഥമിക-സാമൂഹ്യ ആരോഗ്യകേന്ദ്രങ്ങള്‍ വേറെയും. പക്ഷേ ഇതുകൊണ്ടൊന്നും സാധാരണക്കാര്‍ക്ക് യാതൊരു ഗുണവുമില്ലെന്നതാണ് സത്യം.
സ്വകാര്യ ആശുപത്രികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. പെരിന്തല്‍മണ്ണ കേന്ദ്രമാക്കി അഞ്ചോളം സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളുണ്ട്. ഈ കാരണത്താല്‍ ഹോസ്പിറ്റല്‍ സിറ്റി എന്നാണ് പെരിന്തല്‍മണ്ണ അറിയപ്പെടുന്നത്.
തൊഴിലാളിവര്‍ഗ്ഗ പാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന സിപിഎമ്മിനും ഇവിടെയൊരു മെഡിക്കല്‍ കോളേജുണ്ട്്. കമ്മ്യൂണിസ്റ്റ് ആചാര്യന് ഇഎംഎസിന്റെ പേരിലാണിത്. പക്ഷേ തൊഴിലാളികള്‍ക്കൊന്നും ഇവിടുത്തെ ബില്ല് താങ്ങാനാവില്ല.
കൂടുതല്‍ ജനസംഖ്യ ഉള്ളതുകൊണ്ട് കൂടുതല്‍ രോഗികളും മലപ്പുറത്താണ്. അന്താരാഷ്ട്ര നിലവാരമുള്ള ആശുപത്രികള്‍ കൂണുപോലെ മുളക്കാന്‍ പ്രധാനകാരണവും രോഗികളുടെ ഈ അതിപ്രസരമാണ്. എല്ലാവിധ ആധുനിക ചികിത്സകളും ഇത്തരം ആശുപത്രികളില്‍ ലഭ്യമാണെങ്കിലും സാധാരണക്കാരന് താങ്ങാനാവുന്നതിനപ്പുറമാണ് ഇവിടുത്തെ ചിലവുകള്‍.
പകര്‍ച്ചവ്യാധി പ്രതിരോധത്തില്‍ ഏറ്റവും പിന്നില്‍ നില്ക്കുന്ന മലപ്പുറത്തെ ജനങ്ങള്‍ ദുരിതത്തിലാണ്. ഒരു അസുഖം വന്നാല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പോയിട്ട് ഒരു കാര്യവുമില്ലാത്ത അവസ്ഥ. മഞ്ചേരി ജനറല്‍ ആശുപത്രിക്ക് മെഡിക്കല്‍ കോളേജെന്ന പേര് നല്‍കിയെന്നല്ലാതെ മറ്റൊരു ഗുണവുമില്ല. ജില്ലാ-താലൂക്ക് ആശുപത്രികളുടെ അവസ്ഥയും വിഭിന്നമല്ല. അടിസ്ഥാന സൗകര്യങ്ങളില്ലാതെ വീര്‍പ്പുമുട്ടുകയാണ് പലതും.
സ്വകാര്യ ആശുപത്രികളെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് പൊതുജനങ്ങള്‍ ആരോപിക്കുന്നു. സര്‍ക്കാര്‍ ആശുപത്രികളെ തീര്‍ത്തും അവഗണിക്കുകയാണ്. ഇതിനിടെ സ്വകാര്യ മെഡിക്കല്‍ കോളേജുകളുടെ കഴുത്തറപ്പന്‍ നടപടിയും മറനീക്കി പുറത്ത് വരുന്നുണ്ട്. കഴിഞ്ഞ ദിവസം പെരിന്തല്‍മണ്ണയിലെ ഒരു സ്വാകാര്യ ആശുപത്രി വാഹനാപകടത്തില്‍ മരിച്ചയാള്‍ക്ക് ഓപ്പറേഷന് നടത്തിയെന്ന് പറഞ്ഞ് 48000 രൂപ ബില്ലിട്ടത് വിവാദമായിരുന്നു. ഏതാനും മണിക്കൂറുകള്‍ മാത്രമാണ് ഇയാള്‍ ഐസിയുവില്‍ കിടന്നത്. അതിനിടെ ഓപ്പറേഷന് തിയറ്ററില്‍ ഒന്ന് കയറ്റുകയും മിനിട്ടുകള്‍ക്കുള്ളില്‍ തിരികെ ഐസിയുവിലേക്ക് മാറ്റുകയും ചെയ്തു. ബന്ധുക്കളെ തെറ്റിദ്ധരിപ്പിക്കാനുള്ള ആശുപത്രി അധികൃതരുടെ തന്ത്രമായിരുന്നു ഇത്. എന്നാല്‍ മരിച്ചയാളുടെ ബന്ധുക്കളും സുഹൃത്തുക്കളും പ്രതിഷേധവുമായി രംഗത്തെത്തിയതോടെ പണം വേണ്ടെന്ന് പറഞ്ഞ് ആശുപത്രി അധികൃതര്‍ തടിതപ്പി. ഇങ്ങനെ നിരവധി ചൂഷണങ്ങള്‍ക്കാണ് ദിവസവും ജനങ്ങള്‍ വിധേയരാകുന്നത്.
ആയുര്‍വേദ ചികിത്സയിലൂടെ ലോക ശ്രദ്ധയാകര്‍ഷിച്ച സ്ഥാപനമാണ് മലപ്പുറം ജില്ലയിലെ കോട്ടക്കല്‍ ആര്യവൈദ്യശാല. കോട്ടക്കല്‍ കേന്ദ്രമാക്കി ആയുര്‍വേദ സര്‍വകലാശാല സ്ഥാപിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും നടപടികള്‍ എങ്ങുമെത്തിയിട്ടില്ല. ഇതിന് പിന്നിലും സ്വകാര്യലോബിയുടെ കറുത്ത കരങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി ആരോപണമുണ്ട്. അപ്രത്യക്ഷമായിരുന്ന ഡിഫ്തീരിയ അടക്കമുള്ള പകര്‍ച്ചവ്യാധികള്‍ ജില്ലയെ കാര്‍ന്നുതിന്നുമ്പോഴും സര്‍ക്കാര്‍ ആശുപത്രികള്‍ നാശത്തിലേക്ക് നീങ്ങുകയാണ്. പണമുള്ളവന് മാത്രം ചികിത്സിച്ചാല്‍ മതിയെന്ന മനോഭാവമാണ് സര്‍ക്കാരിനും ആരോഗ്യവകുപ്പിനും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: