കേരളത്തിന്റെ ദാക്ഷായണി എന്ന പിടിയാന ഗിന്നസ് വേൾഡ് റെക്കോർഡ് ബുക്കിലേക്ക്. ലോകത്തെ ജീവിച്ചിരിക്കുനതിൽ ഏറ്റവും പ്രായം ചെന്ന ആന എന്ന റെക്കോർഡാണ് നമ്മുടെ 86കാരിയായ ദാക്ഷായണി സ്വന്തമാക്കാൻ പോകുന്നത്.
മുത്തശ്ശിയുടെ പ്രായമുണ്ടെങ്കിലും ദാക്ഷായണി ഇപ്പോഴും സുന്ദരി തന്നെയാണ്. പ്രായാധിക്യം ദാക്ഷായണിയെ തളർത്തിയിട്ടില്ലെന്ന് ഒരു മാത്രയിൽ വീക്ഷിച്ചാൽ ആർക്കും മനസിലാകും. എന്തായാലും ദാക്ഷായണിയുടെ ഈ പ്രായത്തെ അംഗീകരിക്കാൻ വേണ്ടി തന്നെയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഗിന്നസ് അധികൃതർക്ക് കത്ത് അയച്ചത്. ഉടൻ തന്നെ ഗിന്നസ് ബുക്ക് അധികൃതരുടെ ഭാഗത്ത് നിന്നും ദാക്ഷായണിക്കുള്ള അംഗീകാരം ലഭിക്കുമെന്നാണ് ദേവസ്വം ബോർഡ് പ്രതീക്ഷിക്കുന്നത്.
തിങ്കളാഴ്ച തിരുവിതാംകൂർ ദേവസ്വം ബോർഡ് ചേർന്ന യോഗത്തിൽ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണനാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ദാക്ഷായണിയുടെ പ്രായം തെളിയിക്കുന്ന എല്ലാ ഔദ്യോഗിക രേഖകളും തങ്ങളുടെ പക്കലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതിനു പുറമെ വനം വകുപ്പിൽ ദാക്ഷായണിയുടെ എല്ലാ രേഖകളും സൂക്ഷിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്തായാലും തിരുവിതാംകൂർ ദേവസ്വം ബോർഡ് ബുധനാഴ്ച ദാക്ഷായണിക്ക് ആദരവ് നൽകുന്ന ചടങ്ങ് സംഘടിപ്പിച്ചിട്ടുണ്ട്. കേരള സർക്കിളിൽ ദാക്ഷായണിയുടെ പേരിലുള്ള പോസ്റ്റൽ സ്റ്റാമ്പ് ഇറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ദാക്ഷായണിയെ ദേവസ്വം ബോർഡിന് തിരുവിതാംകൂർ രാജകുടുംബത്തിൽ നിന്നും സമ്മാനമായി ലഭിച്ചതാണ്.
ദാക്ഷായണിക്ക് ഗിന്നസ് ബുക്ക് റൊക്കോർഡ് ലഭിക്കുന്നതോടെ തായ്വാനിൽ നിന്നും 2003ൽ മണ്മറഞ്ഞ ആനയുടെ റെക്കോർഡ് പഴങ്കഥയാകുമെന്നതിൽ സംശമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: