രഞ്ജിത്ത് ഏബ്രഹാം തോമസ്
പെരിന്തല്‍മണ്ണ: അരിയെത്ര എന്ന് ചോദിക്കുമ്പോള്‍ പയര്‍ അഞ്ഞാഴി എന്ന് പറയുന്ന ഒരു വിഭാഗം രാഷ്ട്രീയ നേതാക്കന്മാരാണ് ആധുനിക പെരിന്തല്‍മണ്ണയുടെ കാവലാളന്മാര്. നഗരത്തിലെ ഗതാഗതക്കുരുക്കിനെ പറ്റി ചോദിച്ചാല്‍ പുതിയ ബസ് സ്റ്റാന്‍ഡ് ഉടന്‍ നിര്‍മ്മിക്കുമെന്ന് മറുപടി പറയും. നിലവില്‍ സ്റ്റാന്‍ഡുകള്‍ ഇല്ലേയെന്ന് ചോദിച്ചാല്‍ അത് ചരിത്രപരമായ മണ്ടത്തരം ആയിരുന്നെന്ന് പറയാതെ പറയും. എന്നാല്‍ പിന്നെ പുതിയ ബസ് സ്റ്റാന്‍ഡ് എപ്പോള്‍ വരുമെന്ന് ചോദിച്ചാലോ നിര്‍വികാരമായി ആകാശത്തേക്ക് നോക്കും. കാരണം, ഭൂമിയിലേക്ക് നോക്കിയാല്‍ രൂക്ഷമായ ഗതാഗതക്കുരുക്ക് കൊണ്ട് ഒന്നും കാണാന്‍ കഴിയില്ല. അതുകൊണ്ട് മാനം കാക്കാന്‍ മാനം തന്നെ ശരണം. പെരിന്തല്‍മണ്ണയിലെ അഴിയാക്കുരുക്കുകള്‍ തേടിയുള്ള ജന്മഭൂമിയുടെ അന്വേഷണം തുടരുന്നു.
മാര്‍ക്കറ്റ് മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യം
ടൗണിനുള്ളില്‍ തന്നെയാണ് ഇപ്പോള്‍ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നത്. ചില്ലറ-മൊത്ത വ്യാപാര സ്ഥാപനങ്ങളെ കൂടാതെ മാംസ-മത്സ്യ-പച്ചക്കറി മാര്‍ക്കറ്റും ഇതിനുള്ളിലാണ്. നഗരപരിധിയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ദിവസേന വന്നുപോകുന്നതും ഇവിടെയാണ്. എന്നാല്‍ മാര്‍ക്കറ്റിലെത്തുന്നവര്‍ സ്ഥലപരിമിതി മൂലം വീര്‍പ്പുമുട്ടുകയാണ്. ഇരുചക്ര വാഹനങ്ങളൊഴികെ മറ്റൊന്നും പാര്‍ക്ക് ചെയ്യാന്‍ ഇടമില്ല. എന്നാലും അധികം പേരും വാഹനങ്ങളുമായി മാര്‍ക്കറ്റിനുള്ളില്‍ കയറും. നിര്‍ഭാഗ്യത്തിന് നാലുചക്ര വാഹനങ്ങള്‍ ഏതെങ്കിലുമൊന്ന് ഇതിനുള്ളില്‍ കുടുങ്ങിയാല്‍ ആ കുരുക്ക് അവസാനിക്കുന്നത് ദേശീയ പാത 213ല്‍ ആയിരിക്കും. തീര്‍ന്നില്ല, മാര്‍ക്കറ്റിനുള്ളില്‍ നിന്ന് ഓരോ മണിക്കൂറും പുറത്തിറങ്ങുന്നത് നൂറുകണക്കിന് ആളുകളാണ്. ഇവരൊക്കെ ബസ് കാത്ത് നില്‍ക്കുന്നത് പെരുവഴിയിലും. അതുകൊണ്ട് നഗരത്തിലെ കുരുക്കിന്റെ പ്രധാന കാരണങ്ങളിലൊന്നാണ് ഈ മാ ര്ക്കറ്റെന്ന് നിസംശയം പറയാം. പുതിയ ബസ് സ്റ്റാന്‍ഡിന് അടുത്തായി മാര്‍ക്കറ്റ് മാറ്റി സ്ഥാപിക്കുകയെന്നതാണ് ഇതിനുള്ള ഏക പരിഹാരം. അതോടെ ബസ് കാത്തുനില്ക്കുന്നവരുടെ എണ്ണം കുറയും. പുതിയ ബസ് സ്റ്റാന്‍ഡിനോട് ചേര്‍ത്ത് ”പെയ്ഡ് പാര്‍ക്കിംഗ് ഏരിയകളും” സ്ഥാപിച്ചാല്‍ അനിയന്ത്രിത പാര്‍ക്കിംഗും ഒഴിവാകും. കുറഞ്ഞ പക്ഷം ഇത്രയെങ്കിലും ചെയ്താല്‍ നാട് മുഴുവന്‍ ചന്തയാണെന്ന നാടന്‍ പ്രയോഗവും മാറിക്കിട്ടും.
സ്കൂള്‍ സമയം പുനക്രമീകരിക്കണം
രാവിലെ എട്ട് മണി മുതല്‍ 10.30 വരെയും ഉച്ചക്ക് 3.30 മുതള്‍ ആറ് വരെയുമാണ് നഗരത്തില്‍ ഏറ്റവും അധികം തിരക്ക് അനുഭവപ്പെടുന്നത്. ഇതിന് പ്രധാന കാരണം വിദ്യാലയങ്ങളിലേക്ക് പോകുകയും വരികയും ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെയും വാഹനങ്ങളുടെയും ബാഹുല്യമാണ്. അതുകൊണ്ട് തന്നെ വിദ്യാലയങ്ങളെ രണ്ടോ മൂന്നോ വിധത്തില്‍ തരം തിരിച്ച് പ്രത്യേക സമയക്രമീകരണം നല്‍കണമെന്ന് രക്ഷിതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെടുന്നു. ഇങ്ങനെ ചെയ്താല്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ഒരേസമയം റോഡിലിറങ്ങുന്ന അവസ്ഥ ഒഴിവാക്കാം. ബസുകളിലെ തിരക്കും റോഡിലെ കുരുക്കും കുറക്കാം. എന്നാല്‍ ഇത് നടപ്പിലാക്കാന്‍ ഉദ്യോഗസ്ഥരും നിയമപാലകരും വിദ്യാലയ അധികാരികളും പ്രത്യേകം താല്പര്യമെടുക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: