പെണ്‍കുട്ടികള്‍ കൈയൊപ്പ് ചാര്‍ത്താത്ത മേഖലകളുടെ എണ്ണം ഇന്ന് കുറഞ്ഞുകുറഞ്ഞുവരുന്നു. ഏത് മേഖലയിലേക്കും ധൈര്യപൂര്‍വ്വം കടന്നുചെല്ലാനുള്ള കരുത്ത് അവള് ആര്‍ജ്ജിച്ചിരിക്കുന്നു. സ്വജീവനെപ്പോലും വെല്ലുവിളിച്ചുകൊണ്ട് കഠിനം എന്ന് കരുതുന്ന മേഖലകളില്‍പോലും മികവ് തെളിയിക്കുന്നു. രാജ്യത്തിന്റെ അതിര്‍ത്തി കാക്കാന്‍ സ്വന്തം ജീവിതംപോലും തൃണവല്ക്കരിച്ച് മുന്‍നിരയില്‍ നില്ക്കുന്ന വനിതകളുമുണ്ട്. എന്നാല്‍ സൈനികര്‍ക്കുവേണ്ടി ആയോധന കലകള്‍ പരിശീലിപ്പിക്കുന്ന പെണ്ണിനെക്കുറിച്ച് കേട്ടിട്ടുണ്ടോ?. ഇല്ല എങ്കില്‍ അത്തരത്തില്‍ ഒരേയൊരു പെണ്‍കുട്ടി ഭാരതത്തിലുണ്ട്, കമാണ്ടോ പരിശീലകയായ ഡോ. സീമാ റാവു. കഴിഞ്ഞ ഇരുപത് വര്‍ഷമായി സീമ ഈ രംഗത്തുണ്ട്. പ്രതിഫലമൊന്നും സ്വീകരിക്കാതെയുള്ളതാണ് ഈ സേവനം എന്നുകൂടി പറഞ്ഞാലെ അതിനൊരു പൂര്‍ണത കൈവരൂ.
കോമ്പാക്ട് ഷൂട്ടിങ് ഇന്‍സ്ട്രക്ടര്‍, ഫയര്‍ ഫൈറ്റര്‍, സ്കൂബ ഡ്രൈവര്‍, മലകയറ്റം, മിസ് ഇന്ത്യാ വേള്‍ഡ് ഫൈനലിസ്റ്റ് എന്നീ വിശേഷണങ്ങളും സീമയ്ക്ക് സ്വന്തം. പോര്‍ച്ചുഗീസുകാരില്‍ നിന്നും ഗോവയെ മോചിപ്പിക്കുന്നതിനായി പ്രയത്നിച്ചവരില്‍ ഒരാളായ സ്വാതന്ത്ര്യസമര സേനാനി പ്രൊഫ. രാമകാന്ത് സിനാരിയുടെ മകളാണ് സീമ റാവു. കുട്ടിക്കാലം മുതലേ സീമ കേട്ടുവളര്‍ന്നത് ഭാരതം സ്വാതന്ത്ര്യം നേടുന്നതിനായി പിന്നിട്ട പോരാട്ടവഴികളുടെ കഥകളാണ്. അങ്ങനെ ആഴത്തില്‍ പതിഞ്ഞ ദേശസ്നേഹം ഒന്നു കൊണ്ടുതന്നെ രാജ്യത്തെ സേവിക്കണമെന്ന് സീമ അതിയായി ആഗ്രഹിക്കുകയും ചെയ്തു. മേജര്‍ ദീപക് റാവുവിനെ തന്റെ പതിനാറാമത്തെ വയസ്സില്‍ കണ്ടുമുട്ടിയതോടെയാണ് ആ ആഗ്രഹം സാക്ഷാത്കരിക്കപ്പെടുന്നത്. 12-ാം വയസ്സില്‍ മാര്‍ഷ്യല്‍ ആര്‍ട്സില്‍ പരിശീലനം നേടിയ ദീപക്, സീമയ്ക്ക് പ്രചോദനമായി.
ദീപക് തന്നെ സീമയുടെ ജീവിത പങ്കാളിയുമായി. വിവാഹശേഷവും ഇരുവരും ആയോധന കലയില്‍ കൂടുതല്‍ മികവ് നേടാനുള്ള പരിശ്രമം തുടര്‍ന്നുകൊണ്ടിരുന്നു. അതോടൊപ്പം തന്നെ മെഡിക്കല്‍ ബിരുദപഠനവും അവര്‍ തുടര്‍ന്നു. സീമ ക്രൈസിസ് മാനേജ്മെന്റില്‍ എംബിഎയും പൂര്‍ത്തിയാക്കി. നേടിയ അറിവ് രാജ്യത്തിന് വേണ്ടി പ്രയോജനപ്പെടുത്തുക എന്നതായിരുന്നു സീമയുടേയും ദീപക്കിന്റേയും തീരുമാനം. രാജ്യത്തെ സൈനികര്‍ക്ക് മാര്‍ഷ്യല്‍ ആര്‍ട്സില്‍ പരിശീലനം നല്‍കുക എന്ന തീരുമാനത്തിലാണ് ഒടുവില്‍ അവര്‍ എത്തിച്ചേര്‍ന്നത്, അതും സൗജന്യമായി. 1996 ലാണ് ഈ ആശയവുമായി കര, നാവിക, ബിഎസ്എഫ്, എന്‍എസ്ജി മേധാവികളെ സമീപിക്കുന്നത്. ഈ പുത്തന്‍ ആശയത്തില്‍ താല്പര്യം തോന്നിയ മേധാവികള്‍ അതിന് അനുമതിയും നല്കി.
പിന്നീട് ദീപക്കിനും സീമയ്ക്കും തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഭാരതത്തിലെ വിവിധ സൈനിക വിഭാഗങ്ങള്‍ക്ക് കഴിഞ്ഞ ഇരുപത് വര്‍ഷമായി കായിക-ആയുധ പരിശീലനം നല്‍കിവരികയാണ് ഇരുവരും. എന്നാല്‍ ആ യാത്ര അത്ര സുഗമമായിരുന്നില്ല. വിവാഹശേഷം സാമ്പത്തികമായി പ്രതിസന്ധിയുണ്ടായെങ്കിലും അധ്വാനത്തിന് ഒരു രൂപപോലും പ്രതിഫലം പറ്റില്ല എന്നതീരുമാനത്തില് ഉറച്ചുനിന്നു. പരിശീലനത്തിന്റെ ഭാഗമായി സുരക്ഷിതമല്ലാത്ത, വാസയോഗ്യമല്ലാത്ത പ്രദേശങ്ങളിലൂടെയെല്ലാം സീമയ്ക്ക് തുടര്‍ച്ചയായി യാത്ര ചെയ്യേണ്ടിയും വന്നിട്ടുണ്ട്. അത്തരമൊരു യാത്രയ്ക്കിടയിലാണ് പിതാവിന്റെ മരണം. അതുകാരണം അദ്ദേഹത്തിന്റെ ശവസംസ്കാര ചടങ്ങിന് എത്തിച്ചേരാനും സീമയ്ക്ക് സാധിച്ചില്ല.
സമര്‍പ്പണമനോഭാവവും ജോലിയുടെ സ്വഭാവവും കാരണം സ്വന്തമായൊരു കുഞ്ഞിനെപ്പോലും വേണ്ടെന്നുവച്ചു സീമയും ദീപക്കും. പകരം ഒരു പെണ്‍കുഞ്ഞിനെ ദത്തെടുത്തു.
ജോലിക്കിടെ നിരവധി അപകടങ്ങളെയും അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട് സീമയ്ക്ക്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് മാസങ്ങളോളം ഓര്മ നഷ്ടപ്പെടുകയും ചെയ്തു. ഭീകരര്‍ക്കുനേരെ നിറയൊഴിക്കുകയും ചെയ്തിട്ടുണ്ട് സീമ. എന്‍എസ്ജി ബ്ലാക് കാറ്റ്സ്, ഗരുഡ്, പാരാ കമാന്‍ഡോസ്, മാര്‍കോസ്, നാഷണല്‍ പോലീസ് അക്കാദമി, ആര്‍മി ഓഫീസേഴ്സ് ട്രയിനിങ് അക്കാദമി എന്നിവിടങ്ങളിലെല്ലാം സീമ പരിശീലനം നല്‍കുന്നുണ്ട്. സൈന്യത്തിന് പുറത്തുനിന്നും ഭാരത സര്‍ക്കാര്‍ നിയമിച്ചിട്ടുള്ള ഏക പരിശീലകയാണ് സീമ. നാല് സൈനിക മേധാവികളില്‍ നിന്നും സീമ പ്രശസ്തി ഫലകവും സ്വീകരിച്ചിട്ടുണ്ട്.
ഭാരത സൈന്യത്തിനുവേണ്ടി ക്ലോസ് ക്വാട്ടര്‍ ബാറ്റിലിന്റെ ആധുനിക രീതിയും സീമയും ദീപക്കും ചേര്‍ന്ന് വികസിപ്പിച്ചിട്ടുണ്ട്. സൈനിക ആയോധന കലകള്‍ പരിശീലിപ്പിക്കുന്നതിനായി അണ് ആംമ്ഡ് കമാന്‍ഡോ കോമ്പാക്ട് അക്കാദമിയും ഇരുവരും ചേര്‍ന്ന് സ്ഥാപിച്ചിട്ടുണ്ട്. ക്ലോസ് ക്വാര്‍ട്ടര്‍ ബാറ്റില്‍ പരിശീലനം സംബന്ധിച്ച് ലോകത്തിലെ തന്നെ ആദ്യത്തെ എന്‍സൈക്ലോപീഡിയ എന്ന് വിശേഷിപ്പിക്കാവുന്ന എന്‍സൈക്ലോപീഡിയ ഓഫ് ക്ലോസ് കോമ്പാക്ട് ഒപ്സ് എന്ന് പേരിട്ടിരിക്കുന്ന പുസ്തകം എഫ്ബിഐയുടെ ലൈബ്രറിയിലും ഇന്റര്‍പോളിന്റെ ലൈബ്രറിയിലും ഇടംനേടിയിട്ടുണ്ട്.
സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ ഡെയര്‍ (DARE ഡിഫന്‍സ് എഗൈന്‍സ്റ്റ് റേപ്പ് ആന്‍ഡ് ഈവ് ടീസിങ്) എന്നൊരു പ്രത്യേക പദ്ധതിയും സീമ തയാറാക്കിയിണ്ട്. മാനസികമായും ശാരീരികമായും സ്ത്രീയെ ശക്തയാക്കുകയെന്നതാണ് ഇതിന്റെ ലക്ഷ്യം. ഭാരതത്തിലെ ആദ്യത്തെ മാര്‍ഷ്യല്‍ ആര്‍ട്സ് ചിത്രമായ ഹതപായിയുടെ നിര്‍മാതാവാണ് സീമ. കൂടാതെ ഇതില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ബ്രൂസ് ലി ആവിഷ്കരിച്ച ആയോധന കലയായ ജീത് കുനെ ഡോ ചിത്രീകരിച്ചിരിക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമയാണ് ഹതപായി.
20 വര്‍ഷത്തെ സ്തുതര്‍ഹ്യമായ സേവനങ്ങള്‍ പരിഗണിച്ച് നിരവധി പുരസ്കാരങ്ങളും സീമയെത്തേടിയെത്തിയിട്ടുണ്ട്. രാഷ്ട്രപതി പുരസ്കാരം, യുഎസ് പ്രസിഡന്റിന്റെ വോളന്റിയര്‍ സര്‍വീസ് അവാര്‍ഡ്, വേള്‍ഡ് പീസ് പുരസ്കാരം തുടങ്ങിയവ ഇതില്‍പ്പെടുന്നു.
ഇതുവരെയായി 15,000 ത്തോളം സൈനികര്‍ക്ക് ക്ലോസ് ക്വാര്‍ട്ടര്‍ ബാറ്റിലില്‍ പരിശീലനം നല്‍കിക്കഴിഞ്ഞു. തന്റെ സേവനം അടുത്തെങ്ങും അവസാനിപ്പിക്കാനും സീമ ഉദ്ദേശിക്കുന്നില്ല. സാധാരണ ഒരാള്‍ക്കും അസാധാരണമായ വിധത്തില്‍ രാജ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്ന് ഈ നാല്‍പ്പത്തിയേഴുകാരി തെളിയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: